അല്‍ ഹകം രണ്ടാമന്റെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ പതിനൊന്നു വയസ്സുകാരന്‍ ഹിശാം രണ്ടാമനാണ് സ്‌പെയിനിന്റെ കിരീടമണിഞ്ഞത്. എന്നാല്‍ ഭരണം നിയന്ത്രിച്ചിരുന്നത് ഹിശാമിന്റെ മാതാവ് സുബ്ഹ് ആയിരുന്നു. കൊട്ടാരവുമായും ഹിശാമിന്റെ കുടുംബവുമായും അടുത്ത ബന്ധമുണ്ടായിരുന്ന ഇബ്‌നു ആമിര്‍ മന്ത്രിയുമായി. പിന്നീട് ഇദ്ദേഹം ഹാജിബ് (അംഗരക്ഷകന്‍, പ്രധാനമന്ത്രിക്ക് തുല്യമായ പദവി) എന്ന പദവിയും മന്‍സൂര്‍ എന്ന പേരും സ്വീകരിച്ചു. സാവധാനം മന്‍സൂര്‍ അധികാര കേന്ദ്രം തന്നെയായി. ഖലീഫ അദ്ദേഹത്തിന്റെ കീഴിലാവുന്ന സ്ഥിതിയും വന്നു.
എങ്കിലും മന്‍സൂര്‍ പ്രാപ്തനും പ്രതിഭാവിലാസമുള്ളവനുമായിരുന്നു. ആഭ്യന്തര കലാപകാരികള്‍, വൈദേശിക ശത്രുക്കള്‍ എന്നിവരുമായി അമ്പതിലേറെ തവണ യുദ്ധം നടത്തിയ അദ്ദേഹം ഒന്നില്‍ പോലും പരാജയം രുചിച്ചിട്ടില്ലെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു.
സൈന്യത്തിലെ സ്ലാവുകളുടെ ധിക്കാരം അസഹ്യമായപ്പോള്‍ ബര്‍ബറുകളെ ചേര്‍ത്ത് സന്തുലിതത്വമുണ്ടാക്കിയതും കൃഷിയും വ്യവസായവും വികസിപ്പിച്ചതും ക്രൈസ്തവ തീവ്രവാദികളെ നിലക്കുനിര്‍ത്തിയതും മന്‍സൂറിന്റെ മികച്ച പ്രവര്‍ത്തനങ്ങളാണ്. ഹാജിബ് പദവി തന്റെ കുടുംബത്തില്‍ നിക്ഷിപ്തമാക്കിയാണ് ക്രി. 1002ല്‍ മന്‍സൂര്‍ വിടവാങ്ങിയത്.
ഉമവി കുടുംബങ്ങള്‍ തമ്മിലുള്ള കിടമത്സരങ്ങളും അധികാര വടംവലികളുമാണ് പിന്നീട് സ്‌പെയിനില്‍ അരങ്ങേറിയത്. ഇരുപത് വര്‍ഷത്തിനിടെ ഒമ്പത് ഖലീഫമാര്‍ മാറിമാറി ഭരിച്ചു. അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ വീണ്ടും തിരിച്ചുവന്നു. ചിലര്‍ ഒന്നോ രണ്ടോ വര്‍ഷം, മറ്റു ചിലര്‍ മാസങ്ങളോളം ഖിലാഫത്ത് നടത്തി.
ദുര്‍ബലരായ ഖലീഫമാര്‍ സ്ലാവ്, ബര്‍ബര്‍ വിഭാഗത്തില്‍ നിന്നുവന്ന അംഗരക്ഷകരുടെ (ഹാജിബ്) പാവകള്‍ മാത്രമായി. ഏറെ സങ്കടകരമായത് ഖലീഫയെ മാറ്റുന്നതിലും വാഴിക്കുന്നതിലും ക്രൈസ്തവര്‍ ചരടുവലി തുടങ്ങി എന്നതാണ്. കലഹിക്കുന്ന മുസ്‌ലിംകളുടെ പക്ഷത്ത് അവസരത്തിനൊത്ത് മാറിമാറി നിന്ന് അവര്‍ ഉമവി ഭരണത്തകര്‍ച്ചക്ക് ആക്കം കൂട്ടി. ഖലീഫമാര്‍ വധിക്കപ്പെടുന്നതും സ്ഥാനഭ്രഷ്ടരാക്കപ്പെടുന്നതും പതിവായി.
ഇതിനിടെ വടക്കെ ആഫ്രിക്കയിലെ ഇദ്‌രീസി വംശജനായ അലിബ്‌നു ഹമൂദ് സിംഹാസനം പിടിച്ചു. എന്നാല്‍ ജനം അദ്ദേഹത്തെ പുറത്താക്കി. വൈകാതെ സ്‌പെയിനിലെ പ്രവിശ്യകളോരോന്നും സ്വതന്ത്രമാവുകയും ഹിശാം മൂന്നാമനോടെ 275 വര്‍ഷം നീണ്ട ഉമവീ ഭരണത്തിന് സ്‌പെയിനില്‍ തിരശ്ശീല വീഴുകയും ചെയ്തു. ക്രി. 1031ലാണ് (ഹി. 422) ഇത് സംഭവിച്ചത്.