Skip to main content

മുഹമ്മദ് നബി(സ്വ) അന്ത്യപ്രവാചകന്‍

പ്രവാചകശൃംഖലയിലെ അവസാനത്തെ കണ്ണി മുഹമ്മദ് നബി(സ്വ)യാണ്. അല്ലാഹു പറയുന്നു. മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. മറിച്ച്, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു (33:40). താന്‍ അന്തിമ പ്രവാചകനാണെന്ന് ഒരു ഉപമയിലൂടെ നബി(സ) തന്നെ നമുക്ക് വിശദീകരിച്ചു തന്നതാണ്. അബൂഹുറയ്‌റ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. റസൂല്‍(സ്വ) പറഞ്ഞു. എന്റെയും മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരുടെയും  ഉപമയിതാ. ഒരാള്‍ ഒരു ഭവനം നിര്‍മ്മിച്ചു. അതിനെ അയാള്‍ നന്നാക്കുകയും മോടി പിടിപ്പിക്കുകയും ചെയ്തു. എങ്കിലും ഒരു കോണില്‍ ഒരു ഇഷ്ടികയുടെ സ്ഥാനം മാത്രം ഒഴിഞ്ഞു കിടന്നിരുന്നു. ആളുകള്‍ ആ വീട് ചുറ്റിനടന്ന് കാണുകയും ആശ്ചര്യം പ്രകടിപ്പിച്ചുകൊണ്ട് ഇവിടെ ഒരു ഇഷ്ടികകൂടി വെച്ചിരുന്നെങ്കില്‍! എന്നിങ്ങനെ പറയുകയുണ്ടായി. നബി(സ്വ) പറഞ്ഞു: ഞാനാണ് ആ ഇഷ്ടിക. അന്തിമ പ്രവാചകനാണ് ഞാന്‍ (ബുഖാരി, മുസ്‌ലിം, അഹ്മദ്).

സൂറത്തു നജ്മില്‍ 1 മുതല്‍ 12 വരെ സൂക്തങ്ങളില്‍ ദിവ്യസന്ദേശം നല്‍കപ്പെടുന്ന നബി(സ)യുടെ അത്യുന്നത പദവിയെ മനോഹരമായി വിവരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ ദൈവിക മാര്‍ഗ ദര്‍ശനത്തിന്റെ പൊന്‍വെളിച്ചം ലോകത്ത് പ്രചരിപ്പിച്ചത് നബി(സ)യുടെ പരിശുദ്ധ പ്രകൃതിയാകുന്ന സ്ഫടികത്തിലൂടെയാണ്.  അതുകൊണ്ട് നബിയെ അഭിമുഖീകരിച്ച് അല്ലാഹു പറയുന്നത് കാണാം. നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനും അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും പ്രകാശം നല്‍കുന്ന ഒരു വിളക്കുമായിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു (33: 45, 46).
 

Feedback