ഒരിക്കല്‍ ശിഹാബുദ്ദീന്‍ മുഹമ്മദ് ഗോറി കുറെ അടിമകളെ വാങ്ങി. അവരില്‍ ഏറ്റവും വിരൂപനായിരുന്ന ഖുതുബുദ്ദീന്‍ എന്നയാളെ ഗോറി ഒഴിവാക്കി. സങ്കടം കണ്ണീരാക്കി ഖുതുബുദ്ദീന്‍, ഗോറിയുടെ മുന്നിലെത്തി:
''അല്ലയോ സുല്‍ത്വാന്‍, അങ്ങ് നിരവധി അടിമകളെ അങ്ങേക്കായി വാങ്ങിയല്ലോ. അല്ലാഹുവിന്നു വേണ്ടി അതില്‍ എന്നെക്കൂടി ഉള്‍പ്പെടുത്തിക്കൂടേ? ഖുതുബുദ്ദീന്റെ വാക്കുകള്‍ ഗോറിയുടെ നെഞ്ചില്‍ കൊണ്ടു. മനസ്സലിഞ്ഞ അദ്ദേഹം ഖുതുബുദ്ദീനെയും സ്വന്തമാക്കി.
ഖുതുബുദ്ദീന്‍ പിന്നീട്, ഗോറിയുടെ വിശ്വസ്തനും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായി. സൈനിക നായകനായി. ഡല്‍ഹിയും ബനാറസും ജയിച്ചടക്കിയത് ഖുതുബുദ്ദീനാണ്. ലാഹോറിലേക്ക് മടങ്ങുമ്പോള്‍, 1192ല്‍ ഡല്‍ഹിയില്‍, തന്റെ പ്രതിനിധിയായി ഗോറി ഖുതുബുദ്ദീനെ വാഴിക്കുകയും ചെയ്തു. 1206ല്‍ ശിഹാബുദ്ദീന്‍ മുഹമ്മദ് ഗോറി നിര്യാതനായപ്പോള്‍, അടിമവംശ ഭരണകൂടത്തിന് അസ്തിവാരമിട്ട് ഖുതുബുദ്ദീന്‍ ഐബക്ക് ലാഹോറിന്റെ സാരഥ്യമേറ്റെടുത്തു. അങ്ങനെ സിന്ധു-ഗംഗാസമതലം മുഴുവന്‍ ഉള്‍ക്കൊളളുന്ന ഭാഗത്ത് പുതിയൊരു ശക്തി ഉദയം ചെയ്തു.
തുര്‍ക്കിയിലാണ് ഖുതുബുദ്ദീന്‍ ഐബക്കിന്റെ ജനനം. അടിമപ്പയ്യനായി വളര്‍ന്ന ഐബക്കിനെ നൈസാബൂരിലെ ഖാദിയാണ് വളര്‍ത്തിയതും പഠിപ്പിച്ചതും. എന്നാല്‍ ഖാദി മരണപ്പെട്ടതോടെ ഖുതുബുദ്ദീന്‍ വീണ്ടും അടിമക്കമ്പോളത്തിലെ വില്പനച്ചരക്കായി. ഒടുവിലാണ് മുഹമ്മദ് ഗോറിയുടെ കൈകളിലെത്തുന്നതും, ഇന്ത്യയിലെ ആദ്യ അടിമ വംശ ഭരണകൂടത്തിന്റെ സ്ഥാപകനാവാന്‍ നിയോഗമുണ്ടാവുന്നതും.
1192ല്‍ ഡല്‍ഹി പ്രവിശ്യയിലെ ഭരണാധികാരിയായെങ്കിലും 14 വര്‍ഷത്തിനു ശേഷം 1206 ലാണ് ഗോറി വംശത്തിന്റെ പിന്‍തുടര്‍ച്ചയെന്നോണം അടിമ വംശം സ്ഥാപിച്ച് ഖുതുബുദ്ദീന്‍ ഐബക്ക് ചക്രവര്‍ത്തിയാവുന്നത്. ചക്രവര്‍ത്തിയായി നാലു വര്‍ഷം മാത്രമേ ഭരിച്ചുള്ളു.
തിക്തമായ ജീവിതാനുഭവങ്ങളുളളതിനാലാവാം, ഖുതുബുദ്ദീന്‍ നീതിയും സമത്വവും ഔദാര്യവും ഭരണത്തിന്റെ മുഖമുദ്രയാക്കി. ഛിദ്രശക്തികളെ അടിച്ചമര്‍ത്തി. അഗതികളെ സഹായിച്ചു. 'ലക്ഷങ്ങള്‍ ദാനം ചെയ്യുന്നവന്‍' (ലാക് ബക്ഷ്) എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടു. ഖുതുബുദ്ദീന്റെ ഭരണകാലത്ത് 'ചെന്നായയും ആട്ടിന്‍കുട്ടിയും ഒരേ പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചിരുന്നു' എന്ന ചൊല്ലുണ്ടായിരുന്നു. അത്രക്കും സമാധാനപൂര്‍ണമായിരുന്നു ഡല്‍ഹി.
ഡല്‍ഹിയിലും ആഗ്രയിലും ഖുതുബുദ്ദീന്‍ പണികഴിപ്പിച്ച പള്ളികളും സ്മാരകങ്ങളും ഇന്നും ഇന്ത്യയുടെ അഭിമാനങ്ങളായി വാനിലുയര്‍ന്നുനില്ക്കുന്നു. ഇതില്‍ ഏറ്റവും പ്രശസ്തമായതാണ് ഡല്‍ഹിയിലെ ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദും അതിന്റെ മിനാരമായ ഖുതുബ്മിനാറും. ലോക പൈതൃകപ്പട്ടികയിലിടം നേടിയ ഈ ഗഗനചാരിക്ക് അസ്തിവാരമിട്ടത് ഖുതുബുദ്ദീനാണ്. അദ്ദേഹത്തിന്റെ പേരില്‍ തന്നെ അത് അറിയപ്പെടു കയും ചെയ്യുന്നു.
പിന്നീട്, അബ്ബാസിയ ഖിലാഫത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ട അടിമവംശ ഭരണത്തിന്റെ ഈ ശില്പി ക്രി. 1210 (ഹി. 618)ല്‍ ദിവംഗതനായി. ലാഹോറില്‍വെച്ചായിരുന്നു അന്ത്യം.