ഒരാള്‍ മരണപ്പെടുമ്പോള്‍ നോമ്പ് ബാക്കിയുണ്ടെങ്കില്‍ ബന്ധുക്കള്‍ അത് നോറ്റുവീട്ടാന്‍ ബാധ്യസ്ഥരാണോ?
മറുപടി : ന്യായമായ കാരണമില്ലാതെയാണ് നോമ്പ് കടമാക്കിയത് എങ്കില്‍ അയാള്‍ അല്ലാഹുവിനുമുമ്പില്‍ കുറ്റക്കാരനാണ്. അത് ബന്ധുക്കള്‍ നോറ്റുവീട്ടിയതുകൊണ്ട് അയാള്‍ കുറ്റമുക്തനാവുകയില്ല. എന്നാല്‍ അനുവദനീയ സാഹചര്യത്തിലാണ് നോമ്പ് ബാക്കിയായതെങ്കില്‍ (യാത്രക്കാരനായിരിക്കെ ഉപേക്ഷിച്ച നോമ്പ് പിന്നീട് വീട്ടാമെന്നു കരുതി നിര്‍വഹിക്കും മുമ്പ് മരണപ്പെട്ടതുപോലെയുള്ളവ) ബന്ധുക്കള്‍ക്ക് അത് നോറ്റുവീട്ടാവുന്നതാണ്.
ആഇശ(റ) പറയുന്നു: നബി(സ്വ) അരുളി: വല്ലവനും മരണപ്പെട്ടു. അവന്ന് വീട്ടാനുള്ള നോമ്പുണ്ട്. എങ്കില്‍ അവന്റെ ബന്ധുക്കള്‍ നോമ്പനുഷ്ഠിച്ച് ആ ബാധ്യത വീട്ടേണ്ടതാണ് (ബുഖാരി).
ഇബ്നു അബ്ബാസ്(റ) പറയുന്നു: ഒരു മനുഷ്യന് നബി(സ്വ)യുടെ അടുത്തുവന്നു പറഞ്ഞു: പ്രവാചകരേ, എന്റെ മാതാവ് മരണപ്പെട്ടു. അവര്‍ക്ക് ഒരു മാസത്തെ നോമ്പ് നോറ്റുവീട്ടാന്‍ ബാധ്യതയുണ്ട്. ഞാനത് നോറ്റു വീട്ടാമോ? നബി ചോദിച്ചു. അതേ, അല്ലാഹുവിന്റെ കടമാണ് വീട്ടുവാന് ഏറ്റവും അവകാശപ്പെട്ടത്. മറ്റൊരു നിവേദനത്തില്‍ പറയുന്നു. ഒരു സ്ത്രീ പറഞ്ഞു: എന്റെ മാതാവ് മരിച്ചു. അവര്‍ക്ക് നേര്‍ച്ചയാക്കിയ നോമ്പുകള്‍ നോറ്റുവീട്ടാനുണ്ട് (ബുഖാരി).
എന്നാല്‍ ഇങ്ങനെ നോറ്റുവീട്ടുന്നത് ബന്ധുക്കളുടെ നിര്‍ബന്ധ ബാധ്യതയാണോ എന്നതില്‍ പണ്ഡിതന്മാര്ക്ക് ഭിന്നവീക്ഷണങ്ങളുണ്ട്. നോമ്പിന് പകരം പരേതന്റെ അനന്തരസ്വത്തില്‍ നിന്ന് ഫിദ്യ നല്കിയാലും മതി എന്നും അഭിപ്രായമുണ്ട്.