വിശ്വാസം, അനുഷ്ഠാനം, സ്വഭാവ സംസ്‌കാരങ്ങള്‍ എന്നിവ ഉള്‍ചേര്‍ന്നതാണ് ഇസ്‌ലാം എന്ന് സാമാന്യമായി പറയാം. മനുഷ്യനെ യഥാര്‍ഥ മനുഷ്യനായി സംസ്‌കരിച്ചെടുക്കുന്നതാണ് മതങ്ങളുടെ ദൗത്യം, വിശേഷിച്ചും ഇസ്‌ലാമിന്റെ. സ്രഷ്ടാവായ അല്ലാഹുവിലും ജീവിത ലക്ഷ്യമായ പരലോകത്തിലും നിഷ്‌കപടമായ വിശ്വാസം ഉള്‍ക്കൊള്ളുന്ന മനുഷ്യന്റെ മനസ്സ് വിമലീകരിക്കപ്പെടും. അനുബന്ധമായ വേറെയും വിശ്വാസ കാര്യങ്ങളുണ്ട്. ഈ വിശ്വാസം നിലനിര്‍ത്തിക്കൊണ്ടുപോകാനും അവ ജീവിതവുമായി ബന്ധിപ്പിക്കാനും ഉതകുന്ന കൃത്യമായ അനുഷ്ഠാന കര്‍മങ്ങള്‍ (ആരാധനകള്‍) നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസവും അനുഷ്ഠാനവും കേവലാചാരാങ്ങളല്ല, അവ ജീവിതവുമായി അഭേദ്യബന്ധം പുലര്‍ത്തണമെന്നാണ് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. ഭൗതികജീവിതത്തില്‍ നിന്ന് ഒളിച്ചോടി ധ്യാനവും ചിന്തയുമായി കഴിഞ്ഞുകൂടുക എന്നത് പുണ്യമായി ഇസ്‌ലാം കരുതുന്നില്ല. ഈ ലോകത്ത് ജീവിക്കുമ്പോള്‍ സമസൃഷ്ടികളുമായി ഇടപഴകേണ്ടിവരും. അവിടെയാണ് സ്വഭാവം, പെരുമാറ്റം, സംസ്‌കാരം തുടങ്ങിയവ ആവശ്യമായി വരുന്നത്. ഈ സംസ്‌കാരം മതത്തില്‍ നിന്നും വിശ്വാസത്തില്‍ നിന്നും വേറിട്ട കാര്യമല്ല. വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും ഇവ മൂന്നും (വിശ്വാസം, അനുഷ്ഠാനം, സംസ്‌കാരം) ബന്ധപ്പെടുത്തിക്കൊണ്ടാണ് കാര്യങ്ങള്‍ വിവരിച്ചിട്ടുള്ളത്.
അനുഷ്ഠാനം എന്ന നിലയില്‍ മുസ്‌ലിംകള്‍ക്ക് നിര്‍വഹിക്കാനുള്ളത് നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവയാണ്. നബി(സ്വ) മുആദുബ്‌നു ജബല്‍(റ) എന്ന അനുചരനെ യമനിലുള്ളവര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്താന്‍ പറഞ്ഞയച്ചപ്പോള്‍ നല്കിയ നിര്‍ദേശങ്ങള്‍ ശ്രദ്ധേയമാണ്. "താങ്കള്‍ വേദം നല്കപ്പെട്ടവരായ ഒരു സമൂഹത്തിലേക്കാണ് പോകുന്നത്. താങ്കള്‍ അവരെ ആദ്യമായി ക്ഷണിക്കേണ്ടത് അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന തത്വത്തിലേക്കാണ്. അതവര്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് ദിനംപ്രതി അഞ്ചു നേരത്തെ 'നമസ്‌കാരം' നിര്‍ബന്ധമാക്കിയിരിക്കുന്നു എന്നറിയിക്കുക...'' (ബുഖാരി 1458).
നബി(സ്വ) പറഞ്ഞ 'സ്വലാത്ത്' എന്നതിനാണ് നമസ്‌കാരം എന്നു പരിഭാഷപ്പെടുത്തിയത്. നമസ്‌കാരം എന്ന മലയാള പദത്തിന് അഭിവാദ്യം എന്നും മറ്റും അര്‍ഥമുണ്ട്. എന്നാല്‍ ഇസ്‌ലാമിക അനുഷ്ഠാനമായ സ്വലാത്തിന് നമസ്‌കാരം എന്നാണ് മലയാളത്തില്‍ പൊതുവെ പറഞ്ഞുവരുന്നത്. ചിലര്‍ നിസ്‌കാരം എന്നും പ്രയോഗിച്ചു കാണുന്നു. മിക്ക മതങ്ങളിലും നിശ്ചിത രൂപത്തില്‍ ക്ലിപ്തമായി ചെയ്യുന്ന നമസ്‌കാരങ്ങളുണ്ട്. ഇസ്‌ലാമില്‍ വന്ന ഒരാള്‍ പ്രഥമകര്‍മമായി അനുഷ്ഠിക്കേണ്ടതും ജീവിതാന്ത്യംവരെ നിലനിര്‍ത്തേണ്ടതുമായ ഒരു പ്രധാന അനുഷ്ഠാനമായിട്ടാണ് സ്വലാത്ത് (നമസ്‌കാരം) പ്രവാചകന്‍ പഠിപ്പിച്ചത്. പ്രായപൂര്‍ത്തി എത്തിയതു മുതല്‍ ബോധം നശിക്കുന്നതുവരെ ചിട്ടയായി നിര്‍വഹിക്കേണ്ട കര്‍മമാണ് ഇസ്‌ലാമില്‍ നമസ്‌കാരം.