ഒരാള്‍ മുസ്‌ലിമായിത്തീരാന്‍ അനിവാര്യമായ സത്യസാക്ഷ്യവാക്യമാണ് ശഹാദത്ത്. അശ്ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹു വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹി എന്ന രണ്ടു ചെറുവാക്യങ്ങള്‍ അര്‍ഥവും ആശയവുമറിഞ്ഞ് തൃപ്തിയോടെ അംഗീകരിക്കുകയും അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുക എന്നതാണ് ശഹാദത്ത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഒരാളുടെ ഇസ്‌ലാം സ്വീകരണത്തിന്റെ പ്രഥമ പടിയാണിത്. അല്ലാഹു അല്ലാതെ ആരാധ്യനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു എന്നാണ് ഈ വാക്യങ്ങളുടെ സാരം. ഇസ്‌ലാമിനെ മതമായി സ്വീകരിച്ചവരെല്ലാം മുസ്‌ലിം എന്നറിയപ്പെടുന്നു. ഇതോടെ ഒരാള്‍ മുസ്‌ലിമിനുള്ള എല്ലാ അവകാശങ്ങള്‍ക്കും അര്‍ഹനാവുകയും ബാധ്യതകള്‍ക്ക് കടപ്പെട്ടവനാവുകയും ചെയ്യും. ശത്രുനിരയില്‍നിന്ന് ഇസ്‌ലാമിനെതിരെ യുദ്ധം ചെയ്യുന്നവനാണെങ്കില്‍ പോലും ഈ വാക്യങ്ങള്‍ പ്രഖ്യാപിച്ചാല്‍ അവനെ മുസ്‌ലിമായി പരിഗണിക്കണമെന്നാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. അങ്ങനെ ഇസ്‌ലാമിലെത്തിയവന്‍ പുതുമുസ്‌ലിം എന്ന നിലക്കുള്ള പ്രത്യേക പരിഗണനക്കോ അവഗണനക്കോ പാത്രമാവേണ്ടതില്ല.
എല്ലാ മനുഷ്യരും ജന്മനാ ശുദ്ധപ്രകൃതമാണെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. മാതാപിതാക്കള്‍ ഏതു മതക്കാരോ മതനിഷേധികളോ ആയാലും അവര്‍ക്കു പിറക്കുന്ന കുഞ്ഞ് ശുദ്ധപ്രകൃതിയിലാണെന്ന് മുഹമ്മദ് നബി(സ്വ) പഠിപ്പിക്കുന്നു (ബുഖാരി 1385). എന്നാല്‍ മുസ്‌ലിമായ മാതാപിതാക്കള്‍ക്ക് ജനിച്ചു എന്നതുകൊണ്ടു മാത്രം മനുഷ്യനില്‍ ഇസ്‌ലാം പാരമ്പര്യമായി നിലനില്ക്കില്ല. അവന് പ്രായവും പക്വതയും എത്തിക്കഴിയുമ്പോള്‍ ഈ വിശ്വാസത്തെ സ്ഥിരപ്പെടുത്താന്‍ ബോധപൂര്‍വം പ്രവര്‍ത്തിക്കണം. അതാണ് ശഹാദത്തിലൂടെ നിര്‍വഹിക്കുന്നത്.
എന്നാല്‍ ശഹാദത്തിനുവേണ്ടി ഒരു പ്രത്യേക പ്രായമോ ദിനമോ ചടങ്ങോ കാര്‍മികത്വമോ ഇല്ല. ഒരാള്‍ ഇസ്‌ലാമിലേക്ക് വരുമ്പോള്‍ പൊതുസമൂഹത്തിന്റെ അറിവിലേക്കായി വിശ്വസ്തരായ രണ്ടു മുസ്‌ലിംകളെ സാക്ഷിയാക്കി ഈ വാക്യങ്ങള്‍ ചൊല്ലണം. അത്രമാത്രം. നിര്‍ബന്ധിത സാഹചര്യങ്ങളില്‍ ശഹാദത് പരസ്യപ്പെടുത്താതെ മുസ്‌ലിമായി ജീവിക്കുന്നതും തെറ്റല്ല. നജ്ജാശീ രാജാവിന്റെതുപോലുള്ള സംഭവങ്ങള്‍ ഇതിനു തെളിവാണ്.
ഇസ്‌ലാം എന്താണെന്ന് സംക്ഷിപ്തമായി മുഹമ്മദ് നബി(സ്വ) പറഞ്ഞുതരുന്നു: 'ഇസ്‌ലാം സ്ഥാപിതമായിരിക്കുന്നത് അഞ്ച് കാര്യങ്ങളിലാണ്. ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ് എന്ന് സാക്ഷ്യപ്പെടുത്തല്‍, നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കല്‍, സകാത്ത് കൊടുക്കല്‍, റമദാന്‍ മാസത്തില്‍ നോമ്പനുഷ്ഠിക്കല്‍, കഅ്ബയില്‍ പോയിവരാന്‍ സൗകര്യം ലഭിച്ചവര്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കുക (ബുഖാരി, മുസ്ലിം). ഇസ്‌ലാമിലെ അടിസ്ഥാന അനുഷ്ഠാനങ്ങളായ നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവ പോലെയുള്ള ഒരു കര്‍മമല്ല ശഹാദത്. അതിന് വിശ്വാസകാര്യം, അഥവാ ഈമാന്‍ കാര്യവുമായാണ് സാമ്യം. എന്നിട്ടും ഇതിനെ കര്‍മമായി പരിഗണിക്കുന്നതിന് കാരണം ശഹാദത്തിന്റെ പദങ്ങള്‍ മനസ്സിലുറപ്പിച്ച് നാവുകൊണ്ടു പറയുക എന്നതിനപ്പുറം ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തേണ്ടതാണ് അത് എന്ന് വ്യക്തമാക്കാനാണ്. സ്വജീവിതം കൊണ്ട്, വിശ്വാസത്തിലും സ്വഭാവത്തിലും കര്‍മങ്ങളിലുമെല്ലാം ഇസ്‌ലാമിന്റെ മാര്‍ഗദര്‍ശനം സ്വീകരിച്ചുകൊണ്ട് ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ജീവിക്കുന്ന മാതൃകയാവുക എന്നതാണ് ശഹാദത്തിന്റെ താത്പര്യം.
ഈ വാക്യങ്ങള്‍ അര്‍ഥപൂര്‍ണമാകണമെങ്കില്‍ അറിവ്, ദൃഢവിശ്വാസം, ഉള്‍ക്കൊള്ളല്‍, കീഴ്‌പെടല്‍, സത്യപ്പെടുത്തല്‍, ആത്മാര്‍ഥത, സ്‌നേഹം എന്നിങ്ങനെ ഏഴു നിബന്ധനകള്‍ പാലിക്കേണ്ടതുണ്ടെന്ന് പണ്ഡിതന്മാര്‍ പറയുന്നു. എന്താണ് താന്‍ പറയുന്നത് എന്നതിനെ കുറിച്ച് കൃത്യമായ അറിവുണ്ടായിരിക്കുക, ആ പറയുന്ന കാര്യം തീര്‍ത്തും ശരിയാണെന്ന ബോധ്യമുണ്ടാവുക, ആ ആശയം ജീവിതത്തില്‍ ഉള്‍ക്കൊള്ളുക, അതിന്റെ താത്പര്യമനുസരിച്ച് ജീവിതം സമര്‍പ്പിക്കുക, കര്‍മങ്ങളിലൂടെ അതിനെ യാഥാര്‍ഥ്യമാക്കുക, പൂര്‍ണ ആത്മാര്‍ഥതയോടെ സ്വീകരിക്കുക, ഈ വാക്യങ്ങളെയും അതിന്റെ ആശയങ്ങളെയും സംതൃപ്തിയോടെ ഏറ്റെടുക്കുക എന്നിവയാണ് ഈ ഏഴു കാര്യങ്ങള്‍കൊണ്ട് അര്‍ഥമാക്കുന്നത്.