ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതോടെ ലോക മുസ്‌ലിംകളെ നടുക്കുകയും വേദനിപ്പിക്കുകയും ചെയ്ത ചില സംഭവവികാസങ്ങള്‍ ഉണ്ടായി. യുദ്ധത്തില്‍ ജര്‍മന്‍ പക്ഷത്തായിരുന്നു തുര്‍ക്കി. തുര്‍ക്കി സുല്‍ത്താനെ ലോക മുസ്‌ലിംകള്‍ തങ്ങളുടെ ഖലീഫയായി, ആത്മീയ നേതാവായി അംഗീകരിച്ചിരുന്നു. സുല്‍ത്താന്റെ നേരിട്ടുള്ള ഭരണത്തിലായിരുന്നു മുസ്‌ലിംകളുടെ പുണ്യ സ്ഥലങ്ങളായ മക്കയും മദീനയും ഉള്‍പ്പെടുന്ന അറേബ്യ. യുദ്ധത്തില്‍ പരാജയപ്പെട്ട തുര്‍ക്കിയുടെ ഭരണ പ്രദേശങ്ങളെല്ലാം യുദ്ധത്തില്‍ വിജയിച്ച ബ്രിട്ടനും ഫ്രാന്‍സും കൈയടക്കി. അതോടെ തുര്‍ക്കി സുല്‍ത്താന്റെ ഖലീഫ പദവി നഷ്ടപ്പെട്ടു. അറേബ്യയുടെ ഭരണച്ചുമതലകള്‍ക്ക് ബ്രിട്ടന്‍ അവരുടെ നോമിനിയായ ഒരു ഗവര്‍ണറെ നിയമിച്ചു. ഈ നടപടിയെ ലോക മുസ്‌ലിംകള്‍ എതിര്‍ത്തു. ഖിലാഫത്ത് കാര്യത്തില്‍ തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെടുന്ന ഒരു പ്രസ്ഥാനം (ഖിലാഫത്ത് പ്രസ്ഥാനം) മുസ്‌ലിം നേതാക്കന്‍മാരുടെയും പണ്ഡിതന്‍മാരുടെയും നേതൃത്വത്തില്‍ ഉടലെടുത്തു. മൗലാന മുഹമ്മദ് അലി, മൗലാന ഷൗക്കത്തലി, മൗലാന അബുല്‍ കലാം ആസാദ്, ഹകീം അഹ്മദ് ഖാന്‍ തുടങ്ങിയ ദേശീയ നേതാക്കളായിരുന്നു മുന്‍നിരയില്‍. അവര്‍ മുസ്‌ലിംകളോട് ബ്രിട്ടീഷ് സര്‍ക്കാറിനെതിരായ നിലപാട് സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. മൗലാന അബുല്‍ കലാം ആസാദിനെപ്പോലുള്ള ദേശീയ നേതാക്കള്‍ മുസ്‌ലിംകളോട് ബ്രിട്ടന്റെ സൈന്യത്തില്‍ ചേരരുതെന്നും ഗവണ്‍മെന്റ് ജോലി സ്വീകരിക്കരുതെന്നും നികുതിയും പാട്ടവും അടയ്ക്കരുതെന്നും ഗവ. വിദ്യാലയങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ടു. ബ്രിട്ടനെതിരായ മനോഭാവം മുസ്‌ലിംകളില്‍ വളര്‍ത്തുന്നതിന് ഇത് വളരെ സഹായകമായി.
മുസ്‌ലിം ഭൂരിപക്ഷപ്രദേശമായ മലബാറില്‍ ഈ സംഗതി കൂടുതല്‍ പ്രകടമായി. മലബാര്‍ മുസ്‌ലിംകള്‍ പൊതുവില്‍ മാപ്പിളമാര്‍ എന്നറിയപ്പെടുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരായ മഹാത്മാഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തില്‍ സ്വാഭാവികമായും മാപ്പിളമാര്‍ താത്പര്യമുള്ളവാരായിരുന്നു. എന്നാല്‍ ഗന്ധിജിയുടെ അക്രമരാഹിത്യ സിദ്ധാന്തം ഉള്‍ക്കൊള്ളാനും അതിനനുയോജ്യമായ നിലയില്‍ തങ്ങളുടെ കര്‍മപരിപാടികള്‍ രൂപപ്പെടുത്താനും അവര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. ഗവണ്‍മെന്റ് വിരുദ്ധ മനോഭാവം അവരില്‍ വളര്‍ത്തുന്നതില്‍ മലബാര്‍ കലക്ടര്‍ തോമസിനും പൊലീസ് സൂപ്രണ്ട് ഹിച്ച്‌കോക്കിനും മറ്റ് ഉദ്യോഗസ്ഥന്‍മാര്‍ക്കും വലിയ പങ്കുണ്ടായിരുന്നു. പൊലീസിന്റെ പരസ്യമായ കൈയേറ്റങ്ങള്‍ക്കും ഉദ്യോഗസ്ഥന്‍മാരുടെ അഴിമതികള്‍ക്കും മാപ്പിളമാര്‍ നിസ്സഹായരായ കരുക്കളായി. മാപ്പിളമാര്‍ക്ക് എന്തെങ്കിലും സഹായം നല്‍കാന്‍ കഴിവുള്ളവര്‍ ജന്മി കളായിരുന്നു. എന്നാല്‍ അവര്‍ക്ക് മാപ്പിളമാരോട് യാതൊരു അനുഭാവവും ഉണ്ടായിരുന്നില്ല. അവരുടെ അവശതകള്‍ക്ക് പരിഹാരം കാണുന്നതില്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് സഹായിക്കാമായിരുന്നു. അതിനവര്‍ മുതിര്‍ന്നില്ല. സ്വാഭാവികമായും മാപ്പിളമാരുടെ മനസ്സില്‍ മുന്നിട്ടുനിന്നത് ജന്മിവിരോധവും ഗവണ്‍മെന്റ് വിരോധവുമായിരുന്നു. ഗവണ്‍മെന്റും ജന്മിമാരും അവരുടെ മേല്‍ അടിച്ചേല്‍പ്പിച്ച ആഘാതങ്ങളെ സംയമനത്തോടെ നേരിടാന്‍ അവര്‍ക്കു സാധിച്ചതുമില്ല. ഇതിനവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.
ജന്മിമാരുടെ കൈയേറ്റങ്ങളും ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍മാരുടെ അക്രമങ്ങളും മലബാറിലെ മുസ്‌ലിംകളെ ക്ഷുഭിതരാക്കി. നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയില്‍ അവരെത്തി. അതിനിടയില്‍ ഖിലാഫത്ത് നേതാക്കളായ യാക്കൂബ് ഹസന്‍, കലന്തന്‍ നായര്‍ തുടങ്ങിയവരെ അറസ്റ്റ് ചെയ്ത് ബ്രിട്ടീഷുകാര്‍ ഖിലാഫത്ത് അണികളെ രോഷം കൊള്ളിച്ചു. മാപ്പിളമാര്‍ ജന്മിമാര്‍ക്കെതിരെ ആഞ്ഞടിച്ചു. അത് ഹിന്ദു മുസ്‌ലിം സംഘട്ടനങ്ങളായി വ്യാഖ്യാനിക്കപ്പെട്ടു. പൊലീസിന്റെ കൈയേറ്റങ്ങളെ അവര്‍ അക്രമം കൊണ്ട് നേരിട്ടു. ഇതോടെ പൊലീസും പട്ടാളവും ന്യായീകരണമില്ലാത്ത വിധത്തിലുള്ള കടുത്ത നടപടികള്‍ ആരംഭിച്ചു. അങ്ങനെ മലബാര്‍ സമരം പരന്നു. പല പ്രദേശങ്ങളിലും ഹിന്ദു മുസ്‌ലിം ലഹളകളായി അതു മാറി. മാപ്പിളമാരെ അടിച്ചമര്‍ത്താനുള്ള അവസരമാക്കി, ഗവണ്‍മെന്റ് ഈ സമരങ്ങളെ ഉപയോഗപ്പെടുത്തി.
അവിശ്വസനീയമായ വിധത്തിലായിരുന്നു പൊലീസും പട്ടാളവും മാപ്പിളമാര്‍ക്കു നേരെ നടപടികളെടുത്തത്. വന്‍തോതില്‍ വെടിവെപ്പും കൂട്ടക്കൊലയും നടന്നു. ആയിരക്കണക്കിന് മാപ്പിളമാരെ തടങ്കലിലാക്കി. അനവധിയാളുകളെ അന്തമാനിലേക്ക് നാടുകടത്തി. ഗവണ്‍മെന്റിന്റെ ഭീകര പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു വാഗണ്‍ ട്രാജഡി. കണ്ണില്‍കണ്ടവരെയെല്ലാം പിടിച്ച് ചരക്കുകയറ്റുന്ന ഒരു വാഗണില്‍ കുത്തിനിറച്ചു. വാതിലുകളടച്ചു. ഒരു തീവണ്ടിക്കു ബന്ധിച്ചുകൊണ്ട് ആ വാഗണ്‍ നീങ്ങി. ആ വണ്ടി തമിഴ്‌നാട്ടിലെ പോത്തനൂര്‍ സ്‌റ്റേഷനിലെത്തിയപ്പോഴേക്കും അതില്‍ കുത്തിനിറച്ചിരുന്ന ഭൂരിപക്ഷം ആളുകളും മരിച്ചിരുന്നു. മറ്റുള്ളവര്‍ ബോധരഹിതരും മൃതപ്രായരുമായിരുന്നു. 1921 ആഗസ്റ്റ് ആയപ്പോഴേക്കും ബ്രിട്ടീഷ്പട്ടാളവും മാപ്പിളമാരും നേരിട്ട് ഏറ്റുമുട്ടി. ഇതാണ് മലബാര്‍ സമരം.
ഒഴിവാക്കാമായിരുന്ന ഒരു ദുരന്തമാണ് 'മാപ്പിള ലഹള' എന്ന പേരില്‍ അറിയപ്പെട്ട മലബാര്‍ സമരം. എന്നാല്‍ ഭരണാധികാരികള്‍ക്ക് മാപ്പിളമാരുടെ മനോവീര്യത്തെയും ആത്മാഭിമാനത്തെയും അവരുടെ താല്‍പര്യങ്ങളെയും തകര്‍ക്കുകയായിരുന്നു ആവശ്യം.
യഥാര്‍ഥത്തില്‍ ബ്രിട്ടീഷ് വിരുദ്ധ വികാരവും ബ്രിട്ടീഷുകാരുടെ അരികുപറ്റിയ ജന്മിമാരോടുള്ള എതിര്‍പ്പും മൂലം ബ്രിട്ടീഷുകാര്‍ ഇവിടെ ഭരിക്കരുത് എന്ന നിലപാടെടുക്കുകയായിരുന്നു മലബാറിലെ മുസ്‌ലിംകള്‍. ദൗര്‍ഭാഗ്യവശാല്‍ 'മാപ്പിള ലഹള', 'മലബാര്‍ കലാപം' എന്നീ പ്രതിലോമപരമായ നാമധേയത്തില്‍ ഈ ബ്രിട്ടീഷ് വിരുദ്ധ സമരത്തെ ബ്രിട്ടീഷുകാര്‍ പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തരം മലബാര്‍ സമരത്തില്‍ പങ്കെടുത്ത് അവശതയനുഭവിച്ച് അവശേഷിച്ചവര്‍ക്ക് സ്വാതന്ത്ര്യസമര പെന്‍ഷന്‍ നല്കി ഇന്ത്യാ ഗവണ്‍മെന്റ് അവരെ ആദരിക്കുകയുണ്ടായി.