മുഅ്തസില എന്ന യുക്തിവാദ പ്രസ്ഥാനത്തിന്റെ പ്രചാരകന്‍മാര്‍ അബ്ബാസിയ ഖലീഫമാരില്‍ സ്വാധീനം ചെലുത്തി ഖുര്‍ആന്‍ സൃഷ്ടിവാദത്തെ രാഷ്ട്രത്തിന്റെ ഔദ്യോഗിക വിശ്വാസമായി അംഗീകരിപ്പിച്ചു. അതിനെതിരായവരെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. ഹി.217ല്‍ ഖലീഫ മഅ്മൂന്‍ ബഗ്ദാദിലെ ഗവര്‍ണറോട് പണ്ഡിതന്‍മാരെയും ന്യായാധിപന്‍മാരെയും മുഹദ്ദിസുകളെയും വിളിച്ചുവരുത്തി ഖുര്‍ആന്‍ സൃഷ്ടിവാദം അവരെ കൊണ്ടുഅംഗീകരിപ്പിക്കാനും വിസമ്മതിക്കുന്നവരെ ഖലീഫയുടെ അടുത്തേക്ക് അയക്കാനും കല്‍പ്പിച്ചു. മറ്റു പണ്ഡിതന്‍മാരെല്ലാം ഭീഷണി ഭയന്ന് രാജകീയ ഉത്തരവു പാലിച്ചു സമ്മതം മൂളി. അഹ്മദുബ്‌നു ഹമ്പലും മുഹമ്മദുബ്‌നു നൂഹും തങ്ങളുടെ അഭിപ്രായത്തില്‍ ഉറച്ചു നിന്നു. മറ്റു പണ്ഡിതന്‍മാരുടെ ഭീരുത്വം കണ്ട് അഹ്മദിന്റെ കണ്ണില്‍ നിന്നു വെള്ളമൊഴുകി. ഇവര്‍ രണ്ടു പേരെയും മഅ്മൂനിന്റെ അടുത്തേക്ക് കൊണ്ടുവരും വഴി മഅ്മൂന്‍ കൊല്ലപ്പെട്ടു എന്ന വിവരം ലഭിച്ചു. അഹ്മദ് 'അല്‍ഹംദുലില്ലാ' എന്നു പറഞ്ഞു.
അവര്‍ ഞങ്ങളെ ഒരുകപ്പലിലേക്ക് തള്ളിക്കയറ്റി. കൂടെ കുറേ ബന്ദികളുമുണ്ടായിരുന്നു. എന്നെ അവര്‍ ക്രൂരമായി ഉപ്രദവിച്ചു- അഹ്മദ് സംഭവം വിവരിക്കുന്നു. അദ്ദേഹത്തിന്റെ കാലില്‍ ചങ്ങല ബന്ധിച്ചിരുന്നു. അതിനിടക്ക് യാത്രക്കിടയില്‍ കൂട്ടുകാരന്‍ മുഹമ്മദുബ്‌നു നൂഹ് അന്ത്യശ്വാസം വലിച്ചു. റമദാനിലാണ് അഹ്മദിനെ ബഗ്ദാദിലേക്ക് കൊണ്ടുവന്നത്. മുപ്പതു മാസത്തോളം അദ്ദേഹത്തെ ജയിലില്‍ തളച്ചിട്ടു. കാലില്‍ ചങ്ങലക്കെട്ടുകള്‍ വഹിച്ചു അദ്ദേഹം ജയില്‍ പുള്ളികള്‍ക്കു ഇമാമായി നമസ്‌കരിക്കാറുണ്ടായിരുന്നു.
മഅ്മൂനിനു ശേഷം മുഅ്തസിം ഖലീഫയായി നിയുക്തനായി. സംഭവഗതികള്‍ അഹ്മദു തന്നെ വിവരിക്കുന്നു: എന്നെ ജയിലില്‍ നിന്ന് പുറത്തുകൊണ്ടുവന്നു. ഒരു വാഹനം തയ്യാറാക്കി നിര്‍ത്തിയിരുന്നു. എന്നെ അതിന്റെ പുറത്തിരുത്തി. കാലില്‍ ചങ്ങലക്കെട്ടുകള്‍. ചങ്ങലയുടെ ഭാരം കാരണം ഒന്നിലധകം തവണ ഞാന്‍ നിലത്തുവീഴുമെന്നായി. പിടിക്കാന്‍ ആരുമില്ല. മുഅ്തസിമിന്റെ ഭവനത്തിലേക്ക് എന്നെ കൊണ്ടുവന്നു. ഒരു മുറിയിലാക്കി വാതിലടച്ചു. അപ്പോള്‍ നേരം പാതിരാവ്. ഞാന്‍ നമസ്‌കരിക്കാന്‍ തയമ്മും ചെയ്യാന്‍ കൈനീട്ടി. കൈയില്‍ ഒരു പാത്രം തടഞ്ഞു. അതില്‍ വെള്ളമുണ്ട്. ഞാന്‍ വുളു എടുത്തു നമസ്‌കരിച്ചു. പിറ്റേ ദിവസം ഞാന്‍ എന്റെ കാലുറയുടെ ചരടുകൊണ്ട് ചങ്ങലക്കെട്ടുകള്‍ കെട്ടി അവ കൈയിലേന്തി. ഖലീഫയുടെ ദൂതന്‍ വന്നു എന്നോടു ഖുര്‍ആന്‍ സൃഷ്ടിവാദം സമ്മതിക്കാന്‍ പറഞ്ഞു. ഞാന്‍ വഴങ്ങിയില്ല. എന്നെ കൈപിടിച്ചു ഖലീഫയുടെ സന്നിധിയിലേക്ക്‌കൊണ്ടുവന്നു. എന്റെ കൈയില്‍ ചങ്ങല. അദ്ദേഹം ഉപവിഷ്ടനാണ്. അടുത്തു അബൂദുആദുമുണ്ട്, ചുറ്റിലും അനുയായികളും. എന്നെ ഖലീഫയുടെ അടുത്തിരുത്തി. ചങ്ങലകളുടെ ഭാരം എന്നെ വല്ലാതെ വിഷമിപ്പിച്ചു. അല്‍പം കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു. ഞാന്‍ സംസാരിക്കട്ടെയോ? ഖലീഫ: വിരോധമില്ല. ഞാന്‍: അല്ലാഹുവും റസൂലും എന്തിലേക്കാണ് ക്ഷണിച്ചിരുന്നത്? അല്‍പനേരത്തെ മൗനത്തിന് ശേഷം ഖലീഫ: ലാഇലാഹ ഇല്ലല്ലാ എന്ന ശഹാദത്ത് കലിമയിലേക്ക്.' അഹ്മദ്: ഞാന്‍ ഈ കലിമ ഉച്ചരിച്ചവനാണ്.'
പിന്നെ അഹ്മദും ഖലീഫയും തമ്മില്‍ ചില ചോദ്യോത്തരങ്ങള്‍ നടന്നു. അഹ്മദ് ഖലീഫയെ ഉത്തരംമുട്ടിക്കുകയും താന്‍ നിരപരാധിയാണെന്ന് തെളിയിക്കുകയും ചെയ്തു. അപ്പോള്‍ ഖലീഫ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ വെച്ചു അവിടെ കൂടിയ പണ്ഡിതന്‍മാരോടു അഹ്മദുമായി വാദ്രപതിവാദം നടത്താന്‍ കല്പിച്ചു. അദ്ദേഹത്തിന്റെ കുറിക്കുകൊള്ളുന്ന മറുപടിക്കു മുമ്പില്‍ അവര്‍ നിസ്സഹായരായി. അവസാനം അവര്‍ ഖലീഫയോടു പറഞ്ഞു. ഇയാള്‍ ഖിലാഫത്തിനെ വെല്ലുവിളിക്കുകയാണ്. വെറുതെ വിട്ടുകൂടാ'' ഖലീഫ കോപാന്ധനായി അഹ്മദിനോട്: എടാ ശപിച്ചവനേ നീ ഇത് സമ്മതിക്കുമെന്നാണ് ഞാന്‍ കരുതിയത്. നീ എന്നെ അനുസരിക്കുകയില്ലെന്നോ? പിന്നെ അഹ്മദിനെ പിടിച്ചു വസ്ത്രങ്ങള്‍ ഊരി വലിച്ചിഴച്ചു കൊണ്ടുപോകാന്‍ അദ്ദേഹം അനുയായികളോട് കല്‍പിച്ചു.
അഹ്മദ് പറയുന്നു. അവര്‍ എന്നെ വലിച്ചിഴച്ചു കൊണ്ടുപോയി. ഞാന്‍ കാണ്‍കെ ചാട്ടവാര്‍ കൊണ്ടു വന്നു, തല്ലുകാരെയും. റസൂലിന്റെ മുടി ഞാന്‍ വസ്ത്രത്തില്‍ ചുരുട്ടിവെച്ചിരുന്നു. അതവര്‍ ഊരിയെടുത്തു. എന്നെ ശിക്ഷിക്കുന്നവരുടെ മുമ്പിലേക്ക് കൊണ്ടുവന്നു. അപ്പോള്‍ അഹ്മദ് ലാഇലാഹ ഇല്ലല്ലാ എന്നു ഉച്ചരിച്ച മനുഷ്യനെ വധിക്കാന്‍ പാടില്ല എന്ന ഹദീസ് അവരെ കേള്‍പ്പിച്ചു. ഞാന്‍ നിരപരാധിയാണെന്നു വാദിച്ചു കൊണ്ടു ഖലീഫയോടു പറഞ്ഞു: ഞാന്‍ താങ്കളുടെ മുമ്പില്‍ നില്‍ക്കുംപോലെ താങ്കള്‍ അല്ലാഹുവിന്റെ മുമ്പില്‍ നില്‍ക്കുന്ന രംഗത്തെപ്പറ്റി ഓര്‍മവേണം. ഇതുകേട്ട ഖലീഫ സ്തംഭിച്ചു. ഇവന്‍ കാഫിറും വഴിപിഴച്ചവനും വഴിപിഴപ്പിക്കുന്നവനുമാണ്. അവര്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. പിന്നെ അവര്‍ അഹ്മദിനെ ഒരു കസേരയില്‍ നിര്‍ത്തി. ''എന്നെ അവര്‍ അടിക്കാന്‍ തുടങ്ങി. എനിക്കു ബോധക്ഷയമുണ്ടായി, പലവട്ടം. ഇടക്കു ബോധം തെളിയും. അപ്പോള്‍ മുഅ്തസിം പണ്ഡിതന്‍മാര്‍ പറയുന്നത് അംഗീകരിക്കാന്‍ എന്നോട് ആവശ്യപ്പെടും. ഞാന്‍ വഴങ്ങിയില്ല. ഛെ! അഹ്മദ് താങ്കള്‍ ഖലീഫയുടെ മുന്നിലല്ലേ? അവര്‍ പറഞ്ഞുകൊണ്ടിരുന്നു. അവര്‍ വീണ്ടുംവീണ്ടും അടിക്കാന്‍ തുടങ്ങി. എന്റെ ബോധം നശിച്ചു. പിന്നെ അടി എനിക്ക് അനുഭവപ്പെടാതായി. ഇത് ഖലീഫയില്‍ ഭയം സൃഷ്ടിച്ചു. അദ്ദേഹം എന്നെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. ബോധം തെളിഞ്ഞപ്പോള്‍ ഞാന്‍ ഏതോ ഒരു വീട്ടില്‍ ഒരു മുറിയിലാണ്. കാലില്‍ ചങ്ങലയില്ല. അത്. ഹി.221 റമദാന്‍ 25നായിരുന്നു.
അന്നു അഹ്മദിനു നോമ്പായിരുന്നു. പരിക്ഷീണിതനായ അദ്ദേഹത്തിനു അവര്‍ ഓരു പാനീയം കുടിക്കാന്‍ കൊടുത്തു. പക്ഷേ, നോമ്പു മുറിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. പിന്നെ ദ്വുഹ്ര്‍ നമസ്‌കാരത്തിന്റെ സമയമായി. ചോരയൊലിക്കുന്ന വ്രണങ്ങളുമായി അദ്ദേഹം ജനങ്ങള്‍ക്കൊപ്പം നമസ്‌കരിച്ചു. അപ്പോള്‍ അന്നത്തെ ഖാദി അദ്ദേഹത്തോടൊരു ചോദ്യം: 'ചോരയില്‍ നമസ്‌കരിക്കുകയോ? അഹ്മദ്: ''ഉമര്‍ ചോരയൊലിച്ചുകൊണ്ടു നമസ്‌കരിച്ചിട്ടില്ലേ? ഈ മറുപടി കേട്ടപ്പോള്‍ പിന്നെ ഖാദി നിശ്ശബ്ദനായി. അദ്ദേഹത്തെ സ്വന്തം വീട്ടിലേക്കു മാറ്റി. മുപ്പത് അടിയാണ് അദ്ദേഹത്തിന്റെ ശരീരത്തില്‍ പതിഞ്ഞിരുന്നതെന്നാണ് ഒരു റിപ്പോര്‍ട്ട്. മറ്റൊരു റിപ്പോര്‍ട്ടില്‍ എണ്‍പതും.
അഹ്മദിനെ അത്യന്തം അസ്വസ്ഥനാക്കിയ ഒരു രംഗം മര്‍ദ്ദനം നടത്തുന്നതിനിടയിലുണ്ടായി. അദ്ദേഹത്തിന്റെ കാലുറയുടെ ചരട് അടിയുടെ ശക്തിയില്‍ പൊട്ടിപ്പോയി. കാലുറ താഴോട്ടിറങ്ങാന്‍ തുടങ്ങി. ''പടച്ചവനേ, എന്റെ നഗ്‌നത വെളിവാക്കരുതേ!'' അദ്ദേഹം മനംനൊന്ത് പ്രാര്‍ഥിച്ചു. അപ്പോള്‍ ഭയപ്പെട്ടത് സംഭവിച്ചില്ല. വീട്ടിലെത്തിയ ശേഷം ഒരു വൈദ്യന്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും ജീവന്‍ നശിച്ച മാംസ ഭാഗം നീക്കം ചെയ്തു ചികിത്സ നടത്തി. ഖലീഫയുടെ പ്രതിനിധി അദ്ദേഹത്തിന്റെ സുഖവിവരം സദാ അന്വേഷിക്കുമായിരുന്നു. കാരണം അദ്ദേഹം ചെയ്ത തെറ്റില്‍ ഖേദിക്കുകയായിരുന്നു.
തന്നെ ഉപദ്രവിച്ച എല്ലാവര്‍ക്കും അഹ്മദ് മാപ്പ് നല്‍കി. 'അവര്‍ മാപ്പ് നല്‍കുകയും വീട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ' എന്ന ഖുര്‍ആന്‍ വാക്യം ഉരുവിട്ടുകൊണ്ട് അദ്ദേഹം ചോദിക്കുമായിരുന്നു. നീ കാരണമായി ഒരു സഹോദരന്‍ ശിക്ഷിക്കപ്പെട്ടിട്ട് നിനക്കെന്താ കാര്യം.
ഖലീഫ മുഅ്തസിമിനു ശേഷം വാസിഖ് അധികാരത്തില്‍ വന്നു. അയാളും പിതാവിന്റെ പാത പിന്‍പറ്റി. പിന്നീട് അധികാരത്തില്‍ വന്ന മുതവക്കില്‍ ഖുര്‍ആന്‍ സൃഷ്ടിവാദം ഉപേക്ഷിച്ചതായി വിളംബരം ചെയ്തു. അഹ്മദിനോട് സൗഹൃദ ബന്ധം പുലര്‍ത്തുകയും അദ്ദേഹത്തിന്റെ അഭിപ്രായം അംഗീകരിക്കുകയും ചെയ്തു.
ഹി.241 റബീഉല്‍ അവ്വല്‍ ഒന്നിന് അഹ്മദ് രോഗബാധിതനായി. സന്ദര്‍ശകരുടെ നിരന്തര പ്രവാഹം. വഴികള്‍ നിറഞ്ഞുകവിഞ്ഞു. കച്ചവടം അസാധ്യമായി. ഖലീഫ സന്ദര്‍ശനാനുമതി ചോദിച്ചെങ്കിലും അഹ്മദ് അനുവദിച്ചില്ല. കിടന്നുകൊണ്ട് ആംഗ്യം മുഖേനയായിരുന്നു നമസ്‌കരിച്ചിരുന്നത്. വ്യാഴാഴ്ച രോഗം മൂര്‍ഛിച്ചു. വെള്ളിയാഴ്ച രാവിലെ ആ ധീരശബ്ദം എന്നെന്നേക്കുമായി നിലച്ചു.
അഹ്മദിന്റെ ജനാസ നമസ്‌കാരത്തില്‍ പങ്കെടുത്ത ജനസഹസ്രങ്ങളുടെ എണ്ണവും അന്നത്തെ തിരക്കും ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ തന്നെ 60,000 പേരുള്ളതായി ചിലര്‍ എഴുതുന്നു.
അഹ്മദുബ്‌നു ഹമ്പല്‍ ഹദീസു വിജ്ഞാനത്തിനു നല്‍കിയ മഹത്തായ സംഭാവനയാണ് 40,000 ഹദീസുകള്‍ ഉള്‍കൊള്ളുന്ന മുസ്‌നദ് അഹ്മദ്.
പ്രസിദ്ധ ഇസ്‌ലാമിക ചിന്തകനായ മൗലാന അബുല്‍ഹസന്‍ അലി നദ്‌വി എഴുതുന്നു. ''വിശ്വാസ ശക്തി കൊണ്ടാണ് അഹ്മദുബ്‌നു ഹമ്പല്‍ വിജയിച്ചത്. അതിശക്തമായ എതിര്‍പ്പുകളും കടുത്ത ശിക്ഷകളുമുണ്ടായിട്ടും ആത്മാര്‍ത്ഥതയും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ശക്തിയെയും ഭരണാധികാരിയെയും കടുത്ത എതിര്‍പ്പിനെയും മര്‍ദനങ്ങളെയും അതിജയിക്കാന്‍ കഴിയുമെന്നതിനു അഹ്മദ് ചരിത്രത്തില്‍ ഒരു ഉദാഹരണമാണ്. ഏറ്റവും വലിയ ഒരു രാഷ്ട്രം അഹ്മദിന്റെ മുമ്പില്‍ കീഴടങ്ങുകയായിരുന്നു''.