ഭരണമേറ്റതിനു പിന്നാലെ സ്വലാഹുദ്ദീന്‍ അയ്യൂബി ഈജിപ്തിലെയും സിറിയയിലെയും ആഭ്യന്തര സ്ഥിതി സുസ്ഥിരമാക്കാന്‍ വേണ്ടി ആറു വര്‍ഷക്കാലം ഈജിപ്തില്‍ ചെലവഴിച്ചു. കുരിശുപടയെ അഭിമുഖീകരിക്കുന്നതിന് മുമ്പ് അത് അനിവാര്യമായിരുന്നു.
സ്വലാഹുദ്ദീന്‍ ഭരണത്തിലേറുന്നതിനു മുമ്പായി രണ്ട് കുരിശു യുദ്ധങ്ങള്‍ (ക്രി. 1096-1099, 1147-1149) നടന്നിരുന്നു. ഇതില്‍ ഒന്നാം യുദ്ധത്തിലാണ് ഫലസ്തീനും ഖുദുസും കുരിശുപട കൈയടക്കിയത്. ഇത് തിരിച്ചു പിടിക്കുക എന്നതായിരുന്നു അയ്യൂബിയുടെ ജീവിത ലക്ഷ്യം. മുസ്‌ലിം ലോകമാകട്ടെ, ഈ വിശുദ്ധ ഗേഹം തിരിച്ചുപിടിക്കാനായി ഒരു നായകനെ കാത്തിരിക്കുകയുമായിരുന്നു. മൂന്നാം കുരിശു യുദ്ധം വഴി.
സിബെല്ല രാജ്ഞിയുടെ അധീനതയിലായിരുന്നു അന്ന് ജറൂസലം. തങ്ങളുടെ അഭിമാനം എന്ന നിലയില്‍ ക്രൈസ്തവ യൂറോപ്പ് അതിന് സംരക്ഷണം നല്കി.
വര്‍ഷങ്ങള്‍ നീണ്ട ഒരുക്കങ്ങള്‍ക്കൊടുവില്‍ 1187 ജൂലൈ നാലിന് (ഹി. 583) ത്വബ്‌രിയ തടാകക്കരയിലെ ലോബിയയില്‍ വെച്ച് സ്വലാഹുദ്ദീന്‍ തന്റെ യജ്ഞം തുടങ്ങി. ഖുദുസിലെ രാജാവ് ലോസ്‌നിയാനും കരാക് കോട്ടയുടെ അധിപന്‍ റജിനോള്‍ഡുമായിരുന്നു ശത്രുപക്ഷത്ത്. മുസ്ലിം സൈന്യം 12,000. ശത്രുസൈന്യം ഇതിന്റെ അഞ്ചിരട്ടിയും - 60,000.
സുല്‍ത്താന്റെ സൈനിക പ്രതിഭ ആദ്യന്തം പ്രകടമായ യുദ്ധമാണിത്. പ്രഭാതത്തില്‍, കിഴക്കോട്ടു തിരിഞ്ഞുനിന്നിരുന്ന കുരിശുപടയെ സൂര്യകിരണങ്ങള്‍ അന്ധരാക്കി അവര്‍ക്കു നേരെ സുല്‍ത്താന്‍ എറിഞ്ഞ തീഗോളങ്ങള്‍ അവര്‍ ചവിട്ടി നിന്നിരുന്ന പുല്‍ത്തകിടിയെ കനല്‍കൂടാക്കി. ഇതിനുപുറമെ മുസ്‌ലിം സേനയുടെ അമ്പുകളും വാളുകളും ലക്ഷ്യത്തില്‍ കൊള്ളുക കൂടി ചെയ്തപ്പോള്‍ കുരിശുപട തടാകക്കര വിട്ട് ഓടി. ഇതോടെ അവരുടെ വെള്ളവും മുടങ്ങി. കുരിശു പടയുടെ മുന്നില്‍ കനത്ത തോല്‍വിയല്ലാതെ മറ്റു വഴികളുണ്ടായിരുന്നില്ല.
ആയിരങ്ങള്‍ ബന്ദികളായി. കടുത്ത മുസ്‌ലിം ശത്രുവും ഹജ്ജാജിമാരെ വധിക്കല്‍ വിനോദവുമാക്കിയിരുന്ന റെജിനോള്‍ഡിന് സുല്‍ത്താന്‍ വധശിക്ഷ നല്‍കി. പോസ്‌നിയാന്‍ രാജാവിന് മാപ്പ് നല്‍കുകയും ചെയ്തു. യൂറോപ്യന്‍ അജയ്യതയെ വെല്ലുവിളിച്ച സുല്‍ത്താനു മുന്നില്‍ ഹിത്വീന്‍ കീഴടങ്ങി. ഹിജ്‌റ 583 റബീഉല്‍ ആഖിര്‍ 24 (1187 ജൂലൈ 4)നായിരുന്നു അത്. കുരിശുപടയെ സംബന്ധിച്ചിടത്തോളം, ഹിത്വീനിലെ പരാജയം കനത്ത ആഘാതമായി. ഖുദുസിലേക്കുള്ള കവാടമാണ് ഹിത്വീന്‍. വന്‍ സൈനിക ശക്തി തകര്‍ന്നു. ബൈത്തുല്‍ മുഖദ്ദസിലെ അവരുടെ രാജാവ്, ലോബീനാന്‍ തടവിലുമായി.
ബൈത്തുല്‍ മുഖദ്ദസ് തിരിച്ചു പിടിക്കുന്ന പൊന്‍പുലരിക്കായി മുസ്‌ലിം ലോകം കാത്തിരിക്കുകയായിരുന്നു അപ്പോള്‍.