അലി(റ)യുടെ ഖിലാഫത്ത് കാലം അദ്ദേഹത്തിനും മുആവിയക്കുമിടയില്‍ ഉടലെടുത്ത സ്വിഫ്ഫീന്‍ യുദ്ധം കൊടുമ്പിരികൊണ്ടു. ഖലീഫ അലി(റ)വിന്റെ പക്ഷം വിജയ തീരമണയുന്ന ഘട്ടം വന്നു. അപ്പോഴാണ് തന്ത്രജ്ഞനായ മുആവിയ(റ) അവസാന ആയുധം പുറത്തെടുത്തത്. മുസ്വ്ഹഫ് കുന്തങ്ങളില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, ആരാവണം യഥാര്‍ഥ ഖലീഫ എന്ന വിഷയം ഖുര്‍ആനിലേക്ക് മടക്കാം എന്ന് ആഹ്വാനം മുഴക്കാന്‍ അദ്ദേഹം സൈനികരെ ശട്ടം കെട്ടി. ഇതോടെ യുദ്ധഗതി മാറി.
ഖലീഫ അലി(റ) മുആവിയയുടെ തന്ത്രം തിരിച്ചറിഞ്ഞെങ്കിലും ഖുര്‍ആനിലേക്ക് ക്ഷണിക്കുന്നവരോട് യുദ്ധം ചെയ്യാന്‍ തങ്ങളില്ലെന്ന് അലി(റ)യുടെ പക്ഷക്കാരായ ഇറാഖികള്‍ ശഠിച്ചു. ഇതോടെ ഖലീഫ നിസ്സഹായനായി. അങ്ങനെ മുആവിയയുടെ തന്ത്രം ഫലം കണ്ടു. അലി(റ)യുടെ ഭാഗത്തു നിന്ന് അബൂമുസല്‍ അശ്അരി(റ)യും മുആവിയയുടെ ഭാഗത്ത് നിന്നും അംറൂബ്‌നുല്‍ ആസ്വും(റ) പ്രതിനിധികളാക്കപ്പെട്ടു.
പ്രതിനിധികള്‍ ചര്‍ച്ച തുടങ്ങും മുമ്പ് തന്നെ ഖലീഫ അലി(റ)വിന്റെ നിരയില്‍ അപസ്വരം ഉയര്‍ന്നു തുടങ്ങി. 'നിയമാനുസൃത വഴിയിലൂടെ ഖലീഫയായി തെരെഞ്ഞെടുക്കപ്പെട്ട അലി ഖിലാഫത്തിനെ വീണ്ടും മധ്യസ്ഥതക്കു വിട്ട തീരുമാനം ഉചിതമായില്ല. തീരമാനാധികാരം അല്ലാഹുവിന് മാത്രമല്ലേ. ദൈവികനിയമങ്ങള്‍ അനുസരിക്കാത്തവര്‍ കാഫിറുകള്‍ തന്നെ. അതിനാല്‍ അലി(റ) അടക്കമുള്ളവര്‍ പശ്ചാത്തപിച്ച് ഇസ്‌ലാമിലേക്ക് മടങ്ങി വരണം'. ഖവാരിജുകള്‍ എന്ന് പിന്നീട് അറിയപ്പെട്ട വിഭാഗമാണ് ഈ വാദഗതി ഉന്നയിച്ചത്. സ്വിഫ്ഫീന്‍ രണാങ്കണത്തില്‍ നിന്ന് മടങ്ങും മുമ്പുതന്നെ അലി പക്ഷം രണ്ടു ചേരികളിലായി. ഖവാരിജുകളുടെ പിറവി ഇങ്ങനെയായിരുന്നു.
എ.ഡി. 657-ലാണ് ഇവരുടെ ആവിര്‍ഭാവം. വിഘടിതര്‍, വിമതര്‍ എന്നെല്ലാമാണ് ഖവാരിജ് എന്നതിന്റെ ഭാഷാര്‍ഥം. കള്ളപ്രവാചക വാദിയായിരുന്ന മുസൈലിമയുടെ പിന്‍മുറക്കാരായ ഇവര്‍. നജ്ദിലെ ബനുതമിം ഗോത്രക്കാരാണ് ഖവാരിജുകളില്‍ ഭൂരിപക്ഷം പേരും. സ്വിഫ്ഫീനില്‍ നിന്ന് മടങ്ങിയ ഇവര്‍ കൂഫയിലേക്ക് പോകാതെ ഹറൂറാഇല്‍ തമ്പടിക്കുകയും അവിടെ സമാന്തര ഭരണം സ്ഥാപിക്കുകയും ചെയ്തു. അബ്ദുല്ലാഹിബ്‌നു വഹബുര്‍റാസിബിയായിരുന്നു നേതാവ്.
നിലപാടുകള്‍
ഖവാരിജുകളുടെ നിലപാട് ആത്യന്തികവും തീവ്രവുമായിരുന്നു. ഉമര്‍(റ), അബൂബക്ര്‍(റ), എന്നിവര്‍ക്കു പിന്നാലെ വന്നവരെല്ലാം സത്യനിഷേധികളാണ്. തങ്ങളുടെ ഖലീഫയെയും ആശയങ്ങളെയും അംഗീകരിക്കാത്തവരെല്ലാം മതപരിത്യാഗികള്‍ തന്നെ. അത്തരക്കാരെ കൊന്നാലും പ്രശ്‌നമില്ല. മഹാപാപം ചെയ്യുന്നവനും, ഇസ്്‌ലാമിക കര്‍മ്മങ്ങള്‍ തിരസ്‌കരിക്കുന്നവനും വധശിക്ഷ അര്‍ഹിക്കുന്നു. ഇതായിരുന്നു അവരുടെ സിദ്ധാന്തം.
മുസ്ലിംകളില്‍ ഭിന്നതയും പിളര്‍പ്പും ഉണ്ടാക്കുന്നതില്‍ ഖവാരിജുകള്‍ അപാകത കണ്ടില്ല. അരാജകത്വത്തിന്റെ വക്താക്കളായ ഇവര്‍ നിയമവാഴ്ചയ്ക്ക് ഒരിക്കലും വഴങ്ങിയിരുന്നുമില്ല. അതേസമയം മതവിഷയത്തിലെ കടുംപിടുത്തം, സ്വന്തം വിശ്വാസത്തോടുള്ള അദമ്യമായ അനുരാഗം, അസാമാന്യ ധീരത, കരാര്‍ പാലനം, എന്നീ ഗുണങ്ങള്‍ ഖവാരിജുകള്‍ക്കുള്ളതായി ചരിത്രഗ്രന്ഥങ്ങളില്‍ കാണുന്നു.
ഉള്‍പ്പിരിവുകള്‍
പിളര്‍പ്പിന്റെ വക്താക്കളെന്ന് ചരിത്രം വിധിയെഴുതിയ ഖവാരിജുകള്‍ ഇരുപത് വിഭാഗങ്ങളായി വേര്‍പിരിഞ്ഞത് സ്വാഭാവികമാവാം. അവയില്‍ ചിലത് :
തങ്ങളല്ലാത്തവരെല്ലാം സത്യനിഷേധികളാണെന്നും അവരുമായി ഒരു തരത്തിലുമുള്ള സംസര്‍ഗ്ഗവും പാടില്ലെന്നും വാദിച്ച തീവ്രവാദി വിഭാഗമായിരുന്നു അസാരിക്കുകള്‍. നാഫിഉബ്‌നു അസ്‌റഖായിരുന്നു ഇവരുടെ നേതാവ്.
അല്ലാഹുവിനെയും ദൂതനെയും അറിയുകയെന്ന ഇസ്്‌ലാമിന്റെ മൗലിക തത്വം ഉള്‍ക്കൊണ്ടവര്‍ തെറ്റുകാരാവുകയില്ല. അതേസമയം, കളവ് പറയല്‍ മഹാപാപമാണ്. ഈ വിശ്വാസം വെച്ചു പുലര്‍ത്തിയവരാണ് നജ്ദത്തുബ്‌നു ആമിറിന്റെ അനുയായികളായ നജ്ദാത്തുകള്‍.
മിതവാദികളെന്ന് അറിയപ്പെട്ടിരുന്ന ഇബാദ്വിയ്യ(അബ്ദുല്ലാഹിബ്‌നു ഇബാദ്വയുടെ അനുയായികള്‍)യും, അജാരിദ, സ്വഫ്രിയ്യ തുടങ്ങിയവയും ഇവരിലെ ദുര്‍ബല വിഭാഗങ്ങളായിരുന്നു.
അലിയുടെ വധം
ബസ്വറയിലെയും കൂഫയിലെയും ഖവാരിജുകള്‍ നഹ്‌റുവാനില്‍ താവളമടിച്ച് ശക്തി സംഭരിച്ച് അലി(റ)ക്കെതിരെ ശക്തമായി രംഗത്തു വന്നു. കുപ്രചാരണവും നടത്തി. ഇതിനെ തകര്‍ക്കാന്‍ അലി(റ) നിര്‍ബന്ധിതനാവുകയും, നഹ്‌റുവാന്‍ യുദ്ധം വഴി അവരെ ഉന്മൂലനം നടത്തുകയും ചെയ്തു.
ഇതില്‍ നിന്നും രക്ഷ നേടി ഒളിവില്‍ പോയവരാണ് പിന്നീട് ഗൂഢാലോചന നടത്തി മുആവിയ(റ), അംറൂബ്‌നൂല്‍ ആസ്വ്(റ), അലി(റ) എന്നിവരെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. പദ്ധതിയില്‍ വിജയിച്ചത് പക്ഷേ, അലി(റ) യെ വധിക്കാന്‍ ചുമതലയേറ്റ അബ്ദുര്‍റഹ്മാനുബ്‌നു മുല്‍ജിം മാത്രമാണ്.