ഇന്ത്യാ ഉപഭൂഖണ്ഡം വ്യവസ്ഥാപിതമായ ഒരു രാഷ്ട്രമായിരുന്നില്ല. ചെറുതും വലുതുമായ നൂറുകണക്കിന് നാട്ടുരാജ്യങ്ങളായിരുന്നു. കിടമത്സരവും യുദ്ധങ്ങളും ഇവര്‍ക്കിടയില്‍ സ്ഥിരം കാഴ്ചയായി. സ്വദേശികളും വിദേശികളുമായ പല പ്രമുഖരും വ്യത്യസ്ത കാലങ്ങളിലായി ഇത്തരം ഭരണകൂടങ്ങള്‍ക്ക് നേതൃത്വം നല്‍കി. എട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മദ്ധ്യേഷ്യയില്‍ നിന്നെത്തിയ മുസ്‌ലിം ഭരണാധികാരികള്‍ ഡല്‍ഹി ആസ്ഥാനമായി നൂറ്റാണ്ടുകള്‍ ഭരണം നടത്തി. പത്തൊമ്പതാം നൂറ്റാണ്ടില്‍ വിശാലമായ ഇന്ത്യ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന്റെ കീഴില്‍ വന്നു. തദ്ദേശീയ ഭരണാധികാരികളെ കീഴടക്കിയും കൊന്നൊടുക്കിയും സമരമൊതുക്കി നിര്‍ത്തിയും ഒരു നൂറ്റാണ്ട് കാലം ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചു. ലോകത്ത് പലയിടത്തുമുണ്ടായിരുന്ന കോളനി രാജ്യത്തിലെന്നപോലെ ഇന്ത്യയിലും സ്വാതന്ത്ര്യദാഹം തലപൊക്കി. ഇന്ത്യ ഭരിക്കേണ്ടത് തദ്ദേശീയരായിരിക്കണമെന്ന ആശയത്തിന് പ്രചാരമേറി. 1857 മുതല്‍ വലിയ തോതില്‍ സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടു. അത് ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയെങ്കിലും ഇന്ത്യയില്‍ സ്വാതന്ത്ര്യദാഹം ആളിക്കത്തിക്കാന്‍ അത് നിമിത്തമായി.
ഉത്തരേന്ത്യയില്‍ പ്രബല വിഭാഗമായ മുസ്‌ലിംകള്‍ മറ്റു വിഭാഗങ്ങളുമായി കൈകോര്‍ത്ത് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. ഇന്ത്യയെ സ്വതന്ത്രമാക്കുക എന്ന ലക്ഷ്യത്തില്‍ പടുത്തുയര്‍ത്തപ്പെട്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്ന ഘടകമായി മാറി. ജാതി മത പ്രാദേശിക ഭേദമന്യേ എല്ലാവരും കോണ്‍ഗ്രസിന്റെ സമരത്തില്‍ പങ്കെടുത്തു. 1947ല്‍ ഇന്ത്യ സ്വതന്ത്രമാകുന്നത് വരെ അതു നീണ്ടുനിന്നു. മാത്രമല്ല സ്വാതന്ത്ര്യാനന്തരം നവ ഇന്ത്യ കെട്ടിപ്പടുക്കുന്ന രാഷ്ട്രപുനര്‍നിര്‍മാണ പ്രക്രിയയിലും മുസ്‌ലിംകള്‍ സജീവ പങ്കാളികളായി. പ്രശസ്തരും പ്രഗത്ഭരുമായ നിരവധി സ്വാതന്ത്ര്യ സമര പോരാളികളെ ഭാരതത്തിന് സമ്മാനിക്കാന്‍ മുസ്‌ലിംകള്‍ക്ക് സാധിച്ചു.