അവസാനത്തെ ഉമവി ഖലീഫ മര്‍വാനുബ്‌നു മുഹമ്മദിനെ മറിച്ചിട്ട് അബുല്‍ അബ്ബാസ് അസ്സഫ്ഫാഹ് ക്രി.വ.750(ഫി.132)ല്‍ ദമസ്‌കസ് പിടിച്ചു. നബി(സ്വ)യുടെ പിതൃവ്യന്‍ അബ്ബാസിന്റെ സന്തതികളില്‍പെട്ട ഇവര്‍ അബ്ബാസി ഭരണകൂടത്തിന് ശിലയിടുകയും ചെയ്തു.
തിരിച്ചുവന്ന് ഭരണം പിടിക്കാന്‍ ഉമവി കുടുംബത്തിലെ ആരും അവശേഷിക്കരുത് എന്ന ചിന്തയില്‍ അബുല്‍ അബ്ബാസിന്റെ സൈന്യം സിറിയയെ അമവി മുക്തമാക്കി. ചിലരെ വധിച്ചു. പലരും രാജ്യം വിട്ടു. ഇനിയും ബാക്കിയായവര്‍ക്ക് പൊതുമാപ്പും നല്‍കി. എന്നാല്‍ അവരില്‍ രണ്ടു സഹോദരങ്ങള്‍, അവര്‍ കാത്തിരുന്നു. പുതിയൊരു പുലരിക്കായി. ഒടുവില്‍ അവരെത്തേടിയും അബ്ബാസി സേനയെത്തി. പക്ഷേ, അവരില്‍ ഒരാള്‍ ടൈഗ്രീസ് നീന്തിക്കടന്ന് രക്ഷപ്പെട്ടു. വര്‍ഷങ്ങളോളം അലഞ്ഞുതിരിഞ്ഞ് ഒടുവില്‍ കോര്‍ദോവയിലെത്തി, പില്ക്കാലത്ത് ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ചൈതന്യഭൂമിയായ സ്‌പെയിനിന്റെ തലസ്ഥാന നഗരിയില്‍.
സ്വപ്രയത്‌നത്താല്‍ ആ യുവാവ് സ്‌പെയിനിന്റെ ഹൃദയം കവര്‍ന്നു. ചെങ്കോല്‍ പിടിച്ചു. ആ നാട്ടുകാരുടെ അമീറുമായി. ബഹുമാനാദരവുകളോടെ അവര്‍ തങ്ങളുടെ അമീറിനെ അഭിസംബോധന ചെയ്തു. അബ്ദുറഹ്മാന്‍ അദ്ദാഖില്‍ (നവാഗതനായ അബ്ദുറഹ്മാന്‍).
അബ്ബാസി ഖിലാഫത്തിനു കീഴിലെ സ്‌പെയിന്‍ കീഴടക്കി. ഉമവി ഖലീഫയായിരുന്ന ഹിശാമുബ്‌നു അബ്ദില്‍ മലിക്കിന്റെ പൗത്രന്‍ അബ്ദുറഹ്മാനുബ്‌നു മുആവിയ സ്ഥാപിച്ച ഭരണകൂടമാണ് ഉമവി ഭരണം. ക്രി. 756 (ഹി. 138)ല്‍ തുടങ്ങിയ ഈ ഭരണം മൂന്നു നൂറ്റാണ്ടോളം നിലനിന്നു. ക്രി.വ.1027(ഹി.418)ല്‍ ഹിശാം മൂന്നാമന്റെ നിര്യാണത്തോടെയാണ് ഭരണം തകര്‍ന്നത്.
നാഗരികതയുടെയും സംസ്‌കാരത്തിന്റെയും നെറുകയില്‍ സ്‌പെയിനിനെ പ്രതിഷ്ഠിക്കാന്‍ ഈ ഉമവീ ഇമാറാത്തിന് കഴിഞ്ഞു.