ചരിത്രപ്രസിദ്ധമായ പാനിപ്പത്ത് യുദ്ധത്തില്‍ 1526ല്‍ ഇബ്‌റാഹീം ലോദിയെ പരാജയപ്പെടുത്തി ബാബര്‍ ഡല്‍ഹിയില്‍ സ്ഥാപിച്ചതാണ് മുഗള്‍ സാമ്രാജ്യം (1526-1857). ഉത്ഥാനകാലം, പതനകാലം എന്നിവകളിലായി 330 വര്‍ഷക്കാലം നിലനിന്ന ഈ ഭരണം ഇന്ത്യയുടെ മുഖഛായ തന്നെ മാറ്റി. ബാബര്‍ മുതല്‍ ഫറഖ്‌സീര്‍ വരെയുള്ള എട്ട് പ്രമുഖരുടെ ഭരണകാലമായ രണ്ട് നൂറ്റാണ്ടാ(1526-1719)ണ് ഉത്ഥാനകാലം. തുടര്‍ന്നുവന്ന ഒന്നേകാല്‍ നൂറ്റാണ്ട് (1720-1858) ശക്തി ക്ഷയിച്ച് പേരിനുമാത്രം നിലനിന്ന കാലമാണ്. 1857ലെ സ്വാതന്ത്ര്യ സമരമാണ് മുഗള്‍ സാമ്രാജ്യത്തിന് തിരശ്ശീല വീഴ്ത്തിയത്.
അവസാന ചക്രവര്‍ത്തിയായ ബഹദൂര്‍ഷാ സഫറിനെ റങ്കൂണിലേക്ക് നാടുകടത്തിയും അദ്ദേഹത്തിന്റെ കുടുംബത്തെ മുഴുവന്‍ തോക്കിനിരയാക്കിയും ബ്രിട്ടീഷുകാര്‍, ഇന്ത്യക്ക് പ്രതാപവും പ്രൗഢിയും സമ്മാനിച്ച സംഭവ ബഹുലമായ മുഗള്‍ ചരിത്രത്തിന് ചരമീഗതമൊരുക്കി. മറ്റേതൊരു ഭരണകൂടത്തിനും അവകാശപ്പെടാനാവാത്തത്ര മഹിതമായ അടയാളങ്ങള്‍ ബാക്കിവെച്ചാണ് മുഗളന്‍മാര്‍ ഓര്‍മയായത്.