Skip to main content

പരിഷ്‌കര്‍ത്താക്കള്‍ (13)

മുഹമ്മദ് നബി(സ്വ)യുടെ വിയോഗശേഷം ഖുലഫാഉര്‍റാശിദുകളുടെ നേതൃത്വത്തില്‍ സ്വഹാബികള്‍ ഇസ്‌ലാമിക പ്രബോധന ദൗത്യം നിര്‍വ്വഹിച്ചുവന്നു. സ്വഹാബികളില്‍ നിന്ന് ഇസ്‌ലാം പഠിച്ചറിഞ്ഞ താബിഉകളും ആ പാത പിന്തുടര്‍ന്നു. മുസ്‌ലിം ലോകം വികസിക്കുകയും നാനാഭാഗത്തു നിന്നും ആളുകള്‍ ഇസ്‌ലാമിലേക്ക് കടന്നുവരികയും ചെയ്തു. അപ്പോഴേക്കും പ്രമുഖരായ പല സ്വഹാബികളും മരണപ്പെട്ടു കഴിഞ്ഞിരുന്നു. ഉത്തമ തലമുറ എന്ന് നബി(സ്വ) വിശേഷിപ്പിച്ച ഒന്നും രണ്ടും നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴേക്കും ഇസ്‌ലാമിന്റെ ചൈതന്യം ഉള്‍ക്കൊള്ളാത്ത അനേകം മുസ്‌ലിംകള്‍ ഉണ്ടായി. ഭരണാധികാരികളില്‍ ചിലരെങ്കിലും ഈ വിഷമാവസ്ഥക്ക് പരിഹാരം കാണുന്നതില്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിച്ചില്ല. ഈ സാഹചര്യങ്ങള്‍ എല്ലാം കൂടി ചേര്‍ന്നപ്പോള്‍ മുസ്‌ലിം സമൂഹത്തില്‍ നല്ലൊരു ശതമാനം ആളുകള്‍ മുസ്‌ലിംകളായിരിക്കെത്തന്നെ ഇരുട്ടിലായി. വിശുദ്ധ ഖുര്‍ആനും നബിചര്യയും ജീവിത പ്രമാണമാക്കേണ്ടതിനുപകരം പാരമ്പര്യങ്ങളും നാട്ടുനടപ്പുകളും മതാചാരമായി മാറി. ഇസ്‌ലാമിനന്യമായ പൗരോഹിത്യവും മുസ്‌ലിംകളിലേക്ക് കുറെയധികം കടന്നുവന്നു. മുസ്‌ലിം സമൂഹത്തിന്റെ പിന്നാക്കാവസ്ഥയ്ക്കും അപചയത്തിനും ഈ സാഹചര്യം കാരണമായി. 

മുസ്‌ലിംകള്‍ വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങളില്‍ നിന്നകന്നുപോയതാണ് എല്ലാ അപചയങ്ങള്‍ക്കും കാരണമെന്ന് തിരിച്ചറിഞ്ഞ മഹാമനീഷികളായ പല പണ്ഡിതവര്യരും മുസ്‌ലിം സമൂഹത്തെ വിശുദ്ധ ഖുര്‍ആനിലേക്കു തിരിച്ചു വിളിച്ചു കൊണ്ട് അപചയത്തിന്റെ കാരണം സമൂഹത്തിനു കാണിച്ചുകൊടുത്തു. ഇതായിരുന്നു മുസ്‌ലിം സമൂഹത്തില്‍ നടന്ന നവോത്ഥാനം അഥവാ ഇസ്വ്‌ലാഹ്. ഈ നവോത്ഥാനം പല ദേശങ്ങളില്‍ പല കാലങ്ങളില്‍ നടന്നിട്ടുണ്ട്. ഇസ്വ്‌ലാഹിന്റെ ചുക്കാന്‍ പിടിച്ചവര്‍ പരിഷ്‌കര്‍ത്താക്കള്‍ എന്നും മുജദ്ദിദുകള്‍ എന്നും അറിയപ്പെടുന്നു. ഇവര്‍ മതം പരിഷ്‌കരിക്കുകയല്ല ചെയ്തത്. മതത്തിന്റെ മൗലിക തത്വങ്ങളിലേക്ക് മതാനുയായികളെ തന്നെ തിരിച്ചുവിളിച്ച് സമൂഹത്തില്‍ പരിവര്‍ത്തനം ഉണ്ടാക്കുകയായിരുന്നു.

ഇസ്‌ലാം മതത്തില്‍ പരിഷ്‌കരണം ആവശ്യമില്ല. അത് സാര്‍വലൗകികവും കാലാതിവര്‍ത്തിയും ആണ്. ഇസ്‌ലാമിന്റെ തത്വങ്ങളില്‍ അടിയുറച്ച് നിന്ന് കാലത്തിനൊത്ത് മുസ്‌ലിം സമൂഹത്തെ പരിവര്‍ത്തിപ്പിക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് ഇവര്‍ പരിഷ്‌കര്‍ത്താക്കളാവുന്നത്.
 

Feedback