Skip to main content

ടിപ്പുസുല്‍ത്താന്‍ (1)

1799ല്‍ ബ്രിട്ടീഷുകാര്‍ നാലാമതും മൈസൂരിനെ അക്രമിച്ചു. പ്രത്യേക കരാറിലൂടെ ഹൈദരാബാദ് നൈസാമിനെയും മറാഠാക്കാരെയും അവര്‍ വരുതിയിലാക്കി. പടനയിച്ചതാകട്ടെ, വാട്ടര്‍ലൂ യുദ്ധത്തില്‍ നെപ്പോളിയനെ തകര്‍ത്ത വെല്ലസ്ലി പ്രഭുവും. ആര്‍ത്തുവരുന്ന ഇംഗ്ലീഷ് പട ശ്രീരംഗപട്ടണം പിടിക്കാനെത്തി.

കീഴടങ്ങാന്‍ ടിപ്പു സന്നദ്ധമായിരുന്നില്ല. പടച്ചട്ടയണിഞ്ഞ് കുതിരപ്പുറത്തേറിയ മൈസൂരിന്റെ സിംഹം പടയാളികളോടായി പറഞ്ഞു: ''ആയിരം വര്‍ഷം കുറുനരിയായി ജീവിക്കുന്നതിലും ഭേദം ഒരു ദിവസം സിംഹമായി കഴിയലാണ്.'' 1799 മെയ് 4ന് ശ്രീരംഗപട്ടണം കോട്ടയുടെ മുറ്റത്ത് ആ ജീവിതം നിലച്ചു. അധിനിവേശ ശക്തികള്‍ക്കെതിരെ അവസാന ശ്വാസം വരെ പോരാടിയ ഇന്ത്യന്‍ പ്രതീക്ഷയുടെ അവസാനകിരണമായ ടിപ്പുവിന്റെ മൃതദേഹത്തിന്നരികെ നിന്ന് ബ്രിട്ടീഷ് സേനാ നായകന്‍ പ്രഖ്യാപിച്ചു.

''ഇന്ത്യ ഇനി നമ്മുടേതാണ്.''

അത് ശരിയായിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തെ വെല്ലുവിളിച്ചിരുന്ന മൈസൂര്‍ രാജ്യം, ഒരു രാഷ്ട്രീയ ശക്തി എന്ന നിലയില്‍ എന്നെന്നേക്കുമായി അസ്തമിച്ചതോടെ ഇന്ത്യ പൂര്‍ണമായും ബ്രിട്ടന്റേതു തന്നെയായി.

ഹൈദരലിയുടെയും ഫഖ്‌റുന്നീസാ ബീഗത്തിന്റെയും മകനായി 1750 നവംബര്‍ 10നാണ് ടിപ്പുവിന്റെ ജനനം. ഫതഹ് അലി ടിപ്പു എന്നാണ് പൂര്‍ണ നാമം. ഹൈദരലി തന്റെ അനന്തരാവകാശിയാവാന്‍ ഒരാണ്‍കുഞ്ഞില്ലാത്തതിന്റെ സങ്കടം മനസ്സില്‍ വെച്ചു കഴിയവെയായിരുന്നു ആ ജനനം.

മകനെ തന്റെ വഴിയിലൂടെത്തന്നെ ഹൈദര്‍ വളര്‍ത്തി. മികച്ച വിദ്യാഭ്യാസം നല്‍കി. യുദ്ധമുറകള്‍ പരിശീലിപ്പിച്ചു. സൈനികനായ പിതാവിന്റെ കൂടെ മിക്ക പടയോട്ടങ്ങളിലും ടിപ്പു പങ്കെടുത്തു.

രണ്ടാം മൈസൂര്‍ യുദ്ധം നടക്കവെ, 1782ല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് മൈസൂരിന്റെ ഭരണമേല്‍ക്കുമ്പോള്‍ ടിപ്പുവിന്റെ പ്രായം 32. ഒട്ടനവധി നാശനഷ്ടങ്ങള്‍ വന്നതോടെ 1784ല്‍ ബ്രിട്ടീഷുകാര്‍ ടിപ്പുവിനെ സന്ധിക്ക് നിര്‍ബന്ധിക്കുകയായിരുന്നു.

ടിപ്പുവിന്റെ നേതൃത്വം മൈസൂരിന് ആവേശം പകര്‍ന്നു. ഇത് ഏറ്റവുമധികം വിറളി പിടിപ്പിച്ചത് ഇംഗ്ലീഷുകാരെയായിരുന്നു. ഇതിനു പുറമെ, ബ്രിട്ടന്റെ ശത്രുക്കളായ ഫ്രഞ്ചുകാരുമായി സൗഹൃദത്തിലുമായി. സൈനിക പരിശീലനത്തിന് അവരുടെ സഹായം തേടി. വിദേശരാജ്യങ്ങളുടെ സഹായവും ബ്രിട്ടീഷുകാര്‍ക്കെതിരെ ടിപ്പുതേടി. ഇതിനെത്തുടര്‍ന്നാണ് മൂന്നാം മൈസൂര്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ടിപ്പു തിരുവിതാംകൂറിനെ അക്രമിച്ചെന്ന കാരണം ചൂണ്ടിയായിരുന്നു 1790ലെ ഈ യുദ്ധം കുറെ പ്രദേശങ്ങളും വന്‍തുകയും ഇതിലൂടെ ബ്രിട്ടീഷൂകാര്‍ക്ക് കൊടുക്കേണ്ടിവന്നു.

1799ലാണ് നാലാം മൈസൂര്‍ യുദ്ധമുണ്ടാകുന്നത്. ടിപ്പുവിനെ നശിപ്പിച്ചില്ലെങ്കില്‍ തങ്ങളുടെ സാമ്രാജ്യത്വമോഹങ്ങള്‍ പൂവണിയില്ലെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടന്‍, വെല്ലസ്ലി പ്രഭുവിനെ ചുമതലയേല്പിച്ചു. കീഴടങ്ങാനുള്ള മുന്നറിയിപ്പ് തള്ളിയ ടിപ്പു പോരാടി മരിക്കുകയായിരുന്നു.

പ്രധാനമന്ത്രിയായിരുന്ന മീര്‍ സാദിഖ്, വിശ്വസ്തനെന്നു കരുതിയിരുന്ന ഗുലാം അലി എന്നിവരെ വിലക്കെടുത്ത ബ്രിട്ടീഷുകാര്‍ ചതിയിലൂടെയാണ് മൈസൂര്‍ സിംഹത്തെ വകവരുത്തിയത്.


 


 

Feedback