ഇസ്‌ലാമിലെ വിശ്വാസ, സ്വഭാവ, ആചാര കര്‍മങ്ങള്‍ മുഴുവന്‍ പൊതുവെ സ്ത്രീപുരുഷന്മാര്‍ക്ക് ഒരുപോലെ ബാധകമാണ്. സ്ത്രീകളുടെ പ്രകൃതി, മാനസികാവസ്ഥ എന്നിവ പരിഗണിച്ച് ചില കാര്യങ്ങളില്‍ അവര്‍ക്ക് ഇളവുകള്‍ നല്കിയിട്ടുണ്ട്. സത്കര്‍മം ചെയ്തവര്‍ക്കുള്ള പ്രതിഫല വാഗ്ദാനത്തില്‍ സ്ത്രീകളെ മാറ്റിനിര്‍ത്തിയിട്ടില്ല. അല്ലാഹു പറയുന്നു: ''ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സത്കര്‍മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്കു നല്കുകയും ചെയ്യും'' (അന്നഹ്ല്‍:97).
ഫര്‍ദ് നമസ്‌കാരം തനിയെ നമസ്‌കരിക്കാതെ സംഘമായി നമസ്‌കരിക്കണമെന്നാണ് മതനിയമം. അങ്ങനെ നമസ്‌കരിച്ചാല്‍ തനിയെ നമസ്‌കരിക്കുന്നതിനേക്കാള്‍ ഇരുപത്തിയേഴ് മടങ്ങ് പ്രതിഫലമുണ്ട്. ഇത് സ്ത്രീകള്‍ക്കും ബാധകമാണ്.
മദീനയില്‍ നബി(സ്വ) സ്ഥാപിച്ച പള്ളി അഞ്ചുനേരത്തെ നമസ്‌കാരത്തിന് പ്രവാചകന്റെ കൂടെ പുരുഷന്മാരായ അനുചരന്മാര്‍ക്കൊപ്പം മഹതികളായ സ്വഹാബാ വനിതകളും വന്നിരുന്നു. അവരുടെ വരവിനെ പ്രവാചകന്‍ ഒരിക്കലും നിരുത്സാഹപ്പെടുത്തിയില്ലെന്ന് മാത്രമല്ല, അതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. പ്രവാചകന്‍ പറഞ്ഞു: ''അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളിയില്‍ നിന്ന് നിങ്ങള്‍ തടയരുത്'' (ബുഖാരി, മുസ്‌ലിം).
''നിങ്ങളുടെ സ്ത്രീകള്‍ പള്ളിയില്‍ പോകാന്‍ രാത്രിയില്‍ അനുമതി ചോദിച്ചാല്‍ നിങ്ങള്‍ അവര്‍ക്ക് അനുമതി നല്കുക'' (ബുഖാരി, മുസ്‌ലിം).
പ്രവാചകന്റെ കാലംമുതല്‍ ഇന്നുവരെയും ആ നില തുടര്‍ന്നുവരുന്നു. സ്ത്രീകള്‍ പള്ളിയില്‍ വരുമ്പോള്‍ സുഗന്ധം പൂശരുത് എന്നതുപോലെ അവര്‍ അവിടെ പാലിക്കേണ്ട മര്യാദകളും അവര്‍ ജമാഅത്തിന് എവിടെ നില്ക്കണമെന്നും, അവര്‍ പിറകിലുണ്ടെങ്കില്‍ ഇമാം എപ്രകാരമാണ് എഴുന്നേറ്റ് പോവേണ്ടതെന്നും വ്യക്തമായ നിര്‍ദേശങ്ങള്‍ നബി(സ്വ) നല്‍കിയിട്ടുണ്ട്. ജുമുഅയിലും ജമാഅത്തിലും സ്ത്രീകള്‍ക്ക് പള്ളിയില്‍ പങ്കെടുക്കാമെന്നതിന് തെളിവ് ആ വിവരണം തന്നെ മതി.
സാധാരണ ജുമുഅ ജമാഅത്തുകള്‍ക്ക് മാത്രമല്ല, പ്രത്യേക നമസ്‌കാരവേളകളിലും (ഉദാ: പെരുന്നാള്‍, ഗ്രഹണം) പ്രവാചകനോടൊപ്പം ജമാഅത്ത് നമസ്‌കാരത്തില്‍ സ്ത്രീകള്‍ പങ്കെടുത്തിട്ടുണ്ട്.
''അസ്മാഅ്(റ) പറയുന്നു: പ്രവാചകന്റെ കാലത്ത് സൂര്യഗ്രഹണമുണ്ടായി. അപ്പോള്‍ പ്രവാചകന്‍ വെപ്രാള പ്പെട്ടു. വെപ്രാളത്താല്‍ തട്ടം മാറി അങ്കിയെടുത്തു. പിന്നീട് തട്ടം കിട്ടി. അവര്‍ പറയുന്നു: പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിച്ച് ഞാന്‍ പള്ളിയില്‍ പ്രവേശിച്ചു. അപ്പോള്‍ നബി(സ്വ) നമസ്‌കരിക്കുകയായിരുന്നു. ഞാനും അദ്ദേഹത്തോടൊപ്പം നമസ്‌കരിക്കാന്‍ നിന്നു'' (മുസ്‌ലിം).
ഗ്രഹണ നമസ്‌കാരത്തില്‍ പള്ളിയില്‍ സ്ത്രീകള്‍ പങ്കെടുത്തുവെന്ന് ഇതില്‍ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. ഇതു സംബന്ധമായി മുസ്‌ലിം ഉദ്ധരിച്ച ഹദീസുകള്‍ വിവരിച്ചുകൊണ്ട് ഇമാം നവവി എഴുതുന്നു: ''ഗ്രഹണനമസ്‌കാരം സ്ത്രീകള്‍ക്ക് സുന്നത്താണെന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാം. അതുപോലെ പുരുഷന്മാരുടെ പിറകില്‍ അവര്‍ക്ക് ഹാജരാകാമെന്നും വരുന്നു'' (ശര്‍ഹുമുസ്‌ലിം 3:481).
സ്ത്രീകള്‍ പള്ളിയില്‍: മദ്ഹബ് വീക്ഷണങ്ങള്‍
പ്രസിദ്ധമായ നാലു മദ്ഹബുകളിലെ പണ്ഡിതന്മാരുടെ അഭിപ്രായം കൂടി ഇവിടെ ചേര്‍ക്കുന്നത് ഉചിത മായിരിക്കും. (അല്‍ഫിഖ്ഹു അലല്‍ മദാഹിബില്‍അര്‍ബഅ 1:384, 385).
ഹനഫീ മദ്ഹബ്: ''സ്ത്രീ അവളുടെ വീട്ടില്‍വെച്ച് ദുഹ്ര്‍ നമസ്‌കരിക്കലാണ് അത്യുത്തമം. അവള്‍ വൃദ്ധയോ യുവതിയോ ആരായിരുന്നാലും. കാരണം സംഘനമസ്‌കാരം അവളുടെ കാര്യത്തില്‍ നിയമമാക്കിയിട്ടില്ല.
മാലിക്കി മദ്ഹബ്: ''സ്ത്രീ വൃദ്ധയാവുകയും പുരുഷന്മാര്‍ക്ക് അവളോടുള്ള താല്പര്യം ഇല്ലാതാവുകയും ചെയ്താല്‍ ജുമുഅയില്‍ അവള്‍ക്ക് പങ്കെടുക്കാം. അല്ലാത്തപക്ഷം അത് അവള്‍ക്ക് അനുചിതമാണ്.''
ശാഫിഈ മദ്ഹബ്: ''ജുമുഅയിലും മറ്റു സംഘടിത നമസ്‌കാരങ്ങളിലും സ്ത്രീ പങ്കെടുക്കുന്നത്, അവള്‍ മോഹിക്കപ്പെടുന്നവളാണെങ്കില്‍ അനുചിതമാകുന്നു; അവള്‍ അനാകര്‍ഷക വസ്ത്രത്തിലാണെങ്കിലും. അതുപോലെ തന്നെയാണ് മോഹിക്കപ്പെടുന്നവളല്ലെങ്കിലും; അവള്‍ അലംകൃത വസ്ത്രം ധരിക്കുകയോ സുഗന്ധം പൂശുകയോ ചെയ്തിട്ടുണ്ടെങ്കില്‍. അവള്‍ വൃദ്ധയാണ്, പുറപ്പെടുന്നത് അനാകര്‍ഷക വേഷത്തിലാണ്, സുഗന്ധം പൂശിയിട്ടുമില്ല എങ്കില്‍ അവള്‍ ജുമുഅയില്‍ പങ്കെടുക്കുന്നതില്‍ യാതൊരു അനൗചിത്യവുമില്ല''.
ഹമ്പലി മദ്ഹബ്: ''സ്ത്രീ സുന്ദരിയല്ലെങ്കില്‍ അവള്‍ക്ക് ജുമുഅയില്‍ പങ്കെടുക്കല്‍ അനുവദനീയമാണ്. അവള്‍ സുന്ദരിയാണെങ്കില്‍ അവള്‍ക്ക് നിരുപാധികമായി അതില്‍ പങ്കെടുക്കല്‍ അനഭിലഷണീയമാകുന്നു''.
ഈ ഉദ്ധരണികളില്‍ നിന്നെല്ലാം മനസ്സിലാകുന്നത് സ്ത്രീകള്‍ ജുമുഅയില്‍ പങ്കെടുക്കുന്നത് ഹറാമാണെന്ന് ഒരു മദ്ഹബും അഭിപ്രായപ്പെട്ടിട്ടില്ലെന്നാകുന്നു. സ്ത്രീകളുടെ സൗന്ദര്യം, വേഷം എന്നിവ മുഖേനയുണ്ടായേക്കാവുന്ന കുഴപ്പം നിമിത്തം പ്രായം കുറവുള്ളവര്‍ ജുമുഅയില്‍ പങ്കെടുക്കുന്നത് അഭിലഷണീയമല്ലെന്നേ അവര്‍ പറയുന്നുള്ളൂ.
സൂറത്തുല്‍ അഹ്‌സാബിലെ ''നിങ്ങള്‍ നിങ്ങളുടെ ഭവനങ്ങളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാന കാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്കുകയും അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക'' (33:33) എന്ന വചനത്തിന് വിവരണം നല്കിക്കൊണ്ട് ഇബ്‌നുകസീര്‍ എഴുതുന്നു: ''നിങ്ങള്‍ വീടുകളില്‍ കഴിയുക, ആവശ്യമില്ലാതെ പുറത്തുപോകരുത്. മതപരമായ ആവശ്യങ്ങളില്‍ പെട്ടതാണ് പള്ളിയില്‍ നമസ്‌കരിക്കുകയെന്നത്; അതിന്റെ നിബന്ധനപ്രകാരം. 'നിങ്ങള്‍ അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളിയില്‍ നിന്ന് തടയരുത്. സുഗന്ധം പൂശാതെ അവര്‍ പുറപ്പെടട്ടെ'യെന്ന് അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞതുപോലെ'' (ഇബ്‌നുകസീര്‍ 3:491).