Skip to main content

അബുല്‍ വഫാ അല്‍ ബുസ്ജാനി

ഗണിതശാസ്ത്രത്തിനും ഗോളശാസ്ത്രത്തിനും മഹത്തായ സംഭാവനകള്‍ നല്കിയ മുസ്‌ലിം ശാസ്ത്രജ്ഞന്‍. ശരിയായ പേര് മുഹമ്മദുബ്‌നു മുഹമ്മദിബ്‌നി യഹ്‌യല്‍ ബുസ്ജാനി. ഖുറാസാനിലെ (ഇറാന്‍) ബുസ്ജാനില്‍ (328 റമദാന്‍ 1,  940 ജൂണ്‍ 10ന്) ജനിച്ചു. അമ്മാവന്‍മാരായ അബൂഅംറില്‍ മുഗാസിലി, അബൂഅബ്ദില്ലാ മുഹമ്മദുബ്‌നു അന്‍ബസ എന്നിവരില്‍ നിന്ന് ജ്യാമിതിയുടെ പ്രാഥമിക പാഠങ്ങള്‍ പഠിച്ചു. 959ല്‍ ഇറാഖിലേക്ക് പോയി. മരണംവരെ ബഗ്ദാദില്‍ താമസിച്ചു. 388 റജബി (998 ജൂലൈയി)ലാണ് മരണം.

ഗണിതശാസ്ത്രത്തില്‍ അബുല്‍വഫാ രചിച്ച സുപ്രസിദ്ധ ഗ്രന്ഥമാണ് 'ഫീമാ യഹ്താജു ഇലൈഹില്‍ കുത്താബു വല്‍ ഉമ്മാലു മിന്‍ ഇല്‍മില്‍ ഹിസാബ്'. 'അല്‍കാമില്‍', 'അല്‍ഹന്‍ദസ', അസ്സഹീഹുശ്ശാമില്‍, ഹിസാബുല്‍ യദി എന്നിവയാണ് മറ്റു ഗ്രന്ഥങ്ങള്‍. 

അബ്ബാസിയാ ഭരണം ക്ഷയോന്‍മുഖമായെങ്കിലും ബഗ്ദാദ് ലോക വൈജ്ഞാനിക കേന്ദ്രമായി നിലനിന്നു. അബുല്‍ വഫ തന്റെ ഇരുപതാമത്തെ വയസ്സില്‍ ബഗ്ദാദിലെത്തി. ഗണിത-ഗോള ശാസ്ത്രങ്ങളില്‍ 945 മുതല്‍ 1055 വരെ ഇറാഖ് ഭരിച്ച ബുവൈഹികള്‍ ശാസ്ത്രകുതുകികളും സാഹിത്യതത്പ്പരരുമായിരുന്നു. ഭരണകൂടം ഒരുക്കിയ ബാബുത്തിബ്‌നി ഒബ്‌സര്‍വേറ്ററി തലവനായി അബുല്‍വഫ നിശ്ചയിക്കപ്പെട്ടു. പണ്ഡിതനും ഗോളശാസ്ത്ര തത്പ്പരനുമായ ശറഫുദ്ദൗല ഭരണമേറ്റെടുത്തപ്പോള്‍ ബഗ്ദാദില്‍ ഒരു പുതിയ ഒബ്‌സര്‍വേറ്ററി സ്ഥാപിക്കുകയും അത് പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രസിദ്ധ ജോതിശ്ശാസ്ത്രജ്ഞന്‍ അന്‍ഖുഹിയോടൊത്ത് അബുല്‍വഫ നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തുകയുമുണ്ടായി.

അക്കാലത്ത് മധ്യേഷ്യയില്‍ ജീവിച്ചിരുന്ന അബുര്‍റൈഹാന്‍ അല്‍ബിറൂനി എന്ന വ്യഖ്യാത ജ്യോതിശ്ശാസ്ത്രജ്ഞന്‍ ബഗ്ദാദിലെ അല്‍ ബുസ്ജാനിയുമായി ഇടപെടാന്‍ നിര്‍ദേശിച്ചിരുന്നു. 997ല്‍ ഈ രണ്ടുപ്രതിഭകളും ചേര്‍ന്ന് ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു കണ്ടുപിടുത്തം നടത്തുകയുണ്ടായി. ഏറ്റവും ആധുനികമായ കണക്കുകളുമായി അടുത്തുനില്‍ക്കുന്നതായിരുന്നു ആ കണ്ടുപിടുത്തം. ജ്യോതിശ്ശാസ്ത്രത്തില്‍ അല്‍ ബുസ്ജാനിയുടെ ശ്രദ്ധേയമായ രചന 'കിതാബുല്‍ മജുസ്തി' 2010ല്‍ അലി മൂസാ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചു എന്ന് പറയുമ്പോള്‍, ആയിരം വര്‍ഷം മുമ്പ് അവര്‍ ചെയ്ത സേവനത്തിന്റെ വില അചിന്ത്യമാണ്. ആധുനിക ശാസ്ത്രം പോലും കടപ്പെട്ടിരിക്കുന്ന സമഗ്രമായ പഠനമായിരുന്നു അത്; വിശേഷിച്ചും ഗോളാകാരത്രികോണമിതിയെപ്പറ്റി. 2015 ജൂണ്‍ പത്തിന് അബുല്‍ ബുസ്ജാനിയുടെ 1075ാമത് ജന്‍മദിനം ആഘോഷിക്കപ്പെടുകയുണ്ടായി. 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446