ഗവേഷണ-പ്രസ്താവനാ വൈവിധ്യങ്ങളാല്‍ ആശയക്കുഴപ്പം ഇത്രയധികം ഉണ്ടാക്കിയ ഇതുപോലുള്ള മറ്റൊരു സംഭവം മലയാളത്തില്‍ ഒരു പക്ഷേ, ഉണ്ടാവില്ല. ചേരമാന്‍ പെരുമാളിന്റെ കൊടുങ്ങല്ലൂര്‍ ഭരണം, ഇസ്‌ലാം സ്വീകരണം എന്നിവയില്‍ ഏതാണ്ട് അഭിപ്രായ ഐക്യം ചരിത്രകാരന്മാര്‍ക്കിടയിലുണ്ട്. കൊടുങ്ങല്ലൂരില്‍ മാലിക്കുബ്‌നു ദീനാര്‍ പള്ളിയുമുണ്ടല്ലോ.
എന്നാല്‍, പെരുമാള്‍ അറേബ്യയിലേക്ക് പോയോ, മക്കയിലെത്തി നബി(സ്വ)യെ കണ്ടോ, ഇസ്‌ലാം സ്വീകരിച്ച് മടങ്ങിയത് എങ്ങോട്ട് തുടങ്ങിയ കാര്യങ്ങളിലാണ് ഭിന്നാഭിപ്രായം നിലനില്‍ക്കുന്നത്.
ചേരമാന്‍ പെരുമാള്‍ അറേബ്യയിലേക്ക് പോവുകയും ഇസ്‌ലാം സ്വീകരിക്കുകയും ഷാര്‍ പട്ടണത്തില്‍ ദീര്‍ഘകാലം താമസിച്ച് അവിടെ വെച്ചു തന്നെ മരിക്കുകയും ചെയ്തു. എന്നാല്‍ നബിയെ കണ്ടെന്നോ അറേബ്യയിലേക്കു പോയത് ഏത് വര്‍ഷത്തിലാണെന്നോ ലോഗന്‍ പറയുന്നില്ല. ഇതാണല്ലോ മലബാര്‍ മാന്വലില്‍ നിന്ന് വ്യക്തമായത്. തുഹ്ഫത്തുല്‍ മുജാഹിദീന്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമും ഇതേ അവതരണമാണ് നടത്തിയിട്ടുള്ളത്.
ചരിത്ര ഗവേഷകനായിരുന്ന കേസരി. എ. ബാലകൃഷ്ണപിള്ള പറയുന്നതിങ്ങനെ:
''AD 628ല്‍ ആഫ്രിക്കയിലെ എല്ലാ രാജാക്കന്മാര്‍ക്കും പ്രവാചകന്‍ എഴുത്തയക്കുകയുണ്ടായി. ഇക്കൂട്ടത്തില്‍ കേരളത്തിലെ ചേരമാന്‍ പെരുമാളിനും അയച്ചു. അറേബ്യക്ക് കേരളവുമായി വളരെ മുമ്പു തന്നെ വ്യാപാരബബന്ധമുണ്ടായിരുന്നല്ലോ. പെരുമാള്‍ പ്രവാചകന്റെ 57-ആം വയസ്സില്‍ നബിയുമായി കണ്ടുമുട്ടുകയും ചെയ്തിരുന്നുവെന്നതിന് അടിസ്ഥാനമാണ് പ്രസ്തുത കത്ത്''. (ചരിത്ര കേരളം മുഖവുര).
പ്രവാചകന്റെ കാലത്തു തന്നെയാണ് കേരള രാജാവിന്റെ ഇസ്‌ലാം മത പ്രവേശം നടന്നതെന്ന് വിശുത ചരിത്ര പടു ഫിരിശ്ത വീക്ഷിക്കുന്നുണ്ട്. (താരിഖ് ഫിരിശ്ത, വാള്യം-രണ്ട്, പേജ്-370).
കേസരിയും ഫിരിശ്തയും പെരുമാള്‍ നബി(സ്വ)യെ കണ്ടു എന്ന് തന്നെ സമര്‍ഥിക്കുന്നു. ഡോ. മുഹ്‌യിദ്ദീന്‍ ആലുവായ്, ഡോ. ബര്‍ണല്‍ എന്നിവരും നബിയുടെ കാലത്ത് തന്നെ കേരളത്തില്‍ ഇസ്‌ലാം എത്തി എന്നു പറഞ്ഞ് മേല്‍ കണ്ടെത്തലിനെ അനുകൂലിക്കുന്നു. പെരുമാള്‍ അറേബ്യയില്‍ പോയി എന്നതിനെ നിഷേധിക്കേണ്ടതില്ല എന്നാണ് ചരിത്ര പണ്ഡിതന്‍ പി. എ. മുഹമ്മദിന്റെയും അഭിവീക്ഷണം.
'ശക്രൂതി ഫര്‍മാള്‍' (പെരുമാള്‍ ചക്രവര്‍ത്തി) എന്ന ഒരു രാജാവ് ഇസ്‌ലാം മതം സ്വീകരിച്ച് അറേബ്യയില്‍ പോയതിന്റെ രേഖ ലണ്ടണിലെ ഇന്ത്യ ഓഫീസ് ലൈബ്രറിയിലുണ്ട്. എന്നാല്‍ സയ്യിദ് സുലൈമാന്‍ നദ്‌വി പെരുമാള്‍ നബി(സ്വ)യെ കണ്ടതും അവിടെ വെച്ച് ഇസ്‌ലാം സ്വീകരിച്ചതും തള്ളിക്കളയുകയാണ്്. അങ്ങനെയൊരു സംഭവം നടന്നിരുന്നെങ്കില്‍ അത് ഹദീസില്‍ തീച്ചയായും പരാമര്‍ശിക്കപ്പെടുമായിരുന്നുവെന്നാണ് നദ്‌വിയുടെ ന്യായം. നദ്‌വി, ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം എന്നിവരുടെ വീക്ഷണം മുന്‍നിര്‍ത്തി, നബി(സ്വ) പെരുമാള്‍ കൂടിക്കാഴ്ചയുടെ സംഭവ്യതയെ തോമസ് ആര്‍ഹോള്‍ഡും തള്ളുകയാണ്.
ചരിത്ര വിശാരദന്‍ ഡോ. എം. ജി. എസ്. നാരായണന്‍ ഈ സംഭവങ്ങളെ അവഗണിക്കുന്നില്ല. എന്നാല്‍ ചേരമാന്‍ പെരുമാള്‍ ജീവിച്ചത് 12-ആം നൂറ്റാണ്ടിലാണെന്നാണ് എം. ജി. എസ്. പറയുന്നത്. പിന്നെങ്ങനെ അദ്ദേഹം നബിയെ മക്കയില്‍ പോയി കാണുമെന്ന് അദ്ദേഹം ചോദിക്കുന്നു.
പ്രസ്തുത സംഭവത്തിന്റെ വിശ്വസനീയതയെ ചോദ്യം ചെയ്യുന്നവരുടെ ഏതാനും സംശയങ്ങള്‍ ഇങ്ങനെ:
1. മാലിക്കുബ്‌നു ദീനാര്‍ എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത് പ്രമുഖ താബി ഈയായ ഹസ്വന്‍ ബസ്വരിയുടെ ശിഷ്യനായ, ഹി. 175 ല്‍ മരിച്ച മാലിക് ദീനാറാണ്. അദ്ദേഹം വിവാഹം പോലും കഴിച്ചിട്ടില്ല. പിന്നെങ്ങനെ അദ്ദേഹം 'കുടുംബ സമേതം' വന്ന് കൊടുങ്ങല്ലൂരില്‍ താമസിക്കും?
2. ക്രി. 1221 വരെ പെരുമാള്‍ രാജാക്കന്മാര്‍ കൊടുങ്ങല്ലൂര്‍ ആസ്ഥാനമാക്കി ഭരിച്ചിട്ടുണ്ട്. രാജ്യം സാമാന്തര്‍ക്ക് വീതിച്ചു നല്‍കി ക്രി. വ. ഏഴാം നൂറ്റാണ്ടില്‍ പെരുമാള്‍ അറേബ്യയിലേക്ക് പോയി എന്നത് പിന്നെങ്ങനെ സത്യമാവും?
3. ഒരു രാജാവ് നബിയെ കണ്ട ഉടനെ അദ്ദേഹത്തിന് താജുദ്ദീന്‍ (മതത്തിന്റെ കിരീടം) എന്ന പേരിട്ടു എന്നത് തീര്‍ത്തും അവിശ്വസനീയമല്ലേ?
ചുരുക്കത്തില്‍, മലബാറിലെ ഒരു രാജാവ് അറേബ്യന്‍ വ്യാപാരികള്‍ വഴി ഇസ്‌ലാം സ്വീകരികുകയും മുസ്‌ലിംകളെ മാന്യമായി സ്വീകരിക്കുകയും അവരുടെ മത പ്രചാരത്തിന് സൗകര്യമൊരുക്കി നല്‍കുകയും ചെയ്തു എന്നത് ചരിത്ര വസ്തുതയാണ്.