Skip to main content

ഫോട്ടോഗ്രഫി

ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതില്‍ തെറ്റുണ്ടോ? അത് നിഷിദ്ധമാണോ? എന്റെ ഉറക്കറയില്‍ ചില നടന്‍മാരുടെ ഫോട്ടോകളും സ്ത്രീകളുടെ ചിത്രങ്ങളുള്ള ഏതാനും മാസികകളുമുണ്ട്. അവ കൈവശം വെയ്ക്കുന്നത് ഇസ്‌ലാമിക ശരീഅത്തിന്റെ ദൃഷ്ടിയില്‍ കുറ്റകരമാണോ?

മറുപടി : ഈജിപ്തിലെ വ്യാഖ്യാത പണ്ഡിതനും സമുന്നതനായ മുഫ്തിയുമായിരുന്ന അല്‍ അല്ലാമഃ അശൈഖ് മുഹമ്മദ് ബുഹൈത്ത് അല്‍ മുത്വീഇ ഫോട്ടോഗ്രാഫി അനുവദീയമാണെന്ന് സമര്‍ഥിച്ചു കൊണ്ട് എഴുതിയ ഒരു പ്രബന്ധത്തില്‍, അത് 'ഞാന്‍ സൃഷ്ടിച്ചതു പോലെ സൃഷ്ടിക്കുന്നവര്‍' എന്ന തിരുവചനത്തിന്റെ വരുതിയില്‍ വരുന്നതല്ലെന്ന് അഭിപ്രായപ്പെടുകയുണ്ടായി. കാരണം, ഫോട്ടോഗ്രാഫിയില്‍ സൃഷ്ടികര്‍മം എന്ന പ്രക്രിയയല്ല സൃഷ്ടിയുടെ ഛായ പകര്‍ത്തുകയെന്നത് മാത്രമാണ് നടക്കുന്നത്. പ്രതിഛായ (Reflection) എന്നാണ് അതിന്റെ സാങ്കേതിക നാമം തന്നെ-ഏറ്റവും അനുയോജ്യമായ നാമകരണം. വസ്തുക്കളുടെ ഛായ ഒരു ദര്‍പ്പണത്തിലെന്ന പോലെ ഒരു പ്രതലത്തില്‍ പ്രതിബിംബിക്കുകയാണ് ഫോട്ടോഗ്രാഫിയില്‍ സംഭവിക്കുന്നത്. ഒരു ശില്പിയോ ചിത്രകാരനോ ചെയ്യുന്നതു പോലുള്ള കൃത്യമല്ല അത്. അതിനാല്‍ അത് നിഷിദ്ധമാക്കപ്പെട്ട സൃഷ്ടികര്‍മത്തിന്റെ വരുതിയില്‍ വരുന്നതല്ല. തന്നിമിത്തം ശൈഖ് മുഹമ്മദ് ബുഹൈത്തിന്റെ മുന്‍ചൊന്ന ഫത്‌വയോട് ബഹുഭൂരിപക്ഷം പണ്ഡിതന്‍മാരും യോജിക്കുകയുണ്ടായി. ഇതേ അഭിപ്രായമാണ് ഞാന്‍ എന്റെ 'വിധിവിലക്കുകള്‍' എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എടുക്കുന്ന ചിത്രം ഹലാലായതാണെങ്കില്‍ ഫോട്ടോഗ്രാഫിയില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. സ്ത്രീയുടെ നഗ്‌നമോ അര്‍ധനഗ്‌നമോ ആയ ചിത്രങ്ങളോ ശര്‍ഇന്റെ ദൃഷ്ടിയില്‍ അസ്വീകാര്യമായ മറ്റു ദൃശ്യങ്ങളോ ക്യാമറയില്‍ പകര്‍ത്തരുത് എന്നു മാത്രം. സ്വന്തം മക്കളുടെയോ സുഹൃത്തുക്കളുടേയോ പ്രകൃതി ദൃശ്യങ്ങളുടെയോ പ്രത്യേക ചടങ്ങുകളുടെയോ ഛായകള്‍ ക്യാമറയില്‍ പകര്‍ത്തുന്നത് അനുവദനീയമാണ്. പാസ്‌പോര്‍ട്ടിനു വേണ്ടി ചിത്രമെടുക്കുന്നതും കുപ്രസിദ്ധ കേടികളുടെ ഫോട്ടോ പകര്‍ത്തുന്നതും സമ്മാനദാന ചടങ്ങുകള്‍ ക്യാമറയിലാക്കുന്നതും അനുവദനീയമാണെന്ന് ഇവ്വിഷയത്തില്‍ അതിതീവ്രത പുലര്‍ത്തുന്നവര്‍ പോലും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ നടീനടന്‍മാരുടെ ഫോട്ടോകള്‍ വാങ്ങി സൂക്ഷിക്കുന്നത് മത നിഷ്ഠയുള്ള മുസ്‌ലിമിനു ചേര്‍ന്ന വൃത്തിയല്ല. നടീനടന്‍മാരുടെയും ഗായികാഗായകന്‍മാരു ടെയും ഫോട്ടോകള്‍ സൂക്ഷിക്കുന്നതില്‍ മുസ്‌ലിമിന് എന്തുകാര്യം? മറ്റു ജോലികളൊന്നു മില്ലാത്ത വ്യക്തികള്‍ക്കു മാത്രം ചേരുന്ന ഒന്നാണിത്. ഇത്തരം ചിത്രങ്ങള്‍ വഴി അവര്‍ക്ക് സമയം കൊല്ലാം. 

എന്നാല്‍ സ്ത്രീകളുടെ നഗ്‌നചിത്രങ്ങളുള്ള മാസികകള്‍ സൂക്ഷിച്ചു വെയ്ക്കുന്നത് ഖേദകരമായ കാര്യമാണ്. ഉത്പന്നങ്ങളുടെ പരസ്യത്തിന് സ്ത്രീകളുടെ മേനിക്കൊഴുപ്പ് ചൂഷണം ചെയ്യപ്പെടുന്ന ഇക്കാലത്ത് വിശേഷിച്ചും. ഉപഭോക്താക്കളെ കുടുക്കാനുള്ള കെണിയാണവ. എങ്കിലും ചോദ്യകര്‍ത്താവ് മാസികകള്‍ സൂക്ഷിച്ചു വെയ്ക്കുന്നത് അതിലുള്ള വൈജ്ഞാനിക കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെങ്കില്‍-അതിലുള്ള ചിത്രങ്ങള്‍ കണ്ടുരസിക്കുക എന്ന ഉദ്ദേശത്തോ ടെയല്ലെങ്കില്‍- കുഴപ്പമില്ല. ഇസ്‌ലാമിക സംസ്‌കാരത്തിനു നിരക്കാത്ത നഗ്‌നചിത്രങ്ങള്‍ ഒഴിവാക്കുകയാണുത്തമം. അത് സാധ്യമല്ലെങ്കില്‍ അവക്ക് ബഹുമതി കല്പിക്കപ്പെടുകയോ മനസ്സിനെ ആകര്‍ഷിക്കുകയോ ചെയ്യാത്ത സ്ഥലത്ത് സൂക്ഷിക്കുക. എന്നാല്‍ ചിത്രങ്ങള്‍ തൂക്കുന്നത് അനുവദനീയമല്ല. അങ്ങനെ ചെയ്യുമ്പോള്‍ അവയ്ക്ക് ഒരുതരം മഹത്വം കല്പിക്കപ്പെടുന്നുണ്ട്. അത് ശര്‍ഇനു വിരുദ്ധമത്രെ. സര്‍വലോക നാഥനായ അല്ലാഹുവല്ലാതെ മഹത്വം അര്‍ഹിക്കുന്നില്ല.

Feedback