മുഗള്‍ ഭരണത്തിന്റെ പതനകാലത്ത് ഹൈദരാബാദ് ആസ്ഥാനമായി ക്രി. 1720ല്‍ നിലവില്‍ വന്ന ഭരണമാണ് നിസാമുല്‍ മുല്‍ക്ക് ഭരണകൂടം (ക്രി.1720-1948). ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒരു വര്‍ഷം കൂടി കഴിഞ്ഞാണ് (1948ല്‍) നിസാം ഭരണം നിലച്ചത്. വജ്രഖനികളുടെ നാടിന്റെ ഉടമകളായ നിസാമുമാര്‍ ലോകത്തെ ഏററവും വലിയ സമ്പന്നരായിരുന്നു.
മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ അടുത്ത സുഹൃത്ത് മീര്‍ സഹാബുദ്ദീന്‍ സിദ്ദീഖിയുടെ പുത്രന്‍ ഖമറുദ്ദീന്‍ സിദ്ദീഖിയാണ് നിസാം ഭരണകൂടത്തിന്റെ സ്ഥാപകന്‍. ഔറംഗസീബിന്റെ കാലത്താണ് ഹൈദരാബാദ് ഉള്‍പ്പെടുന്ന ഡെക്കാന്‍ പ്രദേശം മുഗള്‍ ഭരണത്തിന് കീഴില്‍ വന്നത്. പിന്നീട് വന്ന മുഗള്‍ ചക്രവര്‍ത്തി ഫാറൂഖ് സിയാര്‍ ഡക്കാനെ ആറു പ്രവിശ്യകളാക്കി അവയുടെ അധികാരം ഖമറുദ്ദീന്‍ സിദ്ദീഖിക്ക് നല്‍കി. നിസാമുല്‍ മുല്‍ക്ക് എന്ന പദവി നല്‍കിയതും ഫാറൂഖ് തന്നെ. ഇതില്‍ പല പ്രവിശ്യകളും പിന്നീട് മറാത്താ ശക്തികള്‍ പിടിച്ചടക്കിയെങ്കിലും ഹൈദരാബാദ് സിദ്ദീഖിയുടെ കൈയില്‍ ഭദ്രമായി. മുഗള്‍ ഭരണം ക്ഷയിക്കുകയും നാട്ടില്‍ അരാജകത്വം പടരുകയും ചെയ്തപ്പോള്‍ സിദ്ദീഖി ഹൈദരാബാദിനെ സ്വതന്ത്ര പ്രവിശ്യയാക്കി. അങ്ങനെ 1720ല്‍ നിസാം എന്ന പദവിയോടെയും ആസഫ്ജാ എന്ന കുടുംബപ്പേരോടെയും സിദ്ദീഖി പുതിയ ഭരണകൂടം സ്ഥാപിക്കുകയായിരുന്നു.
ചാര്‍മിനാറിന്റെ നാടായ ഹൈദരാബാദ് പ്രസിദ്ധങ്ങളായ വജ്രഖനികളാല്‍ സമ്പുഷ്ടമായിരുന്നു. എലിസബത്ത് രാജ്ഞിയുടെ കിരീടത്തിലെ കോഹിനൂര്‍ രത്‌നം ഹൈദരാബാദിലെ ഗോല്‍ക്കൊണ്ട ഖനിയില്‍ നിന്നുള്ളതാണ്. സമ്പല്‍സമൃദ്ധയിലും സുഖകരമായ കാലാവസ്ഥയിലും വിളങ്ങി നിന്നു ഈ നാട്. നിസാം സാഗര്‍, തുംഗഭദ്ര, ഉസ്മാന്‍ സാഗര്‍, ഹിമയത്ത് സാഗര്‍ എന്നീ അണക്കെട്ടുകള്‍ ഹൈദരാബാദിന്റെ അനുഗ്രഹങ്ങളായിരുന്നു.
അമൂല്യമായ രത്‌നങ്ങളുടെ ഉടമകളായിരുന്ന നിസാമുമാര്‍ ലോകത്തെ സമ്പന്നരില്‍ മുന്നില്‍ നിന്നു. ഹൈദരാബാദിനെ ഇന്തോ-ഇസ്‌ലാമിക് സംസ്‌കാരത്തിന്റെ കേന്ദ്രമാക്കിയതും നിസാമുമാരായിരുന്നു.