Skip to main content

പ്രതിമകള്‍, ശില്പങ്ങള്‍

പ്രതിമകളെ സംബന്ധിച്ച ഇസ്‌ലാമിക വിധിയെന്താണ്? എന്റെ വശം പൗരാണിക ഈജിപ്തു കാരുടെ ചില പ്രതിമകളുണ്ട്. ഒരു അലങ്കാരം എന്ന നിലയില്‍ അവ വീട്ടില്‍ പ്രദര്‍ശിപ്പിക്കുവാന്‍ ഞാനൊരുമ്പെട്ടു. പക്ഷേ, ചിലര്‍ എതിര്‍ത്തു. അത് ഹറാമാണ് എന്നവര്‍ പറയുന്നു. ശരിയാണോ?

മറുപടി : ഇസ്‌ലാം പ്രതിമകള്‍ നിരോധിച്ചിരിക്കുന്നു. മനുഷ്യരുടേതോ തിര്യക്കുകളുടേതോ ആവട്ടെ, ആകാരമുള്ള പ്രതിമകളെല്ലാം നിഷിദ്ധമാണ്. വല്ല മാലാഖയുടേതോ ഈസാ തുടങ്ങിയ പ്രവാചകന്‍മാരുടേതോ കന്യാമറിയമിന്റേതോ പോലെ ആദരണീയ വ്യക്തിത്വങ്ങളെയോ ഹിന്ദുക്കളുടെ ഗോമാതാവിനെപ്പോലെ വല്ല ദൈവങ്ങളെയോ പ്രതിനിധീകരിക്കുന്ന പ്രതിമകളാവുമ്പോള്‍ വിലക്കിന്റെ കാഠിന്യം കൂടുന്നു. അത്തരം പ്രതിമകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ചിലപ്പോള്‍ കുഫ്‌റിനു തുല്യമോ കറയറ്റ കുഫ്ര്‍ തന്നെയോ ആയിത്തീരാം. അത് ഹലാലായി കരുതുന്നവര്‍ കാഫിറാകുകയും ചെയ്യും. ഏകദൈവ വിശ്വാസത്തിന്റെ പരിരക്ഷയില്‍ അതീവ നിഷ്‌കര്‍ഷയുണ്ട് ഇസ്‌ലാമിന്. ഏകദൈവ വിശ്വാസത്തിന് നിസ്സാരമായ പോറലെങ്കിലും ഏല്ക്കാന്‍ സാധ്യതയുള്ള എല്ലാ വഴികളും അത് അടച്ചുകളയുന്നു. 

ഇത് ബഹുദൈവ വിശ്വാസത്തിന്റെയും വിഗ്രഹാരധനയുടേയും കാലഘട്ടത്തിന് മാത്രം ബാധകമായ ഒന്നാണെന്നും ഇന്ന് ബഹുദൈവത്വമോ വിഗ്രഹാരാധനയോ ഇല്ലെന്നും ചിലര്‍ പറയാറുണ്ട്. ഇത് ശരിയല്ല. ഇക്കാലത്തുമുണ്ട് വിഗ്രഹാരാധകര്‍. ഗോക്കളെയും മേഷങ്ങളെയും പൂജിക്കുന്നവരുമുണ്ട്. യാഥാര്‍ഥ്യം നിഷേധിക്കുന്നതെന്തിന്? വിഗ്രഹാരാധകരേക്കാള്‍ ഒട്ടും മോശക്കാരല്ലാത്ത ആളുകളെ യൂറോപ്പില്‍ കാണാം. വ്യാപാരകേന്ദ്രങ്ങളില്‍ കുതിരയുടെ തല കെട്ടിത്തൂക്കുന്നവരുണ്ടവിടെ. അല്ലെങ്കില്‍ കാറില്‍ വല്ലതും കെട്ടിത്തൂക്കും. ജനങ്ങളിലിപ്പോഴും അന്ധവിശ്വാസമുണ്ട്. അയഥാര്‍ഥമായ കാര്യങ്ങളോടുള്ള മമത മനുഷ്യമനസ്സിന്റെ ദൗര്‍ബല്യമാണ്. വിദ്യാസമ്പന്നര്‍ പോലും ഇതില്‍നിന്നൊഴിവല്ല. അതിനാല്‍ വിഗ്രഹാരാധനയിലേക്ക് നയിക്കുന്നതോ വിഗ്രഹാരാധനയുടെ നേരിയ ഗന്ധമുള്ളതോ ആയ സര്‍വവും ഇസ്‌ലാം നിരോധിച്ചു. പ്രതിമകള്‍ നിരോധിച്ചതും അതിനാല്‍ തന്നെ. പൗരാണിക ഈജിപ്തുകാരുടെ പ്രതിമകളും ഈ ഇനത്തില്‍പ്പെടുന്നു. 

ചിലര്‍ ഇത്തരം പ്രതിമകളെ ഉറുക്ക് എന്ന നിലയില്‍ കെട്ടിനടക്കാറുണ്ട്. അസൂയാലുക്കളുടെയും ജിന്നിന്റെയും കണ്ണേറിന്റെയും ദ്രോഹം തടുക്കാനാണത്രെ ഇത്. ഇതില്‍ കുറ്റം രണ്ടാണ്. പ്രതിമയെ ഉപയോഗിച്ചതിന്റെയും ഉറുക്ക് കെട്ടിയതിന്റെയും. പ്രതിമകളുടെ കൂട്ടത്തില്‍ കുട്ടികളുടെ കളിക്കോപ്പുകള്‍ മാത്രമേ ഹലാലായതുള്ളൂ. മറ്റെല്ലാം നിഷിദ്ധമാണ്.

Feedback