എട്ടരപ്പതിറ്റാണ്ട് നീണ്ടു നിന്ന അടിമവംശ ഭരണത്തില്‍, ഖുതുബുദ്ദീന്‍ ഐബക്കിനു ശേഷം ഒന്‍പതു പേര്‍ അധികാരം കൈയാളി. ഇവരില്‍ പലരും നാമമാത്രമായാണ് ചെങ്കോലേന്തിയത്. എന്നാല്‍ ക്രി.വ. 1211 മുതല്‍ 1236 വരെ ഭരിച്ച ശംസുദ്ദീന്‍ ഇല്‍ത്മിശ്, 1236 മുതല്‍ 1240 വരെ വാണ റസിയ സുല്‍ത്താന, 1266 മുതല്‍ 1287 വരെ ഭരണചക്രം തിരിച്ച ഗിയാസുദ്ദീന്‍ ബാല്‍ബന്‍ എന്നിവര്‍ ചരിത്രത്തില്‍ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയവരില്‍ മുന്നില്‍ നില്‍ക്കുന്നു.
കാല്‍ നൂറ്റാണ്ടു കാലം അടിമവംശ ഭരണത്തിന്റെ തലപ്പത്തിരുന്ന ഇല്‍ത്മിശ് ഖുതുബുദ്ദീന്റെ അടിമ തന്നെയായിരുന്നു. അടിമവംശ ഭരണത്തിന് അടിത്തറയിട്ടത് ഖുതുബുദ്ദീനാണെങ്കില്‍ അതിനെ സുശക്തവും വ്യവസ്ഥാപിതവുമാക്കിയത് ഇല്‍ത്മിഷാണ്.
മധ്യേഷ്യയില്‍ പ്രവാഹം പോലെ മുന്നേറിയ സര്‍വസംഹാരിയായ ചെങ്കിസ്ഖാന്റെ താര്‍ത്താരിപ്പട സിന്ധു നദിയുടെ മറുകര വരെയെത്തി. എന്നാല്‍ ഇന്ത്യയിലേക്കു കടക്കാന്‍ അയാള്‍ ധൈര്യപ്പെട്ടില്ല. ഇല്‍ത്മിഷിന്റെ ശക്തി ചെങ്കിസ്ഖാന്‍ തിരിച്ചറിഞ്ഞതാണ് അതിനു കാരണമെന്ന് ചരിത്രം പറയുന്നു.
ഉജ്ജൈന്‍, ബിപില്‍സ എന്നീ പ്രദേശങ്ങള്‍ രാജ്യത്തോട് കൂട്ടിച്ചേര്‍ത്തത് ഇദ്ദേഹമാണ്. വിജ്ഞാനീയങ്ങളുടെ സംരക്ഷകനും മര്‍ദിതരുടെ ആശ്രയവുമായിരുന്നു ഐബക്കിന്റെ ഈ പിന്‍മുറക്കാരന്‍.
ഇല്‍ത്മിഷിന്റെ മകള്‍ റസിയ ബുദ്ധിമതിയും പ്രാപ്തയും കാര്യശേഷിയുള്ളവളുമായിരുന്നു. ഡല്‍ഹിയുടെ ചെങ്കോലേന്തിയ സുല്‍ത്താനയെന്ന ബഹുമതി അവരെ വേറിട്ടതാക്കി. എന്നാല്‍ സ്ത്രീ അധികാരം വാഴുന്നത് ഇഷ്ടപ്പെടാത്ത പ്രവിശ്യാ ഗവര്‍ണര്‍മാര്‍, അവരെ എതിര്‍ത്തു. സഹോദരനെത്തന്നെ അവര്‍ റസിയക്കെതിരെ തിരിച്ചുവിട്ടു. അങ്ങനെയാണ് നാലു വര്‍ഷം മാത്രം അധികാരത്തിലിരുന്ന അവര്‍ രംഗം വിട്ടത്. സഹോദരനുമായുള്ള യുദ്ധത്തില്‍ അവര്‍ വധിക്കപ്പെടുകയായിരുന്നുവെന്നു പറയപ്പെടുന്നു.
ഈ പരമ്പരയിലെ മറ്റൊരു പ്രധാനിയാണ് ഗിയാസുദ്ദീന്‍ ബാല്‍ബന്‍. രാജ്യത്തിന്റെ അഭ്യന്തര സമാധാനത്തിന് പരമപ്രാധാന്യം കല്പിച്ച ബാല്‍ബന്‍ ഉദ്യോഗസ്ഥരെ നിലക്കുനിര്‍ത്തി. തെറ്റു ചെയ്ത ഗവര്‍ണര്‍മാരെപ്പോലും കഠിന ശിക്ഷക്ക് വിധേയരാക്കി. പ്രജകളെ അങ്ങേയറ്റം സ്‌നേഹിക്കുകയും ചെയ്തു. ഭരണ പാടവത്തില്‍, അക്കാലത്ത് ലോകത്തിലെ തന്നെ പ്രഗല്‍ഭരില്‍ ഒരാളായിരുന്നു ബാല്‍ബന്‍ എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.