അലീഗഢ് പ്രസ്ഥാനത്തിന്റെയും യൂണിവേഴ്സിറ്റിയുടെയും സ്ഥാപകന്‍. ആധുനിക വിദ്യാഭ്യാസ പ്രചാരകന്, മുസ്ലിം സാമൂഹിക പരിഷ്കര്‍ത്താവ്. സര്, സയ്യിദ് എന്ന ഇരട്ട ബഹുമതിപ്പേരിലാണ് അറിയപ്പെടുന്നത്.
1232 ദുല്‍ഹിജ്ജ 6/1817 ഒക്ടോബര്‍ 17ന് ദല്‍ഹിയില്‍ ജനിച്ചു. കുടുംബം ബറേലിയിലെ ഉന്നത തറവാട്ടുകാരായിരുന്നു. പൂര്‍വ പിതാക്കള്‍ ഷാജഹാന് ചക്രവര്‍ത്തിയുടെ ഭരണകാലത്ത് പേര്‍ഷ്യയില്‍ നിന്നും അഫ്ഗാനില്‍ നിന്നും ഇന്ത്യയില്‍ കുടിയേറി മുഗള്‍ ഭരണകൂടത്തില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചവരാണ്. പിതാവ് മീര്‍ മുത്തഖി. മാതാവ് അനീസുന്നിസാ ബീഗം. ആദ്യ ഗുരു മാതാവു തന്നെ. നന്നേ ചെറുപ്പത്തില്‍ ജാന്‍ ബീബി എന്ന ആയ, ഖുര്‍ആനും അറബി, പേര്‍ഷ്യന്‍ ഭാഷകളും ഗണിതശാസ്ത്രവും പഠിപ്പിച്ചു. പിതാമഹനായ ഖ്വാജ ഫരീദുദ്ദീനും ബാല്യകാല ശിക്ഷണത്തില്‍ പങ്കുവഹിച്ചു. ഗണിതശാസ്ത്രത്തില്‍ ആകൃഷ്ടനായ അഹ്മദ് ഖാന് അമ്മാവനായ നവാബ് സൈനുദ്ദീന്‍ ഖാന്റെ ശിഷ്യനായി. സ്കൂളില്‍ നിന്ന് നാമമാത്രമായ 'മക്തബ്' (പ്രാഥമിക വിദ്യാഭ്യാസം) മാത്രമേ ലഭിച്ചിരുന്നുള്ളു. 19ാം വയസ്സോടെ ഔപചാരിക വിദ്യാഭ്യാസം നിര്‍ത്തേണ്ടിവന്നു. മാതാവിനെ പോലെ മാതൃപിതാവ് ഖ്വാജ ഫരീദുദ്ദീനും (അഹ്മദ് ഖാന് 10 വയസ്സാകും മുമ്പേ ഇദ്ദേഹം മരണപ്പെട്ടു) അദ്ദേഹത്തെ സ്വാധീനിച്ചു. 1838ല്‍ അഹ്മദ് ഖാന്റെപിതാവ് മരിച്ചു, തൊട്ടുപിന്നാലെ സഹോദരനും.
ഉപജീവനത്തിന് അഹ്മദ് ഖാന് മുഗള്‍ ചക്രവര്‍ത്തി ബഹാദൂര്‍ ഷാ രണ്ടാമന്റെ (1775-1862) കീഴില്‍ ഉദ്യോഗങ്ങള്‍ സ്വീകരിച്ചു. മുഗള്‍ പ്രതാപം അവസാനിച്ചതും ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ ആധിപത്യം പുലരുന്നതും മനസ്സിലാക്കി 22ാം വയസ്സില്‍ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയില്‍ ജോലി തേടി. സദര്‍ അമീന്റെ ഓഫിസില്‍ ശിരസ്തദാരായി ജോലികിട്ടി. തുടര്‍ന്ന് റോബര്‍ട്ട് ഹാമില്‍റ്റനുമായുള്ള സമ്പര്‍ക്കത്തിലൂടെ നീതിന്യായ കോടതിയില്‍ നായിബ് മുന്‍ഷി (ചെറിയ ഗുമസ്തന്) ആയി നിയമനം നേടി. വൈകാതെ ഡല്‍ഹി മുന്‍സിഫായി സ്ഥാനക്കയറ്റം കിട്ടി. 1867ല്‍ ജഡ്ജിയായി ബനാറസിലേക്ക് താമസം മാറ്റി. ബ്രിട്ടീഷ് കമ്മീഷണറുടെ സെക്രട്ടറി, മുന്‍സിഫ്, സബ്ജഡ്ജ് എന്നീ നിലകളില്‍ വടക്കെ ഇന്ത്യയില്‍ പലേടത്തും ഉദ്യോഗങ്ങള്‍ വഹിച്ചു. ഗവര്‍ണര്‍ ജനറലിന്റെ എക്സിക്യൂട്ടീവ് കൗണ്‍സില്‍, എജ്യുക്കേഷന്‍ കമ്മിഷന് എന്നിവയില്‍ അംഗമായി. 1876ല്‍ ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചു. 1898 മാര്‍ച്ച് 27ന് മരിക്കുന്നതു വരെ സയ്യിദ് അഹ്മദ് ഖാന് പൊതുരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു.
ഇന്ത്യക്കാര്‍ക്ക് നല്ലത് ബ്രിട്ടീഷ് ഭരണം
ഇന്ത്യക്കാര്‍ക്ക് നല്ലത് വ്യവസ്ഥാപിതമായ ബ്രിട്ടീഷ് ഭരണമാണെന്ന് സര് സയ്യിദ് കരുതി. 1857ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ െവറുമൊരു പ്രദേശിക കലഹമായി വിലയിരുത്തിയ അദ്ദേഹം ആ സമയത്ത് ബ്രിട്ടീഷ് താല്പര്യങ്ങളുടെ സംരക്ഷണത്തിനു വേണ്ടി നിലകൊണ്ടു. ഇതിനു പ്രതിഫലമായി അധീശ ഗവണ്മെന്റ് അഹ്മദ് ഖാന് സമ്മാനങ്ങളും ബഹുമതികളും നല്കി. 1864ല്‍ റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റിയുടെ ഓണററി ഫെലോ ആയി അദ്ദേഹത്തെ തെരഞ്ഞെടുത്തു. 1878ല്‍ വൈസ്രോയിയുടെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്തു. 1888ല്‍ കെ.സി.എസ്.ഐ അഥവാ 'സര് പദവി' അഹ്മദ് ഖാന് നല്കി. 1889ല്‍ എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റി ഓണററി ബിരുദം നല്കി.
ഭരണകൂടത്തോട് ഇടഞ്ഞു നില്ക്കുന്നതിനു പകരം അവരുമായി രഞ്ജിപ്പില്‍ കഴിയുന്നതാണ് മുസ്ലിംകള്ക്ക് ഗുണം ചെയ്യുക എന്ന് സര് സയ്യിദ് വിശ്വസിച്ചു. പിന്നീട് അലീഗഢ് ്രപസ്ഥാനം രൂപം കൊടുത്തതിനും അടിസ്ഥാനം ഈ വിശ്വാസമായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന് പിന്തുണ നല്‍കാനുദ്ദേശിച്ച് അദ്ദേഹം സംഘടനകള്‍ സ്ഥാപിച്ചു. ബ്രിട്ടീഷ് ഇന്ത്യന്‍ അസോസിയേഷനും ഇന്ത്യന്‍ നാഷണല്‍ കോണ്‍്രഗസിന്റെ ്രപചാരണങ്ങളെ നേരിടാനായി സംഘടിപ്പിച്ച ഇന്ത്യന്‍ പാ്രടിയോട്ടിക് അസോസിയേഷനും (1888) ഉദാഹരണം.
1857ലെ സമരം പരാജയപ്പെട്ടതോടെ മുസ്ലിംകളനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ വിവരണാതീതമായിരുന്നു. ഇതില്‍ മനംനൊന്ത് സര് സയ്യിദ് ഇന്ത്യ വിടാന്‍ പോലും ആലോചിച്ചു. അദ്ദേഹത്തില്‍ തീ്രവ 'മുസ്ലിം ദേശീയവാദം' ഇക്കാലത്ത് നാമ്പിട്ടു.
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍
1869-70 കാലത്ത് (ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നപ്പോള്‍) ലണ്ടനില്‍ താമസിച്ച് പാശ്ചാത്യവിദ്യാഭ്യാസ രീതി പഠിച്ചു. 1875 മെയ് 24ന് മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജ് തുടങ്ങി. ഇതാണ് പിന്നീട് അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയായി ഉയര്‍ന്നത്. 1886ല്‍ ദി മുഹമ്മദന്‍ എജ്യൂക്കേഷനല്‍ കോണ്‍ഫറന്‍സ് എന്ന സംഘടന സ്ഥാപിച്ചു. അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയാണ് ഇന്ന് സര് സയ്യിദിന്റെ ഏറ്റവും മഹത്തായ സ്മരണിക.
ആക്ഷേപങ്ങള്‍ നിറഞ്ഞ മതവീക്ഷണം
അദ്ദേഹത്തിന്റെ മത വീക്ഷണങ്ങള്‍ ഖുര്‍ആനിനും ദൈവിക ശക്തിക്കും എതിരായിരുന്നു. പ്രവാചകത്വം, പരലോകം, മലക്, പിശാച്, സ്വര്‍ഗം, നരകം, വെളിപാട്, മുഅ്ജിസത് തുടങ്ങിയ ഇസ്ലാമിക സങ്കല്പങ്ങള്ക്കെല്ലാം അദ്ദേഹം പുതിയ അര്‍ഥവും വ്യാഖ്യാനവും നല്കി. ''ഇസ്ലാം പ്രകൃതിയാണ്. പ്രകൃതി ഇസ്ലാമുമാണ്. പ്രകൃതിയല്ലാത്തതൊന്നും ഇസ്ലാമല്ല. ഏകനായ ദൈവത്തില്‍ വിശ്വസിക്കുന്നവരെല്ലാം മുസ്ലിംകളാണ്. നിര്‍മതരെപ്പോലും ഉള്‍ക്കൊള്ളുമാറ് ലളിതവും പ്രയോജനപ്രദവുമാണ് ഇസ്ലാം. പ്രവാചകത്വം പ്രകൃതിദത്തമായ ഒരു സിദ്ധിയാണ്. എല്ലാ മനുഷ്യരിലും അതുണ്ട്. പൂവിടരുംപോലെ, പഴം പാകമാകും പോലെ സമയമാകുമ്പോള്‍ അത് പ്രത്യക്ഷമാകും....'' ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങള്‍ മതവൃത്തങ്ങളില്‍ വമ്പിച്ച ഒച്ചപ്പാടുണ്ടാക്കി. നിരവധി മതപണ്ഡിതര്‍ അദ്ദേഹത്തിനെതിരെ കുഫ്ര് (സത്യനിഷേധം) ഫത്വകളുമായി രംഗത്തിറങ്ങി. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തെ ഖണ്ഡിച്ച് കൊണ്ട് പുതിയ വ്യാഖ്യാനങ്ങള്‍ പുറത്തിറങ്ങി.
ഭൗതിക വിദ്യാഭ്യാസത്തിനു മാത്രം ഊന്നല്‍ കൊടുത്തുകൊണ്ടുള്ള സര് സയ്യിദിന്റെ വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ പ്രതികരണമെന്ന നിലയ്ക്കാണ് ദയൂബന്ദ് ദാറുല്‍ ഉലൂം സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തെ വിമര്‍ശിച്ച് മൗലാനാ അബ്ദുല്‍ ഹഖ് തഫ്സീര്‍ ഫത്ഹുല്‍ മന്നാന്‍ എന്ന വ്യാഖ്യാനം പുറത്തിറക്കി. ദല്‍ഹി, റാംപൂര്‍, അംറോഹ, മുറാദാബാദ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് അറുപതോളം പണ്ഡിതന്മാര് സര് സയ്യിദിനെതിരെ ഫത്വ പുറപ്പെടുവിച്ചു. സര് സയ്യിദ് കോണ്‍ഗ്രസിന്റെ കടുത്ത വിമര്‍ശകനായിരുന്നു. രാഷ്ട്രീയസമരങ്ങളില്‍ നിന്ന് വിട്ടുനിന്ന സര് സയ്യിദ് മുസ്ലിംകളോട് കോണ്‍ഗ്രസില്‍ ചേരരുതെന്ന് ഉപദേശിച്ചു. അതേസമയം ബ്രിട്ടീഷ് രാജിനോടുള്ള കൂറാണ് കോണ്‍ഗ്രസ് വിരോധത്തിന് കാരണമെന്ന നിരീക്ഷണം അടിസ്ഥാനരഹിതമാണ്. അദ്ദേഹത്തിന്റെ കാലത്ത് കോണ്‍ഗ്രസ് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഒരനുബന്ധ ഘടകം തന്നെയായിരുന്നു. ഡബ്ല്യു സി ബാനര്‍ജി, ഫിറോസ് ഷാ മേത്ത തുടങ്ങിയ അന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ബ്രിട്ടീഷുകാരോടുള്ള ഭക്തിയില്‍ സര് സയ്യിദിനേക്കാള്‍ ഒരു പടി മേലെയായിരുന്നു അക്കാലത്ത്. കോണ്‍ഗ്രസിന്റെ നയങ്ങളെയും മുസ്ലിംകളോടുള്ള പാര്‍ട്ടിയുടെ വികലമനോഭാവത്തെയുമാണ് സര് സയ്യിദ് വിമര്‍ശിച്ചത്.
പത്രപ്രവര്‍ത്തനം, മുസ്ലിം സമുദായ നവീകരണം, സാഹിത്യം തുടങ്ങിയ വേദികളിലും സര് സയ്യിദ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അലീഗഢ് ഇന്‍സ്റ്റിറ്റ്യൂട്ട് ഗസറ്റ്, മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജ് മാഗസിന്, തഹ്ദീബുല്‍ അഖ്ലാഖ് എന്നിവയുടെ പത്രാധിപരായിരുന്നു. ആദ്യ കൃതി ദല്‍ഹിയിലെ ചരിത്രസ്മാരകങ്ങളെ സംബന്ധിച്ച് ആസാറുസ്സ്വനാദീദ് (1847) ആണ്. ഇത് ഫ്രഞ്ചിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗത്തിലിരിക്കെ താമസിച്ച ബിജ്നോര്‍ പട്ടണത്തിലെ പട്ടാള ലഹളയെപ്പറ്റിയുള്ള താരീഖെ സര്‍കാശി ബിജ്നോര്‍(1858), രിസാല ഖൈര്‍ ഖഹ്ഹാര്‍ മുസല്മാന് (1860), രിസാല ബഗാവതെ ഹിന്ദ് (1860), തബ്ഈനുല്‍ കലാം (1862), അഹ്കാമെ ത്വആമു അഹ്ലില്‍ കിതാബ് (1870), ഖുത്വുബാതെ അഹ്മദിയ്യ എന്ന ഉപന്യാസ സമാഹാരം (1870), ഇവയ്ക്ക് പുറമെ വിദ്യാഭ്യാസ മത ലഘുലേഖകളും അദ്ദേഹം രചിട്ടുണ്ട്. ഉര്‍ദു ഗദ്യത്തിന് സാഹിത്യ മൂല്യം നല്കിയ ആദ്യകാല ഗ്രന്ഥകാരന്മാരില് പ്രമുഖനാണിദ്ദേഹം.
1898മാര്‍ച്ച് 27ന് അലിഗഢിലായിരുന്നു അന്ത്യം.
ഇസ്ലാമിക വിജ്ഞാന കോശം