വിശുദ്ധ ഖുര്‍ആനില്‍ ചില ആയത്തുകള്‍ പാരായണം ചെയ്താല്‍ സുജൂദ് ചെയ്യണം (സുജൂദുത്തിലാവത്ത്). അത് കേള്‍ക്കുന്നവനും സുജൂദ് ചെയ്യണം. നമസ്കാരത്തിലായിരുന്നാലും അല്ലെങ്കിലും അത് നിര്‍വഹിക്കണം. ഇത് പ്രബലമായ സുന്നത്താണ്. ആ സുജൂദിനുശേഷം തശഹ്ഹുദോ സലാം വീട്ടലോ വേണ്ടതില്ല. ഇബ്നുഉമര്‍(റ) പറയുന്നു: ''നബി(സ്വ) ഞങ്ങള്‍ക്കു ഖുര്‍ആന്‍ ഓതിത്തരും. സുജൂദിന്റെ ആയത്തുകള്‍ എത്തുമ്പോള്‍ അവിടുന്ന് തക്ബീര്‍ ചൊല്ലിക്കൊണ്ട് സുജൂദ് ചെയ്യും. ഞങ്ങളും സുജൂദ് ചെയ്യും'' (അബൂദാവൂദ്, ബൈഹഖി).
അബൂഹുറയ്റ(റ) വിവരിക്കുന്നു. റസൂല്‍(സ്വ) പറഞ്ഞു: ''മനുഷ്യന് സുജൂദിന്റെ ആയത്ത് ഓതി സുജൂദ് ചെയ്താല്‍ പിശാച് കരഞ്ഞ് ഒഴിഞ്ഞുപോകും. അവന് പറയും: നാശം! സുജൂദ് ചെയ്യാന്‍ അവന് കല്പിക്കപ്പെട്ടു. അവന് സുജൂദ് ചെയ്തു. അവന് സ്വര്‍ഗമുണ്ട്. സുജൂദ് ചെയ്യാന്‍ ഞാന്‍ കല്പിക്കപ്പെട്ടു. ഞാനത് അനുസരിച്ചില്ല. അതുകൊണ്ട് എനിക്ക് നരകം'' (അഹ്മദ്, മുസ്ലിം, ഇബ്നുമാജ).
ഖുര്‍ആനില്‍ സുജൂദിന്റെ ആയത്തുകള്‍ പതിനഞ്ച് സ്ഥലങ്ങളിലുണ്ട്. അവ താഴെ പറയുന്നു: (1) അഅ്റാഫ്:206 (2) റഅ്ദ്:15 (3) നഹ്ല്:49,50 (4) ഇസ്റാഅ്:107,109 (5) മര്‍യം:58 (6) ഹജ്ജ്:18 (7) ഹജ്ജ്:77 (8) ഫുര്‍ഖാന്‍:60 (9) നംല്:25,26 (10) സജദ:15 (11) സ്വാദ്:24 (12) ഫുസ്വിലത്ത്:37,38 (13) നജ്മ്:62 (14) ഇന്‍ശിഖാഖ്:21 (15) അലഖ്:19. ഇതിലെ ഓരോ ആയത്തും ഓതിത്തീര്‍ന്ന ശേഷമാണ് സുജൂദ് ചെയ്യേണ്ടത്.
നമസ്കാരത്തിന്റെ ശര്‍ത്വുകളായ ശുദ്ധി (വുദൂ), നഗ്നത മറയ്ക്കല്‍, ഖിബ്ലയ്ക്ക് അഭിമുഖമായിരിക്കല്‍ എന്നിവ ഈ സുജൂദിന്റെ ശര്ത്വാണെന്ന് ചില കര്‍മശാസ്ത്ര പണ്ഡിതന്മാര് പറയുന്നു. എന്നാല്‍ വുദൂ ഇല്ലാതെത്തന്നെ ഇബ്നുഉമര്‍(റ) പാരായണത്തിന്റെ സുജൂദ് ചെയ്തിട്ടുണ്ട്. ഇമാം ശുഅബി മാത്രമാണ് അദ്ദേഹത്തിന്റെ ഈ നടപടിയോട് യോജിക്കുന്നത്. നബി(സ്വ) ഖുര്‍ആന്‍ ഓതി സുജൂദ് ചെയ്തപ്പോള്‍ ചുറ്റുമുണ്ടായിരുന്നവരൊക്കെ സുജൂദ് ചെയ്തു. അവര്‍ക്കെല്ലാം വുദൂ ഉണ്ടായിരുന്നുവെന്ന് വിചാരിക്കാന്‍ വയ്യ. അബൂ അബ്ദിര്‍റഹ്മാനിസ്സലമിയും വുദൂ ഇല്ലാതെ ഖുര്‍ആന്‍ പാരായണം നടത്തുകയും സുജൂദ് ഖിബ്ലയുടെ നേര്‍ക്കല്ലാതെ നിര്‍വഹിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
ഈ സുജൂദില്‍, സജദ വജ്ഹിയ ലില്ലദീ ഖലഖഹു വ സ്വവ്വറഹു വ ശഖ്ഖ സംഅഹു വ ബസ്വറഹു ബി ഹൗലിഹി വഖുവ്വത്തിഹി (തന്റെ കഴിവും ശക്തിയും കൊണ്ട്, മുഖം സൃഷ്ടിക്കുകയും അതിനെ രൂപപ്പെടുത്തുകയും അതില്‍ കണ്ണും കാതും സംവിധാനിക്കുകയും ചെയ്തവന് ഞാനെന്റെ മുഖത്താല്‍ സാഷ്ടാംഗം ചെയ്തിരിക്കുന്നു.) എന്ന പ്രാര്‍ഥന നബി(സ്വ) നിര്‍വഹിച്ചിരുന്നു.
ഇതല്ലാതെ സുജൂദില്‍ ചൊല്ലാവുന്ന ഏതു പ്രാര്‍ഥനയും നിര്‍വഹിക്കാം.
നമസ്കാര വേളയില്‍ മേല്പറഞ്ഞ ആയത്തുകള്‍ ഇമാമോ, തനിയെ നമസ്കരിക്കുന്നവനോ ഓതിയാല്‍ സുജൂദ് ചെയ്യാം. അത് ഉറക്കെ ഓതേണ്ട നമസ്കാരത്തിലും പതുക്കെ ഓതേണ്ട നമസ്കാരത്തിലും ആവാം.
തിലാവത്തിന്റെ സുജൂദ് ഒന്ന് മതി .