Skip to main content

മുഫ്തിയുടെ വിശേഷണങ്ങള്‍

ഫത്‌വാ (മതവിധികള്‍) നല്‍കുന്ന ആള്‍ എന്നാണ് മുഫ്തിയുടെ പൊരുള്‍. ഒരാള്‍ താന്‍ മുഫ്തിയാണെന്ന് പ്രഖ്യാപിക്കാറില്ല. ജനങ്ങള്‍ക്ക് ആവശ്യമായ വിഷയങ്ങളില്‍ വസ്തുനിഷ്ഠമായ ഫത്‌വകള്‍ നല്‍കുമ്പോള്‍ ആ പണ്ഡിതന്മാര്‍ മുഫ്തി എന്നറിയപ്പെടാം. അല്ലെങ്കില്‍ ഇസ്ലാമിക രാഷ്ട്രം മതവിഷയങ്ങളില്‍ തീര്‍പ്പു കല്പിക്കാനായി പണ്ഡിതന്മാരെ നിശ്ചയിക്കുമ്പോള്‍ അയാള്‍ ഔപചാരിക മുഫ്തി ആയിത്തീരുന്നു. മുഫ്തിയുടെയോ ഗ്രാന്റ് മുഫ്തിയുടെയോ വിധികള്‍ മതത്തില്‍ അവസാന വാക്കല്ല എന്നുകൂടി ഓര്‍ക്കുക.

മുഫ്തി എന്ന പദവി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഫത്‌വ നല്‍കുന്ന ആള്‍ക്ക് നിരവധി ഗുണവിശേഷണങ്ങള്‍ (ക്വാളിറ്റീസ്) ആവശ്യമുണ്ട്. ഏറ്റവും ആദ്യമായി വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലും അറബി ഭാഷയിലും അവഗാഹം വേണം. താന്‍ ജീവിക്കുന്ന പശ്ചാത്തലത്തെപ്പറ്റിയും സമൂഹത്തിന്റെ അവസ്ഥയെപ്പറ്റിയും വ്യക്തമായ അവബോധം അനിവാര്യമാണ്. മതപരമായ ചില കാര്യങ്ങളില്‍ ഭിന്ന വീക്ഷണങ്ങള്‍ വച്ചുപുലര്‍ത്തുന്നവരുണ്ടാവാം. എന്നിരുന്നാലും തന്റെ മതവിധി പ്രസ്താവത്തില്‍ അത്തരം വിഭാഗീയതകള്‍ ഒട്ടും ഏശാതെ തികഞ്ഞ നിഷ്പക്ഷതയോടെയാവണം മതവിധികള്‍ നല്‍കേണ്ടത്. വ്യക്തി താല്‍പര്യങ്ങളോ കക്ഷി താല്‍പര്യങ്ങളോ ഒട്ടും തീണ്ടാതെ നിസ്വാര്‍ഥമായി പ്രശ്‌നങ്ങളെ സമീപിക്കുക എന്നത് ഒരു മുഫ്തിയുടെ പ്രാഥമിക ഗുണമാണ്. 'വൈകാരികമായ അവസ്ഥയില്‍ വിധി പറയാന്‍ പാടില്ല' (ഇബ്‌നു ഹിബ്ബാന്‍) എന്ന നബി വചനത്തിന്റെ സത്ത മതവിധികള്‍ നല്‍കുന്നവരും ഉള്‍ക്കൊള്ളണം. 

സ്വസ്ഥമനസ്സോടെയാവണം വിധികള്‍ നല്‍കേണ്ടത്. സര്‍വോപരി പ്രാര്‍ഥനാ മനസ്സോടെ നല്ല നിയ്യത്തോടെയാവണം ഫത്‌വകള്‍ നല്‍കേണ്ടത്. അതുകൊണ്ടാണ് സലഫുകളായ പണ്ഡിതന്മാര്‍ ഓരോ കാര്യം പറഞ്ഞു തീരുമ്പോഴും 'അല്ലാഹു അഅ്‌ലം' എന്ന് പറഞ്ഞിരുന്നത്. മദ്ഹബിന്റെ ഇമാമുകള്‍ എന്ന പേരിലറിയപ്പെടുന്ന മഹാന്മാര്‍ ഫത്‌വകള്‍ പറഞ്ഞത് എത്ര സൂക്ഷ്മതയോടെയായിരുന്നു! അന്ന് ഹദീസുകള്‍ വ്യവസ്ഥാപിതമായി ക്രോഡീകരിക്കപ്പെട്ടിരുന്നില്ല. അവര്‍ പറയുമായിരുന്നു. എന്റെ അഭിപ്രായത്തിനു യോജിക്കാത്ത ഹദീസുകള്‍ നിങ്ങള്‍ക്ക് കിട്ടിയാല്‍ എന്റെ അഭിപ്രായം വലിച്ചെറിയുക; നബിചര്യ സ്വീകരിക്കുക.

എന്നാല്‍ കക്ഷി താത്പര്യങ്ങളും രാഷ്ട്രീയ താത്പര്യങ്ങളും ബിസിനസ് താത്പര്യങ്ങളുമെല്ലാം സ്വാധീനിച്ച മുഫ്തികളും അവരുടെ നിരവധി ഫത്‌വകളും നാം കേട്ടിട്ടുണ്ട്. അമവി അബ്ബാസി ഭരണകാലങ്ങളില്‍ ചില ഭരണാധികാരികള്‍ തങ്ങള്‍ക്കു പറ്റിയവരെ മുഫ്തിയാക്കിയിട്ടുണ്ട്. ഭരണാധികാരികള്‍ക്കനുസരിച്ച് ഫത്‌വാ നല്‍കിയവരുണ്ട്. രാഷ്ട്രീയ താത്പര്യങ്ങളില്‍ നിന്നൊഴിയാന്‍ വേണ്ടി മുഫ്തി പദം ഏറ്റെടുക്കാന്‍ വിസമ്മതിച്ച മഹാമനീഷികള്‍ പണ്ഡിതന്മാരുടെ കൂട്ടത്തിലുണ്ട് എന്നതിന് ചരിത്രം സാക്ഷിയാണ്.

പണ്ഡിതന്‍മാര്‍ക്ക് സമൂഹത്തില്‍ വലിയ സ്ഥാനമുണ്ട്. അത് ആത്മീയ പദവികളല്ല. പണ്ഡിതന്‍മാര്‍ തങ്ങളുടെ ധര്‍മം പാലിക്കാതെ വരികയോ സ്വാര്‍ഥതയെ പുല്‍കുകയോ ചെയ്താല്‍ ആ പണ്ഡിതന്‍മാരായിരിക്കും സാധാരണക്കാരെക്കാള്‍ അല്ലാഹുവിങ്കല്‍ മോശം. പാണ്ഡിത്യം പൗരോഹിത്യത്തിനു വഴിയല്ല എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. 

Feedback
  • Friday Oct 18, 2024
  • Rabia ath-Thani 14 1446