കെമിസ്ട്രിയിലും ആല്‍ക്കെമിയിലും കഴിവ് തെളിയിച്ച പ്രതിഭാശാലിയാണ് ജബര്‍ എന്നറിയപ്പെട്ട ജാബിര്‍ ബ്‌നു ഹയ്യാന്‍. രസതന്ത്രത്തില്‍ നൂറിലേറെ പ്രബന്ധങ്ങള്‍ രചിച്ച ഇദ്ദേഹമാണ് ആല്‍ക്കെമി പരീക്ഷണാത്മക അന്വേഷണങ്ങള്‍ക്ക് തുടക്കമിടുകയും ആധുനിക രസതന്ത്രത്തിന്റെ പാത വെട്ടിത്തെളിക്കുകയും ചെയ്തത്. മിനറല്‍ ആസിഡും മിനറല്‍ അല്ലാത്ത ആസിഡും അലംബികില്‍ (കെമിക്കല്‍ വേര്‍തിരിച്ചെടുക്കുന്ന ഉപകരണം) നിന്ന് ആദ്യമായി തയ്യാറാക്കിയ ശാസ്ത്രജ്ഞനാണ് ജാബിര്‍ ബ്‌നു ഹയ്യാന്‍. പ്രബന്ധങ്ങളും ലേഖനങ്ങളുമായി മൂവായിരത്തോളം സൃഷ്ടികളാണ് ശാസ്ത്രലോകത്തിന് ജാബിറു ബ്‌നു ഹയ്യാന്റെ സംഭാവനയായി രേഖപ്പെടുത്തിയിരിക്കുന്നത്.
എ ഡി 721 ല്‍ പേര്‍ഷ്യയിലെ ഖുറാസാനിലെ തുസ് എന്ന പ്രദേശത്ത് ജനിച്ചു. പ്രസിദ്ധമായ കൂഫ പട്ടണത്തിലേക്ക് പിന്നീട് താമസം മാറി. ഖാലിദുബ്‌നു യസീദുബ്‌നു മുആവിയയും അലി(റ)വിന്റെ പൗത്രന്‍ ജഅ്ഫര്‍ സ്വാദിഖും ഇദ്ദേഹത്തിന്റെ ഗുരുനാഥന്‍മാരായിരുന്നു. യമനില്‍ നിന്നാണ് ഖുര്‍ആനും മറ്റു വിജ്ഞാനങ്ങളും കരസ്ഥമാക്കിയത്. ഫാര്‍മസിസ്റ്റ് ആയിരുന്ന ഹയ്യാന്‍ അല്‍ അസ്ദി ആയിരുന്നു പിതാവ്. പിതാവിനെ ഭരണകൂടം വധിച്ചതോടെയാണ് ജാബിര്‍ ഇറാഖിലെ കൂഫയിലേക്ക് പോയത്. ഹാറൂന്‍ അല്‍ റശീദിന്റെ ഭരണകാലമായിരുന്നു അത്.
ലാറ്റിന്‍ ഭാഷയില്‍ അദ്ദേഹം 'ജബര്‍' എന്ന പേരില്‍ പത്താം നൂറ്റാണ്ടിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നുവെങ്കില്‍ പതിമൂന്നാം നൂറ്റാണ്ടിലെ യൂറോപ്യന്‍മാരുടെ ഇടയില്‍ അദ്ദേഹം പലപ്പോഴും ജബര്‍ എന്ന തൂലികാനാമമുള്ള 'അജ്ഞാതനായ' എഴുത്തുകാരനാണ്. പ്രാചീനകൃതികളില്‍ അദ്ദേഹം അല്‍ അസ്ദി, അല്‍ ബാരിഗി, അല്‍ കൂഫി, അസ്സൂഫി തുടങ്ങിയ വിവിധ നാമങ്ങളില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്.
ആല്‍ക്കെമി ശാസ്ത്രശാഖയ്ക്ക് അടിസ്ഥാന സ്വഭാവമുള്ള ഒട്ടേറെ സംഭാവനകള്‍ ഇദ്ദേഹത്തിന്റെതായുണ്ട്. വിവിധ ലോഹങ്ങള്‍ തയ്യാറാക്കല്‍, ഇരുമ്പ് വികസിപ്പിക്കല്‍, തുമ്പിച്ചായം മുതല്‍ തോല്‍ ഊറക്കിടല്‍, ഗ്ലാസ് നിര്‍മാണത്തില്‍ മാംഗനീസ് ഡയോക്‌സൈഡിന്റെ ഉപയോഗം, സ്വര്‍ണം കൊണ്ട് അക്ഷരമുണ്ടാക്കല്‍, പെയ്ന്റ്, ഗ്രീസ് എന്നിവയുടെ മാറ്റങ്ങള്‍ കണ്ടെത്തല്‍ തുടങ്ങിയ പരീക്ഷണങ്ങള്‍ ജാബിര്‍ മുന്നോട്ടു വച്ചു.
അബൂബക്കര്‍ അര്‍റാസിക്കു ശേഷം രസതന്ത്രമേഖലയില്‍ ഏറ്റവും പ്രസിദ്ധനായ അറബി ശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം. അറബിക് ആല്‍ക്കെമിയുടെ പിതാവ് എന്ന പേരിലും അറിയപ്പെടുന്നു.
“അല്‍കിമിയ' എന്ന വാക്കില്‍ നിന്നാണ് കെമിസ്ട്രി എന്ന പദമുണ്ടായത്. ആല്‍ക്കെമിയില്‍ ആദ്യമായി പഠനം നടത്തിയതും ഈ ശാഖ വികസിപ്പിച്ചതും അറബികളായിരുന്നു. ഇദ്ദേഹത്തിന്റെ 'കിത്താബ് അല്‍ക്കിമിയ', 'കിത്താബ് അല്‍ സാബീന്‍' എന്നീ ഗ്രന്ഥങ്ങളാണ് രസതന്ത്രത്തിന്റെ വികാസങ്ങള്‍ക്ക് നാന്ദിയായി വര്‍ത്തിച്ചത്. സള്‍ഫ്യൂരിക് ആസിഡ് കണ്ടുപിടിച്ചത് ജാബിര്‍ ബ്‌നു ഹയ്യാന്‍ ആണ്. അതിനെ വിവിധ ലവണങ്ങളുമായി ചേര്‍ത്ത് തിളപ്പിച്ച് ഹൈഡ്രോക്ലോറിക് ആസിഡും നൈട്രിക് ആസിഡും കണ്ടുപിടിച്ചു. ഇവ രണ്ടും ചേര്‍ത്ത് സ്വര്‍ണത്തെ അലിയിപ്പിക്കാന്‍ കഴിയുന്ന അക്വാരിജിയയും കണ്ടു പിടിച്ചു. സ്വര്‍ണം കുഴിച്ചെടുക്കുന്നതിലും ശുദ്ധീകരിക്കുന്നതിലും വ്യക്തമായ പ്രയോഗങ്ങള്‍ നടത്തി. ഈ കണ്ടെത്തലുകളാണ് ആയിരം വര്‍ഷക്കാലം ആല്‍ക്കെമിസ്റ്റുകളുടെ ഉത്തേജനമായി മാറിയത്. സിട്രിക് ആസിഡിന്റെയും അസറ്റിക് ആസിഡിന്റെയും കണ്ടുപിടുത്തത്തിനുള്ള ബഹുമതിയും ജാബിര്‍ ബ്‌നു ഹയ്യാനാണ്.
രസതന്ത്ര സംബന്ധിയായി ഇദ്ദേഹം രചിച്ച 22 ഗ്രന്ഥങ്ങളില്‍ പല രാസസംയുക്തങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. കിതാബു റഹ്മ, കിതാബുത്തജ്മീഅ്, അല്‍ സിബാകുശ്ശര്‍ക്കി തുടങ്ങിയവ ഇതില്‍പെടും. ശാസ്ത്ര സിദ്ധാന്തങ്ങള്‍ക്കനുസരിച്ച് വ്യവസ്ഥാപിതമായ പരീക്ഷണ
നിരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടു എന്നതാണ് ജാബിറുബ്‌നു ഹയ്യാനെ ഇതര പൗരാണിക ശാസ്ത്രജ്ഞരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇദ്ദേഹത്തിന്റെ മരണത്തിന്റെ ഇരുനൂറു വര്‍ഷങ്ങള്‍ക്കു ശേഷം കൂഫയില്‍ പരീക്ഷണശാലയ്ക്ക് സമീപം കെട്ടിടമുണ്ടാക്കാന്‍ കുഴിയെടുത്തപ്പോള്‍ ഒരു ഉരലും വലിയ കഷ്ണം സ്വര്‍ണലോഹവും അടങ്ങിയ ലബോറട്ടറി കണ്ടെടുക്കപ്പെട്ടതായി ചരിത്രം രേഖപ്പെടുത്തുന്നു. 14ാം നൂറ്റാണ്ടു വരെ ഏഷ്യയിലെയും യൂറോപ്പിലെയും രസതന്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയ നൂറിലധികം സൃഷ്ടികള്‍ ജാബിറു ബ്‌നു ഹയ്യാന്റേതായുണ്ടത്രെ. രസതന്ത്ര രംഗത്തെ പല കണ്ടുപിടുത്തങ്ങളും ഇന്നും ഹയ്യാനുമായി ബന്ധപ്പെട്ടു കിടക്കുന്നു. നീറ്റല്‍ (കാല്‍സിനേഷന്‍), ന്യൂനീകരണം (റിഡക്ഷന്‍) എന്നിവ ഉദാഹരണം. കൂടാതെ ബാഷ്പീകരണം (ഇവാപൊറേഷന്‍), ഉത്പാദനം (സബ്ലിമേഷന്‍), ഉരുക്കല്‍ (മെല്‍റ്റിങ്), പരലാക്കല്‍ (ക്രിസ്റ്റലൈസേഷന്‍) തുടങ്ങിയ ആധുനിക രസതന്ത്രപരീക്ഷണങ്ങള്‍ 1300 വര്‍ഷങ്ങള്‍ക്കു മുമ്പ് ജാബിറു ബ്‌നു ഹയ്യാന്റെ പരീക്ഷണ ശാലയില്‍ നടന്നിരുന്നുവെന്നതും 18ാം നൂറ്റാണ്ടില്‍ ഇവ ആധുനിക രസതന്ത്രത്തിന്റെ വികാസത്തിന് വഴി തെളിച്ചു എന്നതും മധ്യകാല മുസ്‌ലിം ലോകത്തിന്റെ വളര്‍ച്ച വിളിച്ചോതുന്ന സംഭവങ്ങളാണ്.
815 ലാണ് ജാബിറുബ്‌നു ഹയ്യാന്റെ മരണമെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.