നബി(സ്വ) ഇമാമായി നമസ്‌കരിച്ചപ്പോഴെല്ലാം അല്പസമയം അവിടെ ഇരിക്കുകയും പിന്നീട് എഴുന്നേറ്റു പോവുകയോ ജനങ്ങള്‍ക്ക് അഭിമുഖമായി ഇരിക്കുകയോ ആണ് ചെയ്തിട്ടുള്ളത്. എന്നിട്ട് ദിക്‌റുകളും പ്രാര്‍ ഥനകളും സ്വന്തമായി നിര്‍വഹിക്കും. മഅ്മൂമുകളും അങ്ങനെത്തന്നെ ചെയ്യും. പ്രവാചകന്റെ ഈ ചര്യക്ക് വിരുദ്ധമാണ് ഫര്‍ദ്വ് നമസ്‌കാരാനന്തരം കൂട്ടുപ്രാര്‍ഥന നടത്തുന്ന സമ്പ്രദായം. ഇതിനു ഇസ്‌ലാമിന്റെ അടി സ്ഥാന പ്രമാണങ്ങളായ ഖുര്‍ആനിലോ സുന്നത്തിലോ തെളിവുകളില്ല. കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലും തെളിവില്ലെന്നു മാത്രമല്ല, സലാം വീട്ടിക്കഴിഞ്ഞാല്‍ ഇമാം നമസ്‌കാര സ്ഥലത്തു നിന്ന് വേഗത്തില്‍ വിട്ടുപോകണമെന്നാണ് കര്‍മശാസ്ത്ര പണ്ഡിതര്‍ പറയുന്നത്. ഇമാം ശാഫിഈ തന്റെ 'അല്‍ഉമ്മി'ല്‍ രേഖപ്പെടുത്തുന്നു:
ഉമ്മുസലമ(റ) പറയുന്നു: ''നബി(സ്വ) നമസ്‌കാരത്തില്‍നിന്ന് വിരമിച്ചാല്‍ അവിടുന്ന് അല്പസമയം തന്റെ സ്ഥല ത്തിരിക്കുമായിരുന്നു. ഇബ്‌നുശിഹാബ് പറയുന്നു: അവിടുന്ന് ഇങ്ങനെ ഇരിക്കുന്നത് - അല്ലാഹുവിന്നറിയാം - പുരുഷന്മാര്‍ പിരിഞ്ഞു പോകുമ്പോള്‍ ഒപ്പം എത്താതിരിക്കാന്‍ കഴിയാത്തവിധം സ്ത്രീകള്‍ക്ക് നേരത്തെ പിരിഞ്ഞുപോകാന്‍ വേണ്ടിയായിരുന്നു.''
ഇമാം ശാഫിഈ ദിക്‌റിനെക്കുറിച്ച് പറയുന്നു: 'നമസ്‌കാരത്തില്‍നിന്ന് വിരമിച്ചു കഴിഞ്ഞാല്‍ ഇമാമും മഅ്മൂമും അല്ലാഹുവിനെ സ്മരിക്കണമെന്ന് (ദിക്‌റുകള്‍ ചൊല്ലണമെന്ന്) ഞാന്‍ അഭിപ്രായപ്പെടുന്നു. അവര്‍ ദിക്‌റുകള്‍ പതുക്കെ പറയണം; തന്നില്‍നിന്ന് ജനം പഠിക്കണമെന്ന് ഉദ്ദേശിക്കുന്ന ഇമാം ഒഴികെ. അയാള്‍ ഉച്ചത്തില്‍ ചൊല്ലണം. അങ്ങനെ ജനങ്ങള്‍ പഠിച്ചുവെന്ന് കണ്ടുകഴിഞ്ഞാല്‍ പിന്നെ പതുക്കെ ചൊല്ലണം. കാരണം അല്ലാഹു പറയുന്നു: ''നിന്റെ പ്രാര്‍ഥന നീ ഉറക്കെയാക്കുകയോ നന്നെ പതുക്കെയാക്കുകയോ ചെയ്യരുത്.'' അല്ലാഹു അറിയുന്നു: അതുകൊണ്ട് നീ ഉച്ചത്തിലാക്കുകയോ നീ തന്നെ കേള്‍ക്കാത്ത വിധം പതുക്കെയാക്കുകയോ ചെയ്യരുത്'' (അല്‍ഉമ്മ്: 1:127).
ഇമാം എന്ത് ചെയ്യണമെന്ന് ഇമാം ശാഫിഈ പറയുന്നു: ''ഉമ്മുസലമ(റ) പറഞ്ഞ പോലെ സ്ത്രീകള്‍ക്ക് പിരിഞ്ഞുപോകാന്‍ അവസരമൊരുക്കിക്കൊണ്ട് ഇമാം തന്റെ സ്ഥാനത്ത് ഇരിക്കുന്ന സമയത്ത് അല്ലാഹുവിനെ സ്മരിക്കുന്നതാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അവര്‍ പോയിക്കഴിഞ്ഞാല്‍ ഇമാം എഴുന്നേല്ക്കണം. ഇനി അതിനു മുമ്പേ എഴുന്നേല്ക്കുകയോ കുറച്ചധികം സമയം അവിടെ ഇരിക്കുകയോ ചെയ്താല്‍ അതുകൊണ്ട് വിരോധമൊന്നുമില്ല.''
ഇമാം ശാഫിഈ ഇവിടെ കാര്യം വ്യക്തമായി പറയുന്നു: അതായത്, ഇമാം പതുക്കെ ദിക്ര്‍ ചൊല്ലണം. നമസ്‌കാരം കഴിഞ്ഞാല്‍ സ്ത്രീകള്‍ എഴുന്നേറ്റു പോകാനുള്ള സൗകര്യത്തിനു വേണ്ടി മാത്രം അല്പസമയം നമസ്‌കരിച്ച സ്ഥലത്ത് ഇരിക്കാം. ഇരിക്കുന്ന സമയത്ത് സ്വന്തമായി ദിക്ര്‍ പതുക്കെ ചൊല്ലാമെന്നല്ലാതെ ഉറക്കെ പ്രാര്‍ഥിക്കാനോ മറ്റുള്ളവര്‍ ആമീന്‍ ചൊല്ലാനോ അദ്ദേഹം നിര്‍ദേശിക്കുന്നില്ല. ശാഫിഈയുടെ ഈ അഭിപ്രായങ്ങള്‍ സ്വീകരിച്ചു കൊണ്ടുതന്നെയാണ് മദ്ഹബിലെ പില്‍ക്കാല ഗ്രന്ഥകാരന്മാരും അഭിപ്രായങ്ങളെഴുതിയത്.
''പിറകില്‍ സ്ത്രീകളില്ലെങ്കില്‍ സലാംവീട്ടിയ ഉടനെ തന്റെ നമസ്‌കാര സ്ഥലത്തുനിന്ന് എഴുന്നേല്ക്കലാണ് ഇമാമിന് ശ്രേഷ്ഠമായ കാര്യം'' (തുഹ്ഫ 2:104, 105).
''ഇമാം എഴുന്നേറ്റു പോകണമെന്ന് പറഞ്ഞതുകൊണ്ട് അദ്ദേഹത്തിന് ദിക്‌റ് ചൊല്ലല്‍ സുന്നത്തില്ലെന്ന് വരുന്നില്ല; അത് അദ്ദേഹം എഴുന്നേറ്റു പോയി ഇരിക്കുന്ന സ്ഥലത്തുവെച്ച് ചെയ്യണം'' (തുഹ്ഫ: 2:105).
''ഇമാം ശാഫിഈയും അനുചരന്മാരും പറയുന്നു: തന്റെ പിറകില്‍ സ്ത്രീകളില്ലെങ്കില്‍ സലാംവീട്ടിയ ഉടനെ തന്റെ നമസ്‌കാര സ്ഥലത്തുനിന്ന് എഴുന്നേറ്റ് പോകല്‍ ഇമാമിന് അഭികാമ്യമാണ്. ഇമാം ശാഫിഈ മുഖ്ത സ്വറില്‍ പറഞ്ഞത് അപ്രകാരമാണ്. അനുചരന്മാര്‍ക്ക് അതിനോട് അഭിപ്രായ ഐക്യമാണുള്ളത്. എന്നാല്‍ പിറകില്‍ സ്ത്രീകളുണ്ടെങ്കില്‍, പിരിഞ്ഞുപോകുന്ന പുരുഷന്മാര്‍ക്ക്, ഏറ്റവും പിറകില്‍ പോകുന്ന സ്ത്രീയെ കണ്ടുമുട്ടാന്‍ ഇടവരാത്ത നിലയ്ക്ക് അവര്‍ ഒഴിഞ്ഞു പോകുന്നതുവരെ ഇമാമും മറ്റു പുരുഷന്മാരും കുറച്ചു സമയം അവിടെ അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് ഇരിക്കേണ്ടതാണ്.
ഇമാം സലാം വീട്ടിയാല്‍ എഴുന്നേറ്റുപോകല്‍ സ്ത്രീകള്‍ക്ക് അഭികാമ്യമാകുന്നു. അങ്ങനെ അവര്‍ എഴുന്നേറ്റു പോയാല്‍ ഇമാമും മറ്റുള്ളവരും എഴുന്നേറ്റു പോകണം. ഗ്രന്ഥകാരന്‍ (ശറഹുല്‍ മുഹദ്ദബ്) ഉദ്ധരിച്ച ഉമ്മുസലമ(റ)യുടെ ഹദീസാണ് ഈ അഭിപ്രായത്തിന് ഇമാം ശാഫിഈയും അനുചരന്മാരും തെളിവായെടുത്തത്. ഉമ്മുസലമ(റ) പറയുന്നു: 'നബി(സ്വ) സലാം വീട്ടിക്കഴിയുമ്പോള്‍ സ്ത്രീകള്‍ എഴുന്നേല്ക്കുമായിരുന്നു. പുരുഷന്മാര്‍ക്ക് ഒപ്പമെത്താന്‍ കഴിയാത്തവിധം സ്ത്രീകള്‍ എഴുന്നേറ്റ് പോകാന്‍ വേണ്ടി നബി(സ്വ) കുറച്ചു സമയം അവിടെ ഇരിക്കുമായിരുന്നു'' (ശര്‍ഹുല്‍മുഹദ്ദബ് 3:489).
ഇതേ ആശയത്തിലുള്ള വാക്യങ്ങള്‍ എല്ലാ ഫിഖ്ഹ് ഗ്രന്ഥങ്ങളിലും കാണാം. ഈ വാക്യങ്ങളില്‍നിന്ന് വ്യക്തമാകുന്ന ഒരു കാര്യം കൂടിയുണ്ട്. സര്‍വ സാധാരണയായി പ്രവാചകനോടൊപ്പം ജമാഅത്തുകളില്‍ സ്ത്രീകള്‍ പങ്കെടുത്തിരുന്നു. അത് മദ്ഹബിലെ ഇമാമുകളും പണ്ഡിതന്മാരും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
മുകളില്‍ പറഞ്ഞ അഭിപ്രായങ്ങളില്‍ ഒന്നും തന്നെ ഇമാം ഉറക്കെ പ്രാര്‍ഥിക്കണമെന്നും കൂടെയുള്ളവര്‍ ആമീന്‍ ചൊല്ലണമെന്നും പറയുന്നില്ല.