ബുദ്ധിശക്തിയും ചിന്താശേഷിയുമാണ് സൃഷ്ടികളില്‍ മനുഷ്യനെ വ്യതിരിക്തനാക്കുന്നത്. വിജ്ഞാനമന്വേഷിക്കാനും വിവേചിച്ച് കാര്യങ്ങള്‍ തീര്‍പ്പിലെത്താനും മനുഷ്യന് സാധിക്കുന്നു. മനുഷ്യന് തന്റെ ധിഷണ പ്രയോഗിക്കുമ്പോള്‍ നൂതനമായ കണ്ടു പിടിത്തങ്ങളിലൂടെ ഭൗതികമായ പുരോഗതിയും നാഗരികമായ വികാസവും സാധ്യമാവുന്നു. സര്‍വജ്ഞനായ സ്രഷ്ടാവിന്റെ മുമ്പില്‍ ദുര്‍ബലനായ സൃഷ്ടി എന്ന നിലക്ക് മനുഷ്യന് വിനയാന്വിതനാവാന്‍ സാധിക്കണമെങ്കില്‍ പരിമിതമായ മനുഷ്യന്റെ ജ്ഞാന മണ്ഡലത്തിലെ വിജ്ഞാനങ്ങളും അവന്റെ ബൂദ്ധി ശക്തിയും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. വിജ്ഞാനത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തേടിയുള്ള മനുഷ്യന്റെ ഒരോ യാത്രയും സ്വന്തം അസ്തിത്വമുള്പ്പെടെയുള്ള സൃഷ്ടിപ്പിന്റെ പിന്നിലുള്ള അത്ഭുത ശക്തിയെക്കുറിച്ച് ഉള്‍കാഴ്ച നല്കുന്നു. പ്രാപഞ്ചിക വ്യവസ്ഥ കേവലം യാന്ത്രികതയല്ലെന്നും മനുഷ്യനുള്‍പ്പെടെയുള്ള സര്‍വചരാചരങ്ങളുടെയും സൃഷ്ടിപ്പ് അവ്യവസ്ഥാപിതമല്ലെന്നും മനസ്സിലാക്കാന്‍ ചിന്തകൊണ്ട് സാധിക്കുന്നു. സ്രഷ്ടാവിന്റെ കഴിവിന്റെ അപാരത അംഗീകരിക്കാന്‍ ദുര്‍ബലനായ മനുഷ്യനെ പ്രാപ്തനാക്കുന്നത് ബുദ്ധി ശേഷി ഉപയോഗപ്പെടുത്തിയുള്ള ചിന്താ പ്രക്രിയയും വിജ്ഞാനവുമാണ്. മനുഷ്യന്റെ വിജ്ഞാനവും സിദ്ധികളും പരിമിതമായതിനാല്‍ സര്‍വജ്ഞനായ സ്രഷ്ടാവിന്റെ അത്യുന്നതമായ മാര്‍ഗദര്‍ശനം അനിവാര്യമായിത്തീരുന്നു.
വിജ്ഞാനമന്വേഷണത്തിന്റെ വഴിയായ വായന ചിന്തയുടെ ഊര്‍ജമായി വര്‍ത്തിക്കുന്നതിനാല്‍, ദിവ്യവെളിപാടിലൂടെ മുഹമ്മദ് നബിയോട് സ്രഷ്ടാവ് ആദ്യമായി കല്പിക്കുന്നത് സൃഷ്ടിച്ചവനായ നിന്റെ റബ്ബിന്റെ നാമത്തില്‍ നീ വായിക്കുക എന്നാണ്. 'പേനകൊണ്ട് പഠിപ്പിച്ചവനായ അത്യുദാരനായ റബ്ബ്' എന്ന വിശേഷണംകൊണ്ട് എഴുത്തിന്റെ പ്രാധാന്യം വിജ്ഞാന സമ്പാദനത്തില്‍ മികച്ചു നില്‍ക്കുന്നുവെന്ന് എളുപ്പം ഗ്രഹിക്കാം.
ഇസ്ലാമിക ദൃഷ്ട്യാ വിദ്യ ഒരു മഹാധനമാണ്. വിജ്ഞാനം നേടിയവര്‍ക്കും വിജ്ഞാനം തേടുന്നവര്‍ക്കും മതം ആദരണീയമായ സ്ഥാനമാണ് കല്പിക്കുന്നത്. ''മനുഷ്യരില്‍ അല്ലാഹുവെ കൂടുതല്‍ ഭയപ്പെടുന്നത് വിജ്ഞരാണ്''(35:28). ദിവ്യവെളിപാടു കൊണ്ട് അനുഗൃഹീതരായ പ്രവാചകന്മാരുടെ അനന്തരാവകാശം ഏറ്റെടുത്തവര്‍ പണ്ഡിതന്മാരാണ് എന്ന് നബി(സ്വ) പറയുകയുണ്ടായി. ദിര്‍ഹമോ ദീനാറോ അല്ല അവര്‍ക്ക് അനന്തരമായി കിട്ടിയിരിക്കുന്നത്. മനുഷ്യമോചനത്തിന്റെയും ശാശ്വത വിജയത്തിന്റെയും സല്‍പന്ഥാവിലേക്ക് വഴി നടത്താനുതകുന്ന ദൈവിക മാര്‍ഗ ദര്‍ശനത്തിലധിഷ്ഠിതമായ വിജ്ഞാനമാണ്. ഉപകാരപ്രദമായ വിജ്ഞാനത്തിന്റെ അന്വേഷണം വിശ്വാസിയുടെ ബാധ്യതയായിത്തീരുന്നു. സ്വര്‍ഗപ്രവേശനത്തിന്റെ വഴി അവന് വിജ്ഞാന സമ്പാദനം കൊണ്ട് എളുപ്പമായി കിട്ടുന്നു. അല്ലാഹു പറയുന്നു: ''നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ് അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷമമായി അറിയുന്നവനാകുന്നു''(58:11).
വിജ്ഞാനം തേടി ഒരാള്‍ ഒരു വഴിയില്‍ പ്രവേശിച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ള പാത അല്ലാഹു അവന് സുഗമമാക്കി കൊടുക്കുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്(തിര്‍മിദി). നബി(സ്വ)യുടെ സദസ്സുകളില്‍ വിജ്ഞാനം തേടി വരുന്നവരെ റസൂല്‍(സ്വ) സ്നേഹപൂര്‍വം സ്വാഗതം ചെയ്തു. അറിവ് ആര്‍ജിക്കുന്നതിലും സംശയങ്ങള്‍ ദൂരികരിക്കുന്നതിലും ലജ്ജ വേണ്ടതില്ല എന്ന് റസൂല്‍(സ്വ) അനുചരരെ ഉണര്‍ത്തുകയും ചെയ്തു. അബൂഹുറയ്റ(റ)യെ പ്പോലെയുള്ള സ്വഹാബികള്‍ പ്രവാചകന്(സ്വ)യുടെ അടുക്കല്‍ നിന്ന് വിജ്ഞാനത്തിന്റെ മൊഴിമുത്തുകള്‍ ശ്രവിച്ച് അത് പകര്‍ത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും അതീവ ഔത്സുക്യം പ്രകടിപ്പിച്ചു. ജീവിത സന്ധാരണത്തിനുള്ള മാര്‍ഗങ്ങളില്‍ വ്യാപരിക്കാന്‍ പോലും മറന്ന് വിജ്ഞാന സദസസ്സുകളില് അവര്‍ നിറസാനിധ്യമായി. യുദ്ധ ഭീഷണിയുടെ കലുഷിത സാഹചര്യത്തില്‍പോലും ഒരുവിഭാഗം ജ്ഞാന സമ്പാദനത്തില്‍ മുഴുകണമെന്ന ഖുര്‍ആനിന്റെ കല്പന അവര്‍ക്ക് പ്രേരണയായി. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികള്‍ ആകമാനം(യുദ്ധത്തിന്) പുറപ്പെടാവതല്ല. എന്നാല്‍ അവരിലെ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം പുറപ്പെട്ട് പോയിക്കൂടേ? എങ്കില്‍ (ബാക്കിയുള്ളവര്‍ക്ക് നബിയോടൊപ്പം നിന്ന്) മതകാര്യങ്ങളില്‍ ജ്ഞാനം നേടാനും തങ്ങളുടെ ആളുകള്‍ (യുദ്ധരംഗത്ത് നിന്ന്) അവരുടെ അടുത്തേക്ക് തിരിച്ചുവന്നാല്‍ അവര്‍ക്ക് താക്കീത് നല്കുവാനും കഴിയുമല്ലോ. അവര്‍ സൂക്ഷമത പാലിച്ചേക്കാം''(9:122).
വിജ്ഞാനം ഗുരുമുഖത്തു നിന്ന് ആര്‍ജിക്കുന്നതിനാണ് ഇസ്ലാം പ്രാധാന്യം കല്പിക്കുന്നത്. വിശുദ്ധ വേദഗ്രന്ഥത്തിന്റെയും തത്ത്വജ്ഞാനത്തിന്റെയും ഗുരുവര്യനായാണ് അല്ലാഹു മുഹമ്മദ് നബി(സ്വ)യെ വിശേഷിപ്പിക്കുന്നത്(62:2). അറിവിന്റെ പ്രചാരണം നിര്‍വഹിക്കുന്നവര്‍, ഗുരുസ്ഥാനീയരായ പണ്ഡിതന്മാര് ഇവര്‍ക്കെല്ലാം അനുഗൃഹീത പദവിയുണ്ടെന്ന് റസൂല്‍(സ്വ) പഠിപ്പിച്ചു. അല്ലാഹുവും മലക്കുകളും ആകാശ ഭൂമികളിലുള്ള എല്ലാവരും ജനങ്ങള്‍ക്ക് നല്ലത് പഠിപ്പിക്കുന്നര്ക്ക് വേണ്ടി അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുന്നു, മാളത്തിലുള്ള ഉറുമ്പു പോലും (തിര്‍മിദി). അതീവ ഉത്സാഹവും ക്ഷമയും അവധാനതയും ഉള്ള ശിഷ്യര്‍ക്കാണ് ഗുരുമുഖത്തു നിന്ന് വിജ്ഞാനം നേടാന്‍ സാധിക്കുകയെന്ന് അല്ലാഹു ഉണര്‍ത്തുന്നു(18:61). നബി(സ്വ) സദസ്സില്‍ വിജ്ഞാന ദാഹത്തോടെ വന്നിരുന്ന അനുചരര്‍ക്ക് ഗൗരവ സ്വഭാവത്തില്‍ കാര്യങ്ങള്‍ ആവര്‍ത്തിച്ച് പഠിപ്പിക്കുന്ന രീതി സ്വീകരിച്ചിരുന്നു. അറിവിന്റെ മാത്രമല്ല കനിവിന്റെയും ഗുണകാംക്ഷയുടെയും ഉദാത്ത മാതൃകയായിരിക്കണം ഗുരുവര്യന്മാര് എന്ന് വിശുദ്ധ ഖുര്‍ആനിലൂടെ പഠിപ്പിച്ചു തരുന്നു(9:128).
അല്ലാഹുവിന്റെ നിയമ നിര്‍ദേശങ്ങള്‍ക്കനുസൃതം വിജ്ഞാനം വിനിയോഗിക്കണമെന്ന പ്രതിജ്ഞയും സ്വര്‍ഗ പ്രവേശനമെന്ന സദുദ്ദേശ്യവും മാത്രമായിരിക്കണം വിശ്വാസികളെ വിജ്ഞാന സമ്പാദത്തിന് പ്രേരിപ്പിക്കേണ്ടത് നബി(സ്വ) പറഞ്ഞു. അല്ലാഹുവിന്റെ പ്രീതി ആഗ്രഹിക്കാതെ വിജ്ഞാനസമ്പാദനത്തിനിറങ്ങുന്നവര്ക്ക് അവരാഗ്രഹിക്കുന്ന ലൗകികാവശ്യങ്ങള്‍ നേടാനായേക്കാം എന്നാല്‍ സ്വര്‍ഗത്തിന്റെ പരിമളം അവര്‍ക്ക് അനുഭവിക്കാനാവുകയില്ല (അബൂദാവൂദ്, ഇബ്നു മാജ). ഉപകാരപ്രദമായ അറിവ് ആര്‍ജിക്കാനാണ് വിശ്വാസി സദാ പരിശ്രമിക്കേണ്ടതും പ്രാര്‍ഥിക്കേണ്ടതും. ഉപകാരപ്രദമായ ജ്ഞാനത്തെ നീ പ്രദാനം ചെയ്യേണമേ, നേടിയ വിജ്ഞാനത്തെ ഉപകാരപ്രദമാക്കുകയും ചെയ്യേണമേ അറിവ് നീ വര്‍ധിപ്പിച്ച് തരേണമേ, നിനക്കാണ് സര്‍വ സ്തുതിയും.