Skip to main content

ഇബ്‌നു തുഫൈല്‍

പാശ്ചാത്യലോകത്ത് അബുബസ്വര്‍ എന്ന് അറിയപ്പെടുന്ന ദാര്‍ശനികന്‍. ശരിയായ പേര് അബൂബക്ര്‍ മുഹമ്മദ്ബ്‌നു അബ്ദില്‍ മാലികിബ്‌നി മുഹമ്മദ്ബ്‌നി മുഹമ്മദ്ബ്‌നു ത്വുഫൈല്‍. മുവഹ്ഹിദ് വാഴ്ചക്കാലത്തെ സ്‌പെയിനിലെ ദാര്‍ശനിക നായകരില്‍ ഒന്നാമനാണ് ഇബ്‌നുത്വുഫൈല്‍. 

6/12-ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ഗ്രാനഡയിലെ ഗുവാഡിക്‌സ് പ്രവിശ്യയില്‍ ജനിച്ചു. ഗ്രാനഡയിലെ പ്രശസ്തനായ ഭിഷഗ്വരനായിരുന്നു. പ്രശസ്തി പ്രവിശ്യാ ഗവര്‍ണറുടെ കാര്യദര്‍ശിയുടെ പദവിയിലേക്കെത്തിച്ചു. 549/1154-ല്‍ ഗവര്‍ണറുടെ പ്രൈവറ്റ് സെക്രട്ടറിയായി. സ്‌പെയിനിലെ പ്രഥമ മുവഹ്ഹിദ് ഭരണാധികാരിയായ അബ്ദുല്‍ മുഅ്മിന്റെ പുത്രനായിരുന്നു ഈ ഗവര്‍ണര്‍. പിന്നീട് ഇബ്‌നുത്വുഫൈല്‍ കൊട്ടാര വൈദ്യനും ഖാദിയും മന്ത്രിയുമായി. മുവഹ്ഹിദ് ഖലീഫഃ അബൂയഅ്ഖൂബ് യൂസഫി(558-5580/1163-1184)ന്റെ കാലത്താണ് ഈ പദവികളെല്ലാം കൈവന്നത്. തത്വചിന്തയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന അബൂയഅ്ഖൂബ് യൂസുഫിന്റെ കൊട്ടാരം, തത്വചിന്തകരുടേയും ശാസ്ത്രകാരന്മാരുടേയും വിഹാര കേന്ദ്രമായിരുന്നു. സ്‌പെയിനിനെ യൂറോപ്യന്‍ പുനര്‍ജന്മത്തിന്റെ തൊട്ടില്‍ ആക്കിമാറ്റിയത് ഈ വിദ്വല്‍ സഭയാണ്. ഖലീഫയുടെ മേല്‍ ഇബ്‌നുത്വുഫൈലിനു വലിയ സ്വാധീനമുണ്ടായിരുന്നു.

അരിസ്റ്റോട്ടില്‍ വഖ്യാതാവ് എന്ന പേരില്‍ പ്രശസ്തനായ ഇബ്‌നുറുശ്ദിനെ ഖലീഫക്ക് പരിചയപ്പെടുത്തുന്നത് ഇബ്‌നുത്വുഫൈലാണ്. വാര്‍ധക്യ സഹജമായ പ്രയാസങ്ങള്‍ കാരണം 578/1182-ല്‍ ഇബ്‌നുത്വുഫൈല്‍ കൊട്ടാര ചികിത്സകന്‍ എന്ന പദവി ഒഴിഞ്ഞു. പകരം ഇബ്‌നുറുശ്ദിന്റെ പേര് നിര്‍ദേശിക്കുകയും ചെയ്തു. അബൂയൂസുഫുല്‍ മന്‍സ്വൂറിന്റെ ഭരണകാലത്തും (580-595/11841199) കൊട്ടാരത്തില്‍ അദ്ദേഹത്തിന് ഉയര്‍ന്ന പരിഗണന ലഭിച്ചിരുന്നു. 581/1185-86-ല്‍ മൊറോക്കോയില്‍ വെച്ചായിരുന്നു മരണം.

ഭിഷഗ്വരന്‍, ദാര്‍ശനികന്‍, ഗണിതജ്ഞന്‍, കവി എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു ഇബ്‌നുത്വുഫൈല്‍. അദ്ദേഹത്തിന്റെ കൃതികളെ കുറിച്ച് ഗവേഷകര്‍ക്കു കുറച്ചു വിവരങ്ങളേ ലഭിച്ചിട്ടുള്ളൂ. വൈദ്യശാസ്ത്രത്തെ സംബന്ധിച്ച് രണ്ട് ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ടെന്ന് ഇബ്‌നുകാത്വിബ് പറയുന്നു. ഗോളശാസ്ത്രരംഗത്ത് സ്വന്തമായ ആശയങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നതായി ശിഷ്യന്‍ ബിത്വുറുജിയും ഇബ്‌നുറുശ്ദും രേഖപ്പെടുത്തിയിട്ടുണ്ട്. രിസാലതു ഹയ്യിബ്‌നി യഖ്ദാന്‍, അസ്‌റാറുല്‍ ഹിക്മ, അല്‍മശ്‌രിഖിയ്യഃ എന്നിവയാണ് ഇബ്‌നുത്വുഫൈലിന്റെ ലഭ്യമായ കൃതികള്‍. 

ഗ്രന്ഥങ്ങളേയാണ് ഇബ്‌നുത്വുഫൈല്‍ ഏറെ സ്‌നേഹിച്ചത്. ശാസ്ത്ര പ്രവര്‍ത്തനങ്ങളേക്കാള്‍ ചിന്തയാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത് എന്ന് ടി.ജെ.ഡി ബോവര്‍ (ദ ഹിസ്റ്ററി ഓഫ് ഫിലോസഫി ഇന്‍ ഇസ്‌ലാം) പറയുന്നു. ഇബ്‌നു ത്വുഫൈലിന്റെ കവിതകളില്‍ ഒന്നോ രണ്ടോ എണ്ണം മാത്രമേ കണ്ട് കിട്ടിയിട്ടുള്ളൂ എന്നും ബോവര്‍ എഴുതുന്നു.

ഇബ്‌നു ത്വുഫൈലിന്റെ ആശയങ്ങളില്‍ സ്‌പെയിനും മൊറോക്കോയും ഭരിച്ച മുവഹ്ഹിദുകളുടെ നിലപാടുകളുടെ സ്വാധീനം പ്രകടമാണെന്നും ജനങ്ങളോടും തത്വചിന്തകളോടുമുള്ള മുവഹ്ഹിദുകളുടെ സമീപനത്തെ നീതിവത്കരിക്കുന്നതാണ് ഹയ്യുബ്‌നു യഖ്ദാന്‍ എന്നും ഡി.ബി. മാക്‌ഡൊണാള്‍ഡ് എഴുതുന്നു. (ഡവലപ്‌മെന്റ് ഓഫ് മുസ്‌ലിം തിയോളജി, ജൂറിസ്പ്രുഡന്‍സ് ആന്റ് കോണ്‍സ്റ്റിറ്റിയൂഷനല്‍ തിയറി).

Feedback