Skip to main content

മുസ്‌ലിംകള്‍ കേരളത്തില്‍ (35)

ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഒരു കൊച്ചു സംസ്ഥാനമാണ് കേരളം. കേരളത്തിലെ ജനസംഖ്യയില്‍ പ്രമുഖ സ്ഥാനം മുസ്‌ലിംകള്‍ക്കുണ്ട്. ഐക്യകേരളം പിറവിയെടുക്കുന്നത് 1956 ലാണെങ്കിലും മലബാര്‍, തിരുകൊച്ചി, തിരുവിതാംകൂര്‍ എന്നീ പ്രദേശങ്ങളില്‍ മുസ്‌ലിംകള്‍ നിര്‍ണായക ശക്തിയായിരുന്നു. ക്രി. ഏഴാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ കേരളത്തിലേക്ക് ഇസ്‌ലാം കടന്നുവന്നു. കേരളത്തിന്റെ പശ്ചിമ തീരത്തെ വാണിജ്യ കേന്ദ്രങ്ങളിലുള്ള കച്ചവടക്കാരിലധികവും അറബികളില്‍ നിന്നായിരുന്നു. അവരാണ് ആദ്യമായി ഇസ്‌ലാമിലേക്ക് കടന്നുവന്നത്. തദ്ദേശീയരില്‍ നല്ലൊരു വിഭാഗവും ഇസ്‌ലാം സ്വീകരിച്ചു. തദ്ദേശീയരുമായി അറബി കച്ചവടക്കാര്‍ വിവാഹബന്ധത്തിലേര്‍പ്പെടുകയുമുണ്ടായി. അങ്ങനെ കേരളത്തില്‍ മുസ്‌ലിംകള്‍ വ്യാപിച്ചു. വിശേഷിച്ചും തീരദേശങ്ങളില്‍. അവിടുന്നിങ്ങോട്ട് വര്‍ത്തമാന കാലഘട്ടം വരെ മുസ്‌ലിംകള്‍ കേരളസമൂഹത്തിന്റെ അവിഭാജ്യഘടകമായി.

ഒരു സമുദായമെന്ന നിലയില്‍ നിരവധി ഉത്ഥാനപതനങ്ങള്‍ മുസ്‌ലിംകള്‍ക്കു നേരിടേണ്ടി വന്നു. ചരിത്രപരമായ പല കാരണങ്ങളാലും പിന്നാക്കത്തിന്റെ പിന്നണിയിലേക്ക് തള്ളപ്പെട്ട കേരള മുസ്‌ലിംകള്‍ക്കിടയില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ആരംഭിച്ച നവോത്ഥാന യജ്ഞത്തിലൂടെ സമുദായം കരകയറിത്തുടങ്ങി. ആ നവോത്ഥാനത്തിന്റെ ഫലം അനുഭവിക്കുന്നവരാണ് മുസ്‌ലിം സമൂഹത്തിലെ നവതലമുറ. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി മുസ്‌ലിംകള്‍ക്ക് അര്‍ഹമായ ഇടം നേടിക്കൊടുക്കാന്‍ കേരളത്തിലെ നവോത്ഥാനത്തിനു കഴിഞ്ഞു. വിശ്വാസാചാരങ്ങളിലും സാമൂഹിക സാംസ്‌കാരിക തലങ്ങളിലും വിദ്യാഭ്യാസ വൈജ്ഞാനിക മേഖലകളിലും രാഷ്ട്രീയ ഭരണ മേഖലകളിലും ഒന്നിച്ചുള്ള മുന്നേറ്റമായിരുന്നു ഫലപ്രദമായ ഈ നവജാഗരണത്തിനു കാരണം. പലകാര്യങ്ങളിലുമെന്ന പോലെ മുസ്‌ലിം നവോത്ഥാനത്തിലും ഇന്ത്യക്ക് മാതൃകയാണ് കേരളം.
 

Feedback