Skip to main content

മസ്ജിദുല്‍ അഖ്‌സ്വയില്‍ ജുമുഅ നമസ്‌കരിക്കുന്നു

ഹിത്വീന്‍ ജയിച്ചടക്കിയ സ്വലാഹുദ്ദീന്‍ ജറൂസലം ലക്ഷ്യമാക്കി നീങ്ങി.  നിരവധി ചെറു പ്രദേശങ്ങളും ഫ്രഞ്ചു കോട്ടകളും ഈ വഴിയിലുണ്ടായിരുന്നു.  അക്ക, നാസ്വിറ, ഖൈസാരിയ, ഹൈഫ, സ്വഫൂരിയ, യാഫാ തുടങ്ങിയ പ്രദേശങ്ങളും ട്രിബേറിയന്‍, തബ്നീന്‍, ബൈറൂത്ത് എന്നീ കോട്ടകളും ഇവയില്‍ ചിലതു മാത്രമാണ്.

ഹി. 583 റജബ് 15ന് സ്വലാഹുദ്ദീന്‍ ജറൂസലമിലെത്തി. മറ്റ് പ്രദേശങ്ങളില്‍ നിന്നും കോട്ടകളില്‍ നിന്നും ഓടിയവരും സുല്‍ത്താന്‍ മാപ്പ് നല്‍കിയവരും അതുവരെ സുരക്ഷിതമെന്ന് കരുതപ്പെട്ടിരുന്ന അല്‍ഖുദുസ് കോട്ടയില്‍ അഭയം തേടി.  ഇത് ഉപരോധിക്കാന്‍ ഒരുക്കം തുടങ്ങി സുല്‍ത്താന്‍.

പീരങ്കി കൊണ്ട് പരസ്പരം എറിഞ്ഞു. കോട്ടമതിലിനു പുറത്തു കയറി മുസ്‌ലിംകളുടെ നേരെ 'മിഞ്ചനീക്ക്' പ്രയോഗം നടത്തിയ കുരിശുപട മുസ്‌ലിംകളെ വിഷമവൃത്തത്തിലാക്കി. ഒടുവില്‍ സ്വലാഹുദ്ദീനും കൂട്ടരും രണ്ടും കല്പിച്ച് കോട്ടയുടെ കിടങ്ങ് മുറിച്ചു കടന്ന് മതില്‍ തുരന്ന് കോട്ടക്കകത്ത് കയറി തീകൊളുത്തി.  ഇതോടെ നില്‍ക്കക്കള്ളിയില്ലാതായ കുരിശു പടയാളികള്‍ ചിതറിയോടി.  പക്ഷേ പുറത്തുകടക്കാന്‍ അവര്‍ക്ക് വഴികളുണ്ടായിരുന്നില്ല. അവര്‍ സന്ധിക്കൊരുങ്ങി.  ഒന്നും രണ്ടും കുരിശു യുദ്ധങ്ങളിലായി 70,000ത്തിലധികം മുസ്‌ലിംകളെ കൊന്നൊടുക്കിയ കുരിശു പടയോട് പ്രതികാരം ചെയ്യാമായിരുന്നു സ്വലാഹുദ്ദീന്. എന്നാല്‍ അദ്ദേഹം നന്നേ ചെറിയ (പത്തും അഞ്ചും രണ്ടും ദിര്‍ഹം) മോചനദ്രവ്യം നിശ്ചയിച്ച് അവരെ മോചിപ്പിക്കുകയാണ് ചെയ്തത്.

കോട്ടയ്ക്കകത്തെ കണക്കില്ലാത്ത സ്വത്തുക്കള്‍ അവര്‍ക്ക് വിട്ടു കൊടുത്തു.  രാജ്ഞിമാരും രാജകുമാരിമാരുമുള്‍പ്പെടെയുള്ളവര്‍ സുല്‍ത്താനു മുന്നിലെത്തി  കണ്ണുനിറച്ചപ്പോള്‍ അവരുടെ ഭര്‍ത്താക്കന്‍മാരെയും മക്കളെയും വിട്ടുകൊടുത്തു ആ മഹാമനസ്‌കന്‍. ഇതിനെ ഒപ്പമുള്ളവര്‍ എതിര്‍ത്തു.  എന്നാല്‍ സുല്‍ത്താന്റെ മറുപടി ഇതായിരുന്നു.

'നാം അവര്‍ക്ക് കരാര്‍ നല്‍കിയതല്ലേ. അത് ലംഘിക്കാന്‍ ഇസ്ലാം നമ്മെ അനുവദിക്കുന്നില്ല, വഞ്ചന ഇസ്‌ലാമികമല്ലല്ലോ.'

ഖുബ്ബത്തുസ്സഖ്‌റയിലെ സ്വര്‍ണക്കുരിശ് നീക്കം ചെയ്യപ്പെട്ടു. ക്രൈസ്തവ മന്ദിരങ്ങളും ചര്‍ച്ച് മണികളും നശിപ്പിച്ചു. ഖുദ്‌സും മസ്ജിദുല്‍ അഖ്‌സ്വായും ശുദ്ധീകരിച്ചു. നൂറുദ്ദീന്‍ സങ്കി നിര്‍മിച്ച് സൂക്ഷിച്ചുവെച്ച മിമ്പര്‍ സ്വലാഹുദ്ദീന്‍ തന്നെ പള്ളിയില്‍ സ്ഥാപിച്ചു.  ഹി. 583 ശഅ്ബാന്‍ 4ന് സ്വലാഹുദ്ദീനും സൈനികരും മസ്ജിദുല്‍ അഖ്‌സായില്‍ ജുമുഅ നമസ്‌കരിച്ചു.

 


 

Feedback