Skip to main content

സ്ത്രീ പള്ളിപ്രവേശവും ഇമാമുകളും

പള്ളിയില്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ വരുന്നതിനെ നബി(സ്വ) അംഗീകരിക്കുകയും അനുവദിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പില്‍ക്കാലത്ത് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പള്ളിയില്‍ സ്ത്രീകളുടെ പ്രവേശനം അംഗീകരിക്കുകയും ആവശ്യമായ നിബന്ധനകള്‍ വെക്കുകയും ചെയ്തു. ഈ വിഷയ സംബന്ധമായി ഭിന്നവീക്ഷണങ്ങള്‍ ഉള്ളതിനാല്‍ ഏതാനും ഉദ്ധരണികള്‍ ഇവിടെ ചേര്‍ക്കുന്നത് ഉചിതമാണ്.

ഇമാം ശാഫിഈ പറയുന്നു: ''മാറ്റം വന്ന ഗന്ധം ഒഴിവാക്കുന്ന വിധമുള്ള വൃത്തി അവര്‍ക്ക് (സ്ത്രീകള്‍ക്ക്) ഉണ്ടാകുന്നത് ഞാനിഷ്ടപ്പെടുന്നു. സുഗന്ധം പൂശലും ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തിലുള്ള വെളുത്തതോ അതുപോലുള്ളതോ ആയ വസ്ത്രം അവര്‍ക്കുണ്ടാകുന്നതും ഞാന്‍ വെറുക്കുന്നു. ഇനി അവര്‍ സുഗന്ധം പൂശുകയും ഞാന്‍ വെറുക്കുന്ന കാര്യം ചെയ്യുകയും ചെയ്താലും നമസ്‌കാരം അവര്‍ മടക്കി നമസ്‌കരിക്കേണ്ടതില്ല'' (അല്‍ഉമ്മ്).

''സ്ത്രീകള്‍ പള്ളിയില്‍ വരണമെന്ന് ഉദ്ദേശിച്ചാല്‍ വെള്ളം കൊണ്ട് ശരീരം വൃത്തിയാക്കുക. സുഗന്ധം പൂശരുത്. ജനശ്രദ്ധയാകര്‍ഷിക്കുന്ന വസ്ത്രം ധരിക്കരുത്. ഈ പറഞ്ഞത് ''അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളിയില്‍നിന്ന് നിങ്ങള്‍ തടയരുത്, സുഗന്ധം പൂശാതെ അവര്‍ പുറപ്പെടട്ടെ'' എന്ന നബി(സ്വ)യുടെ വാക്കിന്റെ അടിസ്ഥാനത്തിലാണ്'' (ഇമാം നവവിയുടെ ശര്‍ഹുല്‍മുഹദ്ദബ് 5:8).

''സ്ത്രീ ജുമുഅയില്‍ പങ്കെടുക്കാന്‍ ഉദ്ദേശിച്ചാല്‍ അത് മറ്റു നമസ്‌കാരങ്ങളില്‍ അവര്‍ പങ്കെടുക്കുന്നതുപോലെ  തന്നെയാണ് (ശര്‍ഹുല്‍മുഹദ്ദബ് 4:496). 

''അവളില്‍ സുഗന്ധമോ അലങ്കാരമോ പ്രകടമായി കണ്ടാല്‍ അവളെ ഇമാമിനോ അദ്ദേഹത്തിന്റെ പ്രതിനിധിക്കോ ആ സമയത്ത് തടയാവുന്നതാണ്'' (തുഹ്ഫ 2:252). 

''ഇമാമും മഅ്മൂമും തമ്മിലുള്ള അകലം ഏതാണ്ട് മൂന്ന് അടിയേക്കാള്‍ കൂടാതിരിക്കലാണ് സുന്നത്ത്. എല്ലാ രണ്ടു സ്വഫ്ഫുകള്‍ക്കുമിടയിലെന്ന പോലെ. എന്നാല്‍  സ്ത്രീകളാകട്ടെ വളരെയേറെ പിന്നോട്ട് മാറി നില്ക്കു ന്നതാണ് അഭിലഷണീയം'' (ശര്‍വാനി 2:302). 

''ഒരു സ്ത്രീ അല്ലെങ്കില്‍ കുറെസ്ത്രീകള്‍ മാത്രം പങ്കെടുത്താല്‍ അവള്‍ അല്ലെങ്കില്‍ അവര്‍ നബി ചര്യയനുസരിച്ച് ഇമാമിന്റെ പിറകില്‍ നില്ക്കണം; അവര്‍ സ്വന്തക്കാരാണെങ്കിലും (തുഹ്ഫ 3:36).

ഇമാമിന്റെ പിറകില്‍ പുരുഷന്മാര്‍, പിന്നെ കുട്ടികള്‍, പിന്നെ സ്ത്രീകള്‍ എന്ന ക്രമത്തില്‍ നില്ക്കണം'' (ഫത് ഹുല്‍മുഈന്‍). 

ഇതുപോലെ ഈ വിഷയവുമായി ബന്ധപ്പെട്ട നിരവധി അഭിപ്രായങ്ങള്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിരുപാധികമായി സ്ത്രീകള്‍ പള്ളിയില്‍ നമസ്‌കാരത്തില്‍ പങ്കെടുക്കരുതെന്ന് പൂര്‍വിക പണ്ഡിത രാരും പറഞ്ഞിട്ടില്ല. 

ആഇശ(റ) പറയുന്നു: ''സത്യവിശ്വാസിനികളായ സ്ത്രീകള്‍ പ്രവാചകനോടൊപ്പം അവരുടെ വസ്ത്രങ്ങള്‍ കൊണ്ട് പുതച്ച് സ്വുബ്ഹ് നമസ്‌കാരത്തില്‍ പങ്കെടുത്തിരുന്നു. നമസ്‌കാരം അവസാനിച്ചാല്‍ അവരുടെ ഭവനങ്ങളിലേക്ക് അവര്‍ തിരിച്ചു പോയിരുന്നു. ഇരുട്ടു നിമിത്തം അവരെ തിരിച്ചറിയുമായിരുന്നില്ല'' (ബുഖാരി). 

സ്ത്രീകള്‍ക്ക് ജുമുഅയിലും പങ്കെടുക്കാം. നബി(സ്വ)യുടെ കാലത്തും ഖലീഫമാരുടെ കാലത്തും അവര്‍ പള്ളിയില്‍ പോകാറുണ്ടായിരുന്നു. 'ജുമുഅയില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ കുളിക്കട്ടെ' എന്ന് നബി(സ്വ) പറഞ്ഞതായി ഇബ്‌നു ഉമറില്‍നിന്ന് ബുഖാരി ഉദ്ധരിക്കുന്ന ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്‌നുഹജര്‍ ഫത്ഹുല്‍ബാരി 2:285ല്‍ എഴുതുന്നു: ''മാലികി(റ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്: പുരുഷന്മാരല്ലാത്തവര്‍ ജുമുഅയില്‍ അതിന്റെ ശ്രേഷ്ഠത ലഭിക്കണമെന്നാഗ്രഹിച്ച് പങ്കെടുക്കാന്‍ വരുന്നുവെങ്കില്‍ അവര്‍ കുളിക്കുകയും ജുമുഅയുടെ മറ്റുമര്യാദകള്‍ പാലിക്കുകയും ചെയ്യേണ്ടതാണ്.'' ഫത്ഹുല്‍ബാരിയില്‍ തന്നെ 2:92ല്‍ എഴുതുന്നു: ''സ്ത്രീകളും ജുമുഅയില്‍ പങ്കെടുക്കുന്നുവെങ്കില്‍ കുളിക്കണമെന്ന് ഇതില്‍ നിന്ന് സിദ്ധിക്കുന്നു.
പ്രസിദ്ധമായ നാലു മദ്ഹബുകളിലെ പണ്ഡിതന്മാരുടെ അഭിപ്രായം കൂടി ഇവിടെ ചേര്‍ക്കുന്നത് ഉചിതമായിരിക്കും. (അല്‍ഫിഖ്‌ഹു അലല്‍ മദാഹിബില്‍ അര്‍ബഅ 1:384, 385).

ഹനഫീ മദ്ഹബ്: ''സ്ത്രീ അവളുടെ വീട്ടില്‍വെച്ച് ദുഹ്ര്‍ നമസ്‌കരിക്കലാണ് അത്യുത്തമം. അവള്‍ വൃദ്ധയോ യുവതിയോ ആരായിരുന്നാലും. കാരണം സംഘനമസ്‌കാരം അവളുടെ കാര്യത്തില്‍ നിയമമാക്കിയിട്ടില്ല.

മാലിക്കി മദ്ഹബ്: ''സ്ത്രീ വൃദ്ധയാവുകയും പുരുഷന്മാര്‍ക്ക് അവളോടുള്ള താല്പര്യം ഇല്ലാതാവുകയും ചെയ്താല്‍ ജുമുഅയില്‍ അവള്‍ക്ക് പങ്കെടുക്കാം. അല്ലാത്തപക്ഷം അത് അവള്‍ക്ക് അനുചിതമാണ്.''

ശാഫിഈ മദ്ഹബ്: ''ജുമുഅയിലും മറ്റു സംഘടിത നമസ്‌കാരങ്ങളിലും സ്ത്രീ പങ്കെടുക്കുന്നത്, അവള്‍ മോഹിക്കപ്പെടുന്നവളാണെങ്കില്‍ അനുചിതമാകുന്നു; അവള്‍ അനാകര്‍ഷക വസ്ത്രത്തിലാണെങ്കിലും. അതുപോലെ തന്നെയാണ് മോഹിക്കപ്പെടുന്നവളല്ലെങ്കിലും; അവള്‍ അലംകൃത വസ്ത്രം ധരിക്കുകയോ സുഗന്ധം പൂശുകയോ ചെയ്തിട്ടുണ്ടെങ്കില്‍. അവള്‍ വൃദ്ധയാണ്, പുറപ്പെടുന്നത് അനാകര്‍ഷക വേഷത്തിലാണ്, സുഗന്ധം പൂശിയിട്ടുമില്ല എങ്കില്‍ അവള്‍ ജുമുഅയില്‍ പങ്കെടുക്കുന്നതില്‍ യാതൊരു അനൗചിത്യവുമില്ല.''

ഹമ്പലി മദ്ഹബ്: ''സ്ത്രീ സുന്ദരിയല്ലെങ്കില്‍ അവള്‍ക്ക് ജുമുഅയില്‍ പങ്കെടുക്കല്‍ അനുവദനീയമാണ്. അവള്‍ സുന്ദരിയാണെങ്കില്‍ അവള്‍ക്ക് നിരുപാധികമായി അതില്‍ പങ്കെടുക്കല്‍ അനഭിലഷണീയമാകുന്നു'' 

ഈ ഉദ്ധരണികളില്‍ നിന്നെല്ലാം മനസ്സിലാകുന്നത് സ്ത്രീകള്‍ ജുമുഅയില്‍ പങ്കെടുക്കുന്നത് ഹറാമാണെന്ന് ഒരു മദ്ഹബും അഭിപ്രായപ്പെട്ടിട്ടില്ലെന്നാകുന്നു. സ്ത്രീകളുടെ സൗന്ദര്യം, വേഷം എന്നിവ മുഖേനയുണ്ടായേക്കാവുന്ന കുഴപ്പം നിമിത്തം പ്രായം കുറവുള്ളവര്‍ ജുമുഅയില്‍ പങ്കെടുക്കുന്നത് അഭിലഷണീയമല്ലെന്നേ അവര്‍ പറയുന്നുള്ളൂ. 

സൂറത്തുല്‍ അഹ്‌സാബിലെ ''നിങ്ങള്‍ നിങ്ങളുടെ ഭവനങ്ങളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാന കാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്കുകയും അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക'' (33:33) എന്ന വചനത്തിന് വിവരണം നല്കിക്കൊണ്ട് ഇബ്‌നുകസീര്‍ എഴുതുന്നു: 
''നിങ്ങള്‍ വീടുകളില്‍ കഴിയുക, ആവശ്യമില്ലാതെ പുറത്തുപോകരുത്. മതപരമായ ആവശ്യങ്ങളില്‍ പെട്ടതാണ് പള്ളിയില്‍ നമസ്‌കരിക്കുകയെന്നത്; അതിന്റെ നിബന്ധനപ്രകാരം. 'നിങ്ങള്‍ അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളിയില്‍ നിന്ന് തടയരുത്. സുഗന്ധം പൂശാതെ അവര്‍ പുറപ്പെടട്ടെ'യെന്ന് അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞതുപോലെ'' (ഇബ്‌നുകസീര്‍ 3:491).

Feedback