Skip to main content

മുഫ്തിയും ഗ്രാന്റ് മുഫ്തിയും

മുസ്‌ലിം ഭരണാധികാരികള്‍ തങ്ങള്‍ക്ക് മതപരമായ വിഷയത്തില്‍ ഉപദേശം തേടാനും രാജ്യത്ത് ഉടലെടുക്കുന്ന നൂതന പ്രശ്‌നങ്ങളില്‍ എന്തു നിലപാടു സ്വീകരിക്കണമെന്ന് ആരായാനും മതപണ്ഡിതന്മാരെ നിശ്ചയിച്ചിരുന്നു. ഫത്‌വാ നല്‍കുന്ന ആള്‍ എന്ന അര്‍ഥത്തില്‍ അവര്‍ 'മുഫ്തി' എന്നറിയപ്പെട്ടിരുന്നു. ഈ സമ്പ്രദായം പണ്ടും ഇന്നും ഉണ്ട്. ഇസ്‌ലാമിക ഭരണം നടക്കുന്നേടത്ത് ജഡ്ജിയുടെ സ്ഥാനമാണ് മുഫ്തിക്കുള്ളത്. ഒരു കാലഘട്ടത്തില്‍ ഒരു പണ്ഡിതന്‍ മാത്രമല്ലല്ലോ ഉണ്ടാവുക. മുഫ്തി എന്നത് പാണ്ഡിത്യത്തിന്റെ ഏതെങ്കിലും ഒരു ഘട്ടമല്ല; അധികാരത്തിന്റെ ഏതെങ്കിലും പദവിയുമല്ല എന്ന് പ്രത്യേകം ഓര്‍ക്കണം. അതുകൊണ്ടുതന്നെ പ്രഗത്ഭ പണ്ഡിതന്മാര്‍ ചേര്‍ന്നുകൊണ്ടുള്ള ഫത്‌വാ ബോര്‍ഡുകള്‍ ചില രാജ്യങ്ങളിലുണ്ട്. സുഊദി അറേബ്യയിലെ ദാറുല്‍ ഇഫ്താ, അല്ലജ്‌നത്തുദ്ദാഇമ ലില്‍ ഫത്‌വാ തുടങ്ങിയ സമിതികള്‍ ഇവയ്ക്ക് ഉദാഹരണമാണ്.

അനേകം പണ്ഡിതന്മാരുണ്ടെങ്കില്‍ മുതിര്‍ന്നവരും പരിചയസമ്പന്നരുമായ കഴിവുറ്റ പണ്ഡിതന്‍മാരെ സര്‍ക്കാറിന്റെ കീഴിലുള്ള ഗ്രാന്റ് മുഫ്തിയായി ഇസ്‌ലാമിക രാജ്യങ്ങള്‍ നിശ്ചയിക്കാറുണ്ട്. സുഊദി അറേബ്യയിലെ ശൈഖ് ഇബ്‌നുബാസ്, ശൈഖ് അബ്ദുല്‍ അസീസ് ബ്‌നു അബ്ദില്ല ആലുശ്ശൈഖ് തുടങ്ങിയവര്‍ ഈ പദവി വഹിച്ചവരാണ്. ആലുശൈഖ് ഇപ്പോഴും ആ പദവിയിലുണ്ട്. 

ഇസ്‌ലാമികേതര രാജ്യങ്ങളിലും മതനിരപേക്ഷ രാഷ്ട്രങ്ങളിലും ഔപചാരികമായ മുഫ്തിയോ ഗ്രാന്റ് മുഫ്തിയോ പ്രസക്തമല്ല. ഇന്ത്യയുള്‍പ്പെടെ ഇത്തരം രാജ്യങ്ങളില്‍ അനേകം മതസംഘടനകളുമുണ്ട്. മതസംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്ന പണ്ഡിത സഭകളുണ്ട്. പണ്ഡിത സഭകളില്‍ ഫത്‌വാ ബോര്‍ഡുകളുണ്ട്. കേരളത്തിലെ പ്രഥമ പണ്ഡിത സഭയാണ് 1924 ല്‍ രൂപീകരിക്കപ്പെട്ട കേരള ജംഇയ്യത്തുല്‍ ഉലമ. അതിനു ശേഷം ഇവിടെ പിറവിയെടുത്ത നിരവധി അവാന്തര വിഭാഗങ്ങള്‍ മുസ്‌ലിംകള്‍ക്കിടയിലുണ്ട്. അവര്‍ക്കെല്ലാം പണ്ഡിത ഘടകങ്ങളുമുണ്ട്. ഉത്തരേന്ത്യയില്‍ അഹ്‌ലേ ഹദീസ് ഉള്‍പ്പെടുന്ന ഉത്പതിഷ്ണുക്കളായ വിഭാഗവും ഹനഫികളും ആത്യന്തിക യാഥാസ്ഥിതിക വിഭാഗമായ ബറേല്‍വികളുമുണ്ട്. കൂടാതെ ദാറുല്‍ ഉലൂം ദയൂബന്ദ്, നദ്‌വത്തുല്‍ ഉലമാ, ലഖ്‌നോ തുടങ്ങിയ ലബ്ധ പ്രതിഷ്ഠമായ മതസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള പണ്ഡിത കൂട്ടായ്മകളുണ്ട്. എന്നാല്‍ ഇവയോരോന്നും അവരവരുടെ മേഖലകളില്‍ താന്താങ്ങളുടെ കാഴ്ചപ്പാടോടെ മുന്നോട്ടു നീങ്ങുന്നു എന്നല്ലാതെ മതവീക്ഷണങ്ങളിലോ വൈജ്ഞാനിക തലങ്ങളില്‍ പോലുമോ ഏകോപനം ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഓരോരുത്തര്‍ക്കും ഓരോ മുഫ്തിയോ ഒരു ഗ്രാന്റ് മുഫ്തിയോ ഇല്ല; ആവശ്യമില്ല. കാരണം അത്തരം ഒരു ഗ്രാന്റ് മുഫ്തിയെ ഇന്ത്യന്‍ മുസ്‌ലിംകള്‍ ഒന്നടങ്കം അംഗീകരിക്കുന്നില്ല. സര്‍ക്കാര്‍ തലത്തിലോ നീതിന്യായ വ്യവസ്ഥയിലോ അങ്ങനെയൊരു പദവിയോ അംഗീകാരമോ ഇല്ലതാനും. മുസ്‌ലിം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മുസ്‌ലിം പണ്ഡിതന്മാരുമായി കൂടിയാലോചിക്കണമെന്ന മുസ്‌ലിംകളുടെ പൊതു ആവശ്യത്തിനു പോലും അംഗീകാരമില്ല.


 

Feedback
  • Friday Oct 18, 2024
  • Rabia ath-Thani 14 1446