Skip to main content

ഹാറൂന്റെ വിജ്ഞാന വിപ്ലവം

സമ്പത്തും സൗന്ദര്യബോധവും ബാഗ്ദാദിനെ വിജ്ഞാന കുതുകികളുടെയും സഞ്ചാരികളുടെയും ഖിബ്‌ലയാക്കി മാറ്റിയ സുവര്‍ണ കാലമായിരുന്നു ഹാറൂന്‍ റശീദിന്റെത്. അക്കാലത്ത് ജീവിച്ചിരുന്ന വിശുദ്ധ പണ്ഡിതന്മാരില്‍ ബഗ്ദാദ് സന്ദര്‍ശിക്കാത്തവരുണ്ടായിരുന്നില്ല.

കവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും പണ്ഡിതര്‍ക്കും സമ്മാനങ്ങള്‍ വാരിക്കോരിയാണ് നല്‍കിയിരുന്നത്. ലോകത്തെ പ്രധാന ഭാഷകളിലേക്കെല്ലാം വിവര്‍ത്തനം ചെയ്തിട്ടുള്ള പ്രശസ്ത ഗ്രന്ഥം 'ആയിരത്തൊന്ന് രാവുകള്‍' (അല്‍ഫ് ലൈല വ ലൈല) ഇക്കാലത്ത് വിരചിതമായതാണ്.
    
ഭാഷാപണ്ഡിതന്‍ അല്‍ ഇസ്മഈ, വ്യാകരണ വിദഗ്ധര്‍  അല്‍ കസാഈ, കവി പുംഗവന്‍ അബൂ നവാസ്, അറബി സൗന്ദര്യ ശാസ്ത്രജ്ഞന്‍ ഖലീല്‍ അഹ്്മദ്, സീബവൈഹി തുടങ്ങിയവര്‍ ഹാറൂനിന്റെ ആദരവിന് പാത്രമായവരില്‍ പെടുന്നു.

ഇമാം മാലിക്, ഇമാം ശാഫിഈ, ഇമാം അഹ്മദുബ്‌നു ഹമ്പല്‍ എന്നിവരുടെ സാന്നിധ്യം ഹാറൂന്റെ കാലഘട്ടത്തെ ധന്യമാക്കി.

ഗ്രീക്ക്, ലാറ്റിന്‍, സംസ്‌കൃതം, പേര്‍ഷ്യന്‍, സുരിയാനി ഭാഷകളിലെ വിവിധ ശാസ്ത്ര- സാഹിത്യ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് ഭാഷാന്തരം നടത്തി. ഇതിനായി ശാസ്ത്ര അക്കാദമി (ബൈതുല്‍ ഹിക്മ) തന്നെ സ്ഥാപിച്ചു.

എഞ്ചിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, ശില്‍പികള്‍, തത്വജ്ഞാനികള്‍ എന്നിവരെ വിദേശ രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവന്ന് മുസ്‌ലിംകള്‍ക്ക് പരിശീലനം നല്‍കി.

ബാഗ്ദാദിന് കപ്പം നല്‍കിവന്നിരുന്ന റോമക്കാര്‍ പുതിയ രാജാവ് വന്നപ്പോള്‍ കപ്പം നിഷേധിച്ചു. അതുവരെ നല്‍കിയ കപ്പം തിരികെ വേണമെന്നും ഹാറൂന്‍ റശീദിനെ അറിയിച്ചു. ക്ഷുഭിതനായ ഖലീഫ നേരിട്ട് യുദ്ധം നയിക്കുകയും റോമയെ പരാജയപ്പെടുത്തി കപ്പം പുന:സ്ഥാപിക്കുകയും ചെയ്തു.

ആഫ്രിക്കയിലെ പ്രശ്‌നങ്ങള്‍ അന്നും തുടരുകയായിരുന്നു. ഇത് പരിഹരിക്കാന്‍ ഇബ് റാഹീമുബ്‌നു അഗ്്‌ലബിനെ ഗവര്‍ണറാക്കി. പിന്നീട് ഇബ്‌റാഹീം അബ്ബാസി ഖിലാഫത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും അഗാലിബ് ഭരണം സ്ഥാപിക്കുകയും ചെയ്തു.

 

Feedback
  • Monday Nov 25, 2024
  • Jumada al-Ula 23 1446