21. സൗബാനുബ്‌നു ബജ്ദദ്
നബി(സ്വ) മോചിപ്പിച്ച അടിമ, അവിടുത്തെ മരണംവരെ നബിക്ക്(സ്വ) സേവനം ചെയ്തുകൊണ്ടു കഴിഞ്ഞുകൂടി. പിന്നീട് ഹിംസ്വിലേക്കു താമസംമാറ്റി. അവിടെവെച്ച് ഹിജ്‌റ 54 ല്‍ മരിച്ചു. നബി(സ്വ)യില്‍ നിന്ന് 128 ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്.
22. ജാബിറുബ്‌നു സമൂറ (അബൂഅബ്ദില്ല)
പിതാവും സ്വഹാബിയാണ്. കൂഫയില്‍ താമസമാക്കി. ഇറാഖിലെ ബിശ്‌റ് എന്ന സ്ഥലത്തുവെച്ച് ഹിജ്‌റ 74ല്‍ മരണം. 146 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
23. ജാബിറുബ്‌നുഅബ്ദില്ല
ഖസ്‌റജ് ഗോത്രം. അന്‍സാരി. പിതാവ് സ്വഹാബി. ശൈശവത്തില്‍ പിതാവിനോടൊപ്പം അഖബ ഉടമ്പടിയില്‍ പങ്കെടുത്തു. ബദ്‌റും ഉഹ്ദും ഒഴികെ ഒന്‍പതു യുദ്ധങ്ങളില്‍ നബി(സ്വ)യോടൊപ്പം പങ്കുചേര്‍ന്നു. നബി(സ്വ)യില്‍ നിന്ന് 1540 ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. മദീനയില്‍ ഹി. 74 ല്‍ നിര്യാതനായി.
24. ജുബൈറുബ്‌നു മുത്വ്ഇം
ഖുറൈശ് ഗോത്രം. ഖുറൈശികളിലെ നേതാവും പണ്ഡിതനും. ഹിജ്‌റ 59 ല്‍ മദീനയില്‍ നിര്യാണം. ഹദീസുകള്‍ 60.
25. ജരീറുബ്‌നു അബ്ദില്ല അല്‍ബജലീ (അബൂഅംറ്)
നബി(സ്വ)യുടെ മരണത്തിന്റെ 40 ദിവസം മുമ്പ് ഇസ്‌ലാം ആശ്ലേഷിച്ചു. സുന്ദരന്‍. ഇസ്‌ലാമിലും ജാഹിലിയ്യത്തിലും സമുദായ നേതാവ്. ഹി: 51 ല്‍ മരണം.
26. ജുന്‍ദുബ്ബ്നു അബ്ദില്ലാ അല്‍ ബജലീ
കൂഫയില്‍ താമസിച്ചു. പിന്നീട് ബസ്വറയിലേക്കു മാറി. മുസ്അബുമൊന്നിച്ചാണ് അവിടെ വന്നത്. 43 ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
27. ജുന്‍ദുബുബ്‌നു ജുനാദ (അബുദര്‍റ്)
ഗിഫാര്‍ ഗോത്രക്കാരന്‍. അബൂദര്‍റില്‍ ഗിഫാരി എന്ന പേരില്‍ പ്രശസ്തന്‍. വളരെ നേരത്തെ ഇസ്‌ലാം സ്വീകരിച്ചു. ഞാന്‍ അഞ്ചാമനാണ് ഇസ്‌ലാമില്‍ എന്ന് അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. സത്യസന്ധതയില്‍ ഉദാഹരിക്കപ്പെടുന്ന വ്യക്തി, കണിശക്കാരന്‍ . നബി(സ്വ)യോട് ആദ്യം സലാം പറഞ്ഞ വ്യക്തി. ഹിജ്‌റ 32ല്‍ റബ്ദയില്‍ വെച്ച് വിയോഗം. 28 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
28. ജുര്‍സുമുബ്‌നു നാശിര്‍ അല്‍ഹശനി (അബുസഅ്‌ലബ)
അബൂസഅ്‌ലബ എന്ന നാമധേയത്തില്‍ പ്രസിദ്ധന്‍. പിതാവിന്റെയും അദ്ദേഹത്തിന്റെയും പേരിന്റെ കാര്യത്തില്‍ ചെറിയ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഹിജ്‌റ 7 5ല്‍ മരണം. 40 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
29. ജുവയ്‌രിയ്യ ബിന്‍തു അല്‍ഹാരിസ്
പ്രവാചകപത്‌നി. ഉമ്മുല്‍ മുഅ്മിനീന്‍. ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ബുഖാരിയും മുസ്‌ലിമും രണ്ടുവീതം ഹദീസുകള്‍ മാത്രം റിപ്പോര്‍ട്ടുചെയ്തു. ഹിജ്‌റ 56 ല്‍ മരണം.
30. ഹാരിസുബ്‌നു റബ്ഈ (അബൂഖതാദാ)
അന്‍സ്വാരി. ഖസ്‌റജ് ഗോത്രം. അബൂഖതാദ എന്ന പേരില്‍ പ്രശസ്തന്‍. ഉഹ്ദു മുതല്‍ എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 54 ല്‍ മദീനയില്‍ മരണം. അലിയുടെ(റ) ഖിലാഫത്ത് കാലത്ത് കുഫയിലാണെന്ന ഒരു പക്ഷവുമുണ്ട്.