Skip to main content

മദീനയിലെ പണ്ഡിതന്‍ (2-2)

റബീഅത്തുബ്‌നു അബീ അബ്ദുറഹ്മാന്‍, റബീഅത്തുര്‍റഅ്‌യ് എന്നീ പേരുകളില്‍ അറിയപ്പെട്ട റബീഅത്തുബ്‌നു ഫര്‍റൂഖ് ഹദീസ് നിവേദക പരമ്പരയിലെ അഞ്ചാം വിഭാഗക്കാരില്‍ പ്രമുഖനാണ്.  ജനനം മദീനയില്‍. തൈം ഗോത്രക്കാരന്‍. പിതാവ് ഫര്‍റൂഖ്, മാതാവ് സുഹൈല.

മദീനയുടെ പണ്ഡിതന്‍, ആധികാരിക വീക്ഷണങ്ങള്‍ ഉള്ള വ്യക്തി എന്നീ നിലകളില്‍ അംഗീകരിക്കപ്പെട്ടിരുന്നു.

പ്രമുഖ സ്വഹാബിമാരും താബിഉകളുമായ അനസുബ്്‌നു മാലിക്, സാഇബുബ്നു യസീദ്, സഈദുബ്‌നുല്‍ മുസയ്യിബ്, ഹാരിസുബ്്‌നു ബിലാല്‍, ഹന്‍ദ്വലത്തുബ്‌നു ശൈസ്, അത്വാഉബ്‌നു യസാര്‍ തുടങ്ങിയവരില്‍ നിന്നാണ് റബീഅ ഹദീസും മതപാഠങ്ങളും പഠിച്ചത്.

ഖുര്‍ആനിലും ഹദീസിലും അവഗാഹം നേടിയ റബീഅ തന്റെ സമകാലികരായ പണ്ഡിതരില്‍ ആധികാരിക പദവി നേടി.  മസ്ജിദുന്നബവിയിലെ ഏറ്റവും വലിയ വിജ്ഞാന സദസ്സ് റബീഅയുടേതായിരുന്നു അന്യ രാജ്യങ്ങളില്‍ നിന്നുപോലും അദ്ദേഹത്തിന്റെ വൈജ്ഞാനിക വിരുന്ന് അനുഭവിക്കാന്‍ പണ്ഡിതരെത്തി.

'റബീഅത്തുര്‍റഅ്‌യ്' എന്ന പേരു കൂടിയുണ്ടായിരുന്നു റബീഅക്ക്.  അതിനു കാരണം മതവിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചയായിരുന്നു.  ഹദീസോ ഒറ്റപ്പെട്ട വീക്ഷണമോ പോലും ഇല്ലാത്ത വിഷയങ്ങളില്‍ റബീഅയുടെ താരതമ്യത്തിന് (ഖിയാസ്) ഹദീസ് പണ്ഡിതര്‍ പ്രാമുഖ്യം കല്പിച്ചു.

'സുന്നത്തിനെ മുറുകെ പിടിക്കുന്നതിലും സംരക്ഷിക്കുന്നതിലും റബീഅയെക്കാള്‍ ശ്രദ്ധ വെച്ചിരുന്ന വ്യക്തികളെ ഞാന്‍ കണ്ടിട്ടില്ല.' എന്ന് ഇബ്്‌നു മാജിഷൂന്‍ പറഞ്ഞു.

ശിഷ്യ സമ്പത്തും ഏറെയുണ്ടായിരുന്നു റബീഅക്ക്, ലോക പ്രസിദ്ധനായ ഇമാം മാലിക്കുബ്‌നു അനസ് തന്നെയാണ് ശിഷ്യരില്‍ പ്രമുഖന്‍.  യഹ്‌യബ്‌നു സഈദ്, സുലൈമാനുത്തയ്്മീ, സുഹൈലുബ്‌നു അബീ സ്വാലിഹ്, ഔസാഈ, ശുഅ്ബ, സുഫ്‌യാനുസ്സൗരീ, സുഫ്‌യാനുബ്്‌നു ഉയയ്‌ന തുടങ്ങിയവര്‍ പില്്ക്കാല പണ്ഡിതരും അദ്ദേഹത്തിന്റെ ശിഷ്യരും അദ്ദേഹത്തില്‍ നിന്ന് ഹദീസുകള്‍ നിവേദനം ചെയ്തവരുമാണ്.

ഹി. 136ല്‍ അംബാറില്‍ വെച്ച് റബീഅത്തുബ്‌നുഫര്‍റൂഖ് നിര്യാതനായി.  'കര്‍മ ശാസ്ത്രത്തിന്റെ മാധുര്യം ഓര്‍മയായി' എന്നാണ് ആ മരണത്തെപ്പറ്റി പണ്ഡിതര്‍ വിലയിരുത്തിയത്.

 

Feedback
  • Monday Nov 25, 2024
  • Jumada al-Ula 23 1446