സ്‌പെയിനിനെ ചരിത്രത്തിലെ വിസ്മയങ്ങളിലൊന്നാക്കിയ മഹാന്‍മാരായ മുസ്‌ലിം ഭരണാധികാരികളില്‍ അവസാനത്തെ ആളാണ് ഹകം രണ്ടാമന്‍. അബ്ദുറഹ്മാന്‍ നാസിറിന്റെ മകന്‍.
പിതാവില്‍ നിന്ന് അനന്തരമായി ലഭിച്ച രാജ്യം ക്ഷേമപൂര്‍ണവും സമാധാന നിര്‍ഭരവുമായിരുന്നു. ചില പ്രഭുക്കളും ക്രൈസ്തവ തീവ്രവാദികളും മാത്രമേ അപവാദങ്ങളായുണ്ടായുള്ളൂ. തന്റെ രണവീരന്‍മാരായ സകാലിബ സൈന്യത്തിനു മുമ്പില്‍ അവര്‍ നിഷ്പ്രഭരായി.
ഹകം പണ്ഡിതനും പട്ടാളക്കാരനുമായിരുന്നു. കലയും സാഹിത്യവും ശാസ്ത്രവും അദ്ദേഹത്തിന്റെ ഇഷ്ട വിഷയങ്ങളാണ്. ലോകത്തിന്റെ ഏത് ഭാഗത്തു പുതിയ പുസ്തകം പുറത്തിറങ്ങിയാലും അത് തന്റെ ലൈബ്രറിയില്‍ അദ്ദേഹം എത്തിക്കും. അക്കാലത്ത് നാലു ലക്ഷം ഗ്രന്ഥങ്ങള്‍ കൊര്‍ദോവയിലെ ഹകമിന്റെ ലൈബ്രറിയിലുണ്ടായിരുന്നു. അബുല്‍ ഫറജുല്‍ ഇസ്ഫഹാനിയുടെ 'കിതാബുല്‍ അഗാനീ' ആയിരം സ്വര്‍ണനാണയം ഗ്രന്ഥകാരന് നല്‍കി ഹകം സ്വന്തമാക്കി.
പുസ്തകം വായിക്കാനും അസ്വാദനക്കുറിപ്പുകള്‍ എഴുതാനും ഈ ഭരണാധികാരി സമയം കണ്ടെത്തി. യൂറോപ്പിലെ ഇതര ക്രൈസ്തവ രാജ്യങ്ങളിലെ ഭരണാധികാരികള്‍ പോലും നിരക്ഷരരായിരുന്ന കാലത്താണീ സ്‌പെയിനിലെ വിജ്ഞാന വിപ്ലവം.
ബഗ്ദാദിലും കെയ്‌റോവിലും അന്ന് സര്‍വകലാശാലകളുണ്ടായിരുന്നു. യൂറോപ്പിലെ പ്രഥമ സര്‍വകലാശാല ഹകം രണ്ടാമന്‍ കൊര്‍ദോവയില്‍ സ്ഥാപിച്ചതാണ്.
15 വര്‍ഷമാണ് ഹകം രണ്ടാമന്‍ ഭരണം നടത്തിയത്. ക്രി.വ. 976ല്‍ (ഹി. 366) അദ്ദേഹം ദിവംഗതനായി.