Skip to main content

അറബിമലയാള പ്രസിദ്ധീകരണങ്ങള്‍

ആധുനിക വാര്‍ത്താ വിനിമയോപാധികളും പള്ളികളും പള്ളിക്കൂടങ്ങളും ക്രൈസ്തവ മിഷനറി പ്രവര്‍ത്തനത്തിനും വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനുമായി ഉപയോഗിക്കപ്പെട്ടപ്പോള്‍ മുസ്‌ലിം സമുദായം പൊതുവെ ഇത്തരം രംഗങ്ങളില്‍ നിന്ന് വിട്ടുനിന്നു. അഭ്യസ്ത വിദ്യരുടെ കുറവായിരുന്നു ഇതിന് പ്രധാന കാരണം. പിന്നീട് മുസ്‌ലിം സമുദായം പതുക്കെ ഈ മേഖലകളിലേക്ക് കടന്നു വന്നു. മുസ്‌ലിംകള്‍ക്കിടയില്‍ അറബിമലയാളത്തിന് വലിയ സ്വാധീനമുണ്ടായിരുന്നതിനാല്‍ അറബിമലയാളത്തില്‍ ധാരാളം പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങാന്‍ തുടങ്ങി. സാധാരണക്കാരനും പരിചിതമായ ഭാഷയായി അറബി മലയാളം മാറിയിരുന്നതിനാല്‍ ഇത്തരം പ്രസിദ്ധീകരണങ്ങള്‍ക്ക് സമൂഹത്തില്‍ വലിയ സ്വീകാര്യത ലഭിച്ചു. അത്തരം ചില അറബിമലയാള പ്രസിദ്ധീകരണങ്ങളില്‍ പ്രധാനപ്പെട്ടവ താഴെ നല്‍കുന്നു.

ഹിദായത്തുല്‍ ഇഖ്‌വാന്‍ 
കേരള മുസ്‌ലിംകളില്‍ ഏറെ സ്വാധീനം ചെലുത്തിിതല്‍ ഒന്നാമത്തെ അറബി മലയാളം മാസികയാണ് ഹിദായത്തുല്‍ ഇഖ്‌വാന്‍. അല്‍ മുര്‍ശിദിന്റെ ആമുഖക്കുറിപ്പില്‍ കെ.എം. മൗലവി ഇക്കാര്യം സ്ഥിരീകരിക്കുന്നു. (വാല്യം1, ലക്കം 1). മമ്പുറം സയ്യിദ് അലവി തങ്ങളുടെ പുത്രിയായിരുന്ന ശരീഫ കുഞ്ഞു ബീവിയുടെ ദ്വിദീയ പുത്രനായിരുന്ന അബ്ദുല്ലക്കോയ തങ്ങളാണ് ഇതിന്റെ സ്ഥാപകന്‍. തിരൂരങ്ങാടിയില്‍ ചാലിയത്ത് അഹ്മദ് നടത്തിയിരുന്ന അമ്മാറുല്‍ ഇസ്‌ലാം ഫീ മഅദിനൂല്‍ ഉലൂം എന്ന പ്രസ്സില്‍ നിന്നായിരുന്നു പത്രമാസിക അച്ചടിച്ചിരുന്നത്. ചാലിയകത്ത് ഖുസയ്യ് ഹാജിയും അദ്ദേഹത്തിന്റെ മൂത്ത പുത്രന്‍ അലിഹസന്‍ മൗലവിയും പത്രാധിപരെ സഹായിച്ചിരുന്നു. മൂന്നുവര്‍ഷത്തോളമാണ് പ്രസ്തുത മാസിക നിലനിന്നത്. 

തുഹ്ഫത്തുല്‍ അഖ്‌യാര്‍ വ ഫിദായത്തുല്‍ അശ്‌റാര്‍
കേരള മുസ്‌ലിംകളില്‍ പ്രമുഖനായിരുന്ന സയ്യിദ് സനാഉല്ലാ മഅ്ദനി തങ്ങള്‍ 1892 ല്‍ തുഹ്ഫത്തുല്‍ അഖ്‌യാര്‍ വ ഫിദായത്തുല്‍ അശ്‌റാര്‍ എന്ന പേരില്‍ ഒരു പാക്ഷികം പ്രസിദ്ധപ്പെടുത്തിയിരുന്നു. ഒരു വര്‍ഷം നല്ല നിലയില്‍ നടന്ന ആ പത്രവും നിലച്ചുപോയി. അടുക്കള വിട്ടുപോയില്ല-അറിവുള്ളാരെ കണ്ടില്ല-കിതാബൊന്നും പഠിച്ചില്ല-ഫത്‌വക്കൊന്നും മുട്ടില്ല. പത്രത്തിന്റെ ഈ മുഖലിഖിതത്തില്‍ നിന്ന് തന്നെ പത്രത്തിന്റെ ശൈലിയും ആദര്‍ശവും വളരെ വ്യക്തമാണ്.

മണിവിളക്ക് 
ആലപ്പുഴയിലെ പ്രമുഖ വാര്‍ത്ത പ്രമുഖനായിരുന്ന ആദം സേട്ടുസാഹിബിന്റെ പുത്രനാണ് സുലൈമാന്‍ മൗലവി. ബഹുഭാഷാപണ്ഡിതന്‍, എഴുത്തുകാരന്‍, ചികിത്സകന്‍ എന്നീ നിലക ളിലെല്ലാം പ്രശസ്തനായിരുന്നു അദ്ദേഹം. 
സി.ഇ 1899(ഹി 1317) ഇസ്‌ലാമിക നവോത്ഥാനവും മുസ്‌ലിം സമുദായത്തിന്റെ പുരോഗതിയും ആ ഗ്രഹിച്ച് മണിവിളക്ക് എന്ന പേരില്‍ ഒരു അറബി മലയാള മാസിക അദ്ദേഹം പ്രസിദ്ധീകരിച്ചു. മൂന്നുവര്‍ഷക്കാലം മുടങ്ങാതെ തുടര്‍ന്നു. ഇസ്‌ലാമിക വിശ്വാസാചാരങ്ങളെ സംബന്ധിച്ചുള്ള ധാരാളം പ്രൗഢലേഖനങ്ങള്‍ മണിവിളക്കില്‍ പ്രസിദ്ധീകൃതമായി. ആലപ്പുഴയിലെ പ്രമുഖ പണ്ഡിതനും നേതാക്കളുമായിരുന്ന എന്‍.എം. മുഹമ്മദ് കുഞ്ഞുസാഹിബ്, പി.എസ് മുഹമ്മദ് സാഹിബ്. ആലപ്പുഴ മുഹമ്മദ് കമ്മു സാഹിബ് (വക്കം മൗലവിയുടെ മുസ്‌ലിം പ്രതാധിപസമിതി അംഗം) മുതലായവര്‍ മണിവിളക്കില്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു. വക്കം മൗലവി സാഹിബ് മുസ്‌ലിം സമുദായം എന്ന തലക്കെട്ടില്‍ പ്രസ്തുത മാസികയില്‍ ഒരു ലേഖന പരമ്പര തന്നെ പ്രസിദ്ധീകരിച്ചിരുന്നു.  

സുലൈമാന്‍ മൗലവി അറബി മലയാളത്തില്‍ ഒരുപാട് ഗ്രന്ഥങ്ങളും പ്രസിദ്ധപ്പെടുത്തിയിയിട്ടുണ്ട്. നബ്ഹത്തുല്‍ കിറാം, മഅ്ദിനുസ്സുറൂര്‍ ഫീ തഫ്‌സീരി സൂറത്തിത്തൂര്‍, വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാമര്‍ പഠനം അനായാസമാക്കുന്നതിന് വേണ്ടി രചിച്ച യാവാഖൂസ്സര്‍ഫ്, അഹ്കാമുല്‍ ഹയവാന്‍ ഫില്‍ ഹലാലി വല്‍ ഹറാം.

അല്‍ ഇസ്‌ലാം 
കേരള മുസ്‌ലിം നവോത്ഥാന സാരഥികളില്‍ പ്രധാനിയായിരുന്നു വക്കം മൗലവി. 1336 റജബ് (സി.ഇ 1918) ല്‍ കായിക്കരയില്‍ നിന്ന് അല്‍ ഇസ്‌ലാം അറബി മലയാള മാസിക പ്രസിദ്ധീകരിച്ചു. വക്കം മൗലവിയുടെ നാടായ വക്കത്ത് അല്‍ഇസ്‌ലാം ലിത്തോപ്രസില്‍ നിന്നായിരുന്നു മാസിക അച്ചടിച്ചിരുന്നത്. ഒന്നാം ലക്കത്തില്‍ തഫ്‌സീറുകള്‍, ഖുര്‍ആനുല്‍ ഹകീം (സൂറത്തുല്‍ ഫാതിഹ), പ്രസ്താവന നമ്മുടെ അവസ്ഥ, അല്‍ഇസ്‌ലാഹ്, ദീനീസ്വഭാവ സംസ്‌കരണം നമ്മുടെ സ്ത്രീകള്‍, അസ്സലാത്ത് (നമസ്‌കാരം), പദ്യങ്ങളുടെ തര്‍ജമ, വര്‍ത്തമാനക്കുറിപ്പുകള്‍, പരസ്യങ്ങള്‍ എന്നീ തലക്കെട്ടുകളിലായാണ് വിഷയം ക്രമീകരിച്ചിരിക്കുന്നത്. പ്രത്രാധിപര്‍ക്ക് പുറമെ, കെ. മുഹമ്മദ് യൂസുഫ് തങ്ങള്‍ (തിരുവനന്തപുരം), ഇ മെയ്തു മൗലവി തുടങ്ങിയവര്‍ സ്ഥിരം ലേഖകരായിരുന്നു.

അല്‍ ഇസ്‌ലാം അറബി മലയാളത്തില്‍ പ്രസിദ്ധീകരിക്കേണ്ടി വന്നതിനെക്കുറിച്ച് പ്രഥമലക്കം മുഖക്കുറിപ്പില്‍ തന്നെ വിശദമായി പറയുന്നുണ്ട്. വളരെ ചുരുക്കം ആളുകള്‍ക്കു മാത്രമേ അന്ന് മലയാളം വായിക്കാന്‍ കഴിയുമായിരുന്നുള്ളൂ. മുസ്‌ലിം സ്ത്രീകള്‍ അനുഭവിക്കുന്ന സര്‍വവിധ പ്രയാസങ്ങളെക്കുറിച്ചും പ്രത്യേകിച്ച് സ്ത്രീകള്‍ കൈയക്ഷരം പഠിക്കേണ്ടതിനെക്കുറിച്ചും വിശദമായ പഠനങ്ങള്‍ അല്‍ഇസ്‌ലാം പ്രസിദ്ധീകരിച്ചിരുന്നു.
അഞ്ചു ലക്കം മാത്രം പ്രസിദ്ധീകരിച്ച അല്‍ ഇസ്‌ലാം മാസികയും പിന്നീട് ചരിത്രത്തിലേക്ക് വീണുപോയി. 

അല്‍ ഇര്‍ഷാദ് 
കേരള മുസ്‌ലിം ഐക്യ സംഘത്തിന്റെ രൂപീകരണത്തെത്തുടര്‍ന്ന് കൊടുങ്ങല്ലൂരിലെ എറിയാടില്‍ നിന്ന് 1342 റമദാനി (1923)ല്‍ ആരംഭിച്ച അറബി മലയാള പ്രസിദ്ധീകരണമാണ് അല്‍ ഇര്‍ഷാദ്. ജനാബ് ഇ.കെ. മൗലവി പത്രാധിപരും മണപ്പാട് കുഞ്ഞഹമ്മദ് ഹാജി പ്രസാധകനുമായിരുന്നു. പതിനാല് ലക്കങ്ങള്‍ മാത്രമേ ഇര്‍ഷാദ് പ്രസിദ്ധീകരിക്കപ്പെട്ടുള്ളൂ.  

അല്‍ ഇസ്‌ലാഹ് 
കൊടുങ്ങല്ലൂരില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട മറ്റൊരു അറബി മലയാള വാരികയാണ് അല്‍ ഇസ്‌ലാഹ്. ഹിജ്‌റ 1344 റബീഉല്‍ അവ്വലില്‍ (1925 ഒക്ടോബര്‍) പ്രഥമ ലക്കം പുറത്തിറങ്ങി. അല്‍ ഇസ്‌ലാഹിന്റെ പത്രാധിപര്‍ പ്രമുഖ സ്വാതന്ത്ര്യ സേനാനിയും പണ്ഡിതനുമായിരുന്ന ഇ. മൊയ്തു മൗലവിയായിരുന്നു. മുസ്‌ലിം ലോക വാര്‍ത്തകളും ഇസ്‌ലാമിക വാര്‍ത്തകളും കെ.എം മൗലവിയുടെ ഫത്‌വകളും അല്‍ ഇസ്‌ലാഹിന്റെ മാറ്റു വര്‍ദ്ധിപ്പിച്ചു. 1347 റബീഉല്‍ അവ്വലില്‍ (1928 സെപ്റ്റംബര്‍) മുതല്‍ അല്‍ ഇര്‍ഷാദ് നിര്‍ത്തുകയും രണ്ടും കൂട്ടിച്ചേര്‍ത്ത് ഒരു പ്രസിദ്ധീരണമായി പുറത്തിറക്കുകയും ചെയ്തു. ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ അല്‍ ഇര്‍ഷാദും അല്‍ ഇസ്‌ലാഹും വഹിച്ച പങ്ക് അവിസ്മരണീയമാണ്. എറിയാട്ടെ മുഹ്‌യുദ്ദീന്‍ ലിത്തോപ്രസില്‍ നിന്നാണ് ഇരു മാസികളും അച്ചടിച്ചിരുന്നത്.

അല്‍ മുര്‍ഷിദ് 
കേരള ഇസ്‌ലാഹി പ്രസ്ഥാന ചരിത്രത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തിയിട്ടുള്ള പ്രസിദ്ധീകരണമാണ് തിരൂരങ്ങാടിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അല്‍ മുര്‍ഷിദ് അറബി മലയാളം മാസിക. 1938 ഫിബ്രുവരിയിലെ പ്രതാധിപക്കുറിപ്പില്‍ മാസിക അറബി മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ കാരണമായി കേരള മുസ്‌ലിംകളില്‍ മലയാളം എഴുതുവാനും വായിക്കുവാനും അറിയുന്നവരെ അപേക്ഷിച്ച് അറബി മലയാളം അറിയുന്നവരുടെ എണ്ണം വളരെ അധികമാണ് എന്നതും പുരുഷനെപ്പോലെത്തന്നെ മുസ്‌ലീം സ്ത്രീകള്‍ക്കും അറബി മലയാളം വായിക്കാന്‍ സാധിക്കും എന്നതു കൊണ്ടും ആയത്തുകളും ഹദീസുകളും ഉദ്ധരിക്കണമെങ്കില്‍ അറബി മലയാളത്തിലായിരുന്നാലേ സാധിക്കുകയുള്ളു എന്നും പറയുന്നുണ്ട്.

ജനാബ് ടി. കെ മൗലവി (പാനൂര്‍), പി.കെ. മൗലവി, സി.എ മുഹമ്മദ് മൗലവി (തിരൂരങ്ങാടി), എം.സി.സി സഹോദന്‍മാര്‍, വക്കം പി. മുഹമ്മദ് മൊയ്തീന്‍ സാഹിബ്, പി.വി അബ്ദുല്ലക്കുട്ടി മൗ ലവി, കെ.സി. കോമുക്കുട്ടി മൗലവി തുടങ്ങി പ്രഗത്ഭ പണ്ഡിതന്മാരുടെ ഒരു നിര തന്നെ അല്‍ മുര്‍ഷിദില്‍ എഴുതിയിരുന്നു. എം.സി.സി അഹമ്മദ് മൗലവിയുടെ സ്വഹീഹുല്‍ ബുഖാരി പരിഭാഷയും വ്യാഖ്യാനവും പ്രഥമ ലക്കം മുതല്‍ ആരംഭിച്ചിരുന്നു. ആധുനിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രമുഖനായ ത്വന്‍ത്വാ ജൗഹരിയുടെ അല്‍ ഖുര്‍ആന്‍ വ ഉലൂമുല്‍ അസ്വരിയ്യ എന്ന ഗ്രന്ഥം ഖുര്‍ആനും ആധുനിക ശാസ്തവും എന്ന പേരില്‍ പി. വി മുഹമ്മദ് മൗലവി വിവര്‍ത്തനം ചെയ്ത് അല്‍ മുര്‍ഷിദില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്നു. സയ്യിദ് അബ്ദുല്‍ അഅ്‌ലാ മൗദൂദി, മൗലാനാ അബുല്‍ ജലാല്‍ നദ്‌വി, അബുല്‍ ഹസന്‍ നദ്‌വി തുടങ്ങിയവരുടെ ലേഖനങ്ങളും അല്‍ മുര്‍ഷിദില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ രചിച്ച ആധികാരിക ചരിത്ര ഗ്രന്ഥമായ തുഹ്ഫത്തുല്‍ മുജാഹിദീന്‍ അറബി മൂലം കേരളത്തില്‍ ആദ്യമായി ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചത് അല്‍ മുര്‍ഷിദാണ്. പ്രമുഖ പണ്ഡിതന്‍ സി.എ മുഹമ്മദ് മൗലവിയുടെ ഇഹ്‌യാഉസ്സുന്ന എം.സി.സി അബ്ദുറഹ്മാന്‍ മൗലവിയുടെ സ്ത്രീ വിദ്യാഭ്യാസം, ഹസന്‍ മൗലവിയുടെ ശിശു പരിപാലനം തുടങ്ങിയ പരമ്പരകള്‍ പഠനാര്‍ഹങ്ങളായിരുന്നു. കെ.എം മൗലവിയുടെ പണ്ഡിതോചിതവും പഠാനകര്‍ഷങ്ങളുമായ നിരവധി ഫത്‌വകള്‍ എല്ലാ ലക്കങ്ങളിലും മുടക്കം കൂടാതെ പ്രസിദ്ധീ കരിച്ചിരുന്നു. പ്രമുഖ കേരളീയ അറബിക്കവികളായ അബ്ദുല്ല നൂറാനി, പി.വി. അബു ലൈല, കെ.കെ.എം ജമാലുദ്ദീന്‍ മൗലവി, സി.പി അബൂബക്കര്‍ മൗലവി, ടി. മുഹമ്മദ് തുടങ്ങിയവരുടെ അറബിക്കവിതകളും മാസികയിലൂടെ വെളിച്ചം കണ്ടു. 
1939 ഏപ്രില്‍ ലക്കത്തോടുകൂടി 4 വര്‍ഷം പൂര്‍ത്തിയാക്കി അല്‍ മുര്‍ഷിദ് രംഗത്തുനിന്ന് പിന്‍മാറി. 1949 ല്‍ അല്‍ മുര്‍ഷിദ് വീണ്ടും കെ.എം മൗലവിയുടെ നേതൃത്വത്തില്‍ പുനരാരംഭിച്ചുവെങ്കിലും ഒരുവര്‍ഷം പൂര്‍ത്തിയാക്കി നിലച്ചുപോയി.

അല്‍ ഇത്തിഹാദ് 
ഇ.കെ. മൗലവിയുടെ പത്രാധിപത്യത്തില്‍ ഹിജ്‌റ 1373 ല്‍ ജമാദുല്‍ ഊലായില്‍ (1950 ഫെബ്രുവരി 1 ന്) തിരൂരങ്ങാടിയില്‍ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച അറബി മലയാളം മാസികയാണ് അല്‍ ഇത്തിഹാദ് (ഐക്യം). പേരുസൂചിപ്പിക്കുന്നതുപോലെ ഐക്യത്തെക്കുറിച്ചുള്ള ലേഖനങ്ങളും ആഹ്വാനങ്ങളും മാസികയില്‍ ധാരാളം കാണാന്‍ കഴിയും. 1956 സെപ്തംബറില്‍ പുസ്തകം 3 ലക്കം 7 ഓടുകൂടി മാസിക നിലച്ചുപോയി. 

കേരള ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പ്രയാണത്തില്‍ ഊര്‍ജം പകരുകയായിരുന്നു ഇത്തിഹാദിന്റെ ലക്ഷ്യം. അല്‍ മുര്‍ഷിദിലെ എഴുത്തുകാരെല്ലാം അല്‍ ഇത്തിഹാദിലും അണിനിരന്നു. മിക്ക ലേഖനങ്ങളും തുടര്‍ പരമ്പരകളായിരുന്നു. ഒന്നാം ലക്കം മുതല്‍ കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാന ചരിത്രം, ഖാദിമുല്‍ ഇസ്‌ലാം എന്ന തൂലികാനാമത്തില്‍ ഇ.കെ മൗലവി എഴുതിയിരുന്നു. കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ സ്ഥാപനം മുതല്‍ കണ്ണൂരില്‍ വെച്ച് നടന്ന അതിന്റെ 12ാം വാര്‍ഷിക സമ്മേളനത്തോടെ അത് കേരള മുസ്‌ലിം മജ്‌ലിസില്‍ വിലയം പ്രാപിച്ചതുവരെയുള്ള ചരിത്രമാണ് ആ പരമ്പരയിലെ പ്രതിപാദ്യം. കെ.എം മൗലവിയുടെ ഫത്‌വകള്‍, കെ ഉമര്‍ മൗലവിയുടെ മിശ്കാത്ത് പരിഭാഷ, സി.എം മുഹമ്മദ് മൗലവിയുടെ അല്‍ ഫിഖ്ഹ് തുടങ്ങിവ സ്ഥിരം പംക്തികളായിരുന്നു. എന്‍.കെ. അഹമ്മദ് മൗലവി, ഫലഖ് മുഹമ്മദ് മൗലവി, കെ.കെ.എം ജമാലുദ്ദീന്‍ മൗലവി തുടങ്ങിയവരുടെ അറബി കവിതകളും ടി. ഉബൈദ്, കെ.ടി മുഹമ്മദ് വിദ്വാന്‍, ടി.സി. മമ്മി എന്നിവരുടെ മലയാള കവിതകളും മാസികയെ അലങ്കരിച്ചു. മുഹമ്മദ് അമാനി മൗലവിയുടെ ഫിഖ്ഹും ഹദീസും താരതമ്യം ചെയ്തുകൊണ്ടുള്ള പംക്തി വളരെ ശ്രദ്ധേയമായിരുന്നു. ഓരോ ലക്കത്തിലും ഖുര്‍ആന്‍ പാഠം ഉള്‍പ്പെടുത്തിയിരുന്നു. ഇസ്‌ലാമും സ്ത്രീകളും എന്ന ഇ.കെ. മൗലവിയുടെ ലേഖന പരമ്പര സ്ത്രീ വിദ്യാഭ്യാസം, പൊതുപ്രവര്‍ത്തനം, സ്ത്രീധനം തുടങ്ങി സ്ത്രീകളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും വളരെ ആഴത്തില്‍ വിശകലനം ചെയ്തിരുന്നു. മൗലാനാ മുഹമ്മദ് അലിയുടെ വന്ദ്യമാതാവായ ബിഉമ്മ മക്കളെ മാതൃകാപരമായി വളര്‍ത്തേണ്ടതിനെക്കുറിച്ച് തലശ്ശേരിയില്‍ ചെയ്ത പ്രസംഗഭാഗം ലേഖനത്തില്‍ എടുത്തുദ്ധരിക്കുന്നു. 

സി.എച്ച്. അബ്ദുറഹിമാന്‍ സാഹിബിന്റെ റുഖിയ്യ പ്രസില്‍ നിന്നാണ് അല്‍ ഇത്തിഹാദ് അച്ചടിച്ചിരുന്നത്. 

അല്‍ബയാന്‍
1929 ഡിസംബറില്‍ കോഴിക്കോട് നിന്ന് കേരള ജംഇയ്യത്തുല്‍ ഉലമയുടെ സമസ്ത കേരളയുടെ ആഭിമുഖ്യത്തില്‍ അതിന്റെ സ്ഥാപക നേതാവ് പാങ്ങില്‍ അഹ്മദ്കുട്ടി മൗലവിയുടെ നേതൃത്വത്തില്‍ അല്‍ ബയാന്‍ അറബിമലയാളം മാസിക പ്രസിദ്ധീകരിച്ചുതുടങ്ങി. 5 ലക്കം പ്രസിദ്ധീകരിച്ച് പത്രം നിന്നുപോയി. 

നീണ്ട ഇടവേളക്കുശേഷം 1950 മാസത്തില്‍ സമസ്തയുടെ ആഭിമുഖ്യത്തില്‍ വീണ്ടും അല്‍ ബയാന്‍ പത്രം പ്രസിദ്ധീകരിക്കുകയുണ്ടായി. ഏതാണ്ട് പത്തുവര്‍ഷത്തോളം മുടക്കം കൂടാതെ പ്രസിദ്ധീകരണം നടന്നു. തുടര്‍ന്ന് അബ്ദുല്‍ ബാരി മുസ്‌ലിയാര്‍, പറവണ്ണ കെ.പി.എ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍കമാല്‍ കാടേരി തുടങ്ങിയവര്‍ വിവിധ കാലയളവില്‍ അതിന്റെ പത്രാധിപസ്ഥാനം വഹിച്ചിട്ടുണ്ട്.   

നിസാഉല്‍ ഇസ്‌ലാം 
കേരളത്തിലെ അറബി മലയാളത്തില്‍ പ്രസിദ്ധീകരിച്ച ആദ്യ വനിതാ മാസികയാണ് നിസാഉല്‍ ഇസ്‌ലാം. കെ.സി. കോമുക്കുട്ടി മൗലവിയായിരുന്നു പത്രാധിപര്‍. ഇരിമ്പിളിയം ഹൈദരിയ പ്രസില്‍ നിന്നായിരുന്നു അച്ചടിച്ചിരുന്നത്. 1929 സെപ്തംബറില്‍ പ്രഥമ ലക്കം പുറത്തിറങ്ങി.

ഗൃഹഭരണം (കെ.എം.മൗലവി), ശിശുപരിപാലനം (ഇ.കെ.മൗലവി), ഇസ്‌ലാമിക വിശ്വാസം (എം.സി.സി. അഹമ്മദ് മൗലവി), മുസ്‌ലിം സ്ത്രീകള്‍ (ടി.കെ പാതാവു സാഹിബ), സ്വഭാവ സംസ്‌കരണം (എം.സി.സി അബ്ദുറഹ്മാന്‍ മൗലവി), ഹജ്ജാജ് ബ്‌നു യൂസുഫിന്റെ അന്ത്യഘട്ടം തുടങ്ങിയവയാണ് പ്രഥമ ലക്കത്തിലെ വിഭവങ്ങള്‍. സ്ത്രീ വിഷയകമായ ഇസ്‌ലാമിന്റെ കാഴ്ചപ്പാടും ആധുനിക വീക്ഷണങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രതിപാദന രീതിയാണ് ലേഖനങ്ങളിലെല്ലാം. ടി. പാതാവു സാഹിബയുടെ ലേഖനങ്ങള്‍ എല്ലാ ലക്കത്തിലുമുണ്ട്. 

ഒരു കൊല്ലവും നാലുമാസവും അഥവാ പതിനാറു ലക്കങ്ങള്‍ മാത്രമാണ് പ്രസിദ്ധീകരിക്കപ്പെട്ടതെ ങ്കിലും മുസ്‌ലിം വനിതാ മുന്നേറ്റത്തില്‍ പ്രസ്തുത മാസിക കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. മലയാള അക്ഷരങ്ങള്‍ക്ക് സമാനമായ അക്ഷരങ്ങള്‍ അറബി മലയാള അക്ഷരമാലയിലും ഉള്‍പ്പെടുത്തി പരിഷ്‌കരിച്ചപ്പോള്‍ വായിക്കാന്‍ പ്രയാസമനുഭവിക്കപ്പെടുന്നുവെന്നു ചൂണ്ടിക്കാണിച്ചപ്പോള്‍ പുതിയ അക്ഷരമാല പഠിപ്പിക്കുന്നതിനുള്ള ഒരു പംക്തി കൂടി നിസാഉല്‍ ഇസ്‌ലാം തുടര്‍ന്നു. ഇന്നത്തെ മുസ്‌ലിം വനിതാ പ്രസിദ്ധീകരണങ്ങളുടെയൊക്കെ പ്രഥമ രൂപമാണ് നിന്നാല്‍ ഇസ്‌ലാം.

അല്‍ ഹിദായ 
ഇരിമ്പിളിയത്തെ പ്രസിദ്ധ ആര്യവൈദ്യനായിരുന്ന പി.എന്‍ ഹൈദര്‍ വൈദ്യരുടെ പത്രാധിപത്യത്തില്‍ 1929 സെപ്റ്റംബറില്‍ അല്‍ ഹിദായ മാസിക ആരംഭിച്ചു. പത്രാധിപരുടെ ഹൈദരി പ്രസില്‍ നിന്നായിരുന്നു പത്രം അച്ചടിച്ചിരുന്നത്. ആരോഗ്യ ശാസ്ത്ര ലേഖനങ്ങള്‍ക്ക് മാസികയില്‍ നല്ല പ്രാധാന്യം നല്‍കിയിരുന്നു. 

അറബി മലയാളത്തില്‍ മാസികയിറക്കിയതിന്റെ കാരണങ്ങളും മുന്‍ മാസികകള്‍ പറഞ്ഞതു പോലെ എല്ലാവര്‍ക്കും വായിക്കാന്‍ കഴിയുന്ന ഭാഷയായതുകൊണ്ട് ഖുര്‍ആനിന്റെയും ഹദീസിന്റെയും മൂലം അതേപടി ചേര്‍ക്കാന്‍ സൗകര്യമുഉള്ളതുകൊണ്ടുമാണെന്ന് പത്രാധിപര്‍ എഴുതുന്നു. 

അല്‍ ബുര്‍ഹാന്‍ 
ഖുര്‍ആന്‍ പരിഭാഷകനും എഴുത്തുകാരനും പണ്ഡിതനുമായിരുന്ന കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ (കൂറ്റനാട്) ആയിരുന്നു പ്രതാധിപനും പ്രസാധകനുമായി പ്രസിദ്ധീകരിക്കപ്പെട്ട അറബി മലയാള മാസികയാണ് അല്‍ ബുര്‍ഹാന്‍. 1960 മാര്‍ച്ചില്‍ പരപ്പനങ്ങാടിയില്‍ നിന്ന് അല്‍ ബുര്‍ഹാന്‍ പ്രസിദ്ധീകരണം ആരംഭിച്ചു. പരപ്പനങ്ങാടിയിലെ തന്നെ അല്‍ ബയാന്‍ പ്രസില്‍ നിന്നായിരുന്നു. അച്ചടിച്ചിരുന്നത്. കെ.വിയുടെ ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും ആരംഭിച്ചത് അല്‍ ബുര്‍ഹാനിലൂടെയാണ്. ഖുര്‍ആന്‍ പരിഭാഷ, ഖാതിമുല്‍ അമ്പിയാഅ്, ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ ഹിദായത്തുല്‍ അദ്കിയാഅ് പരിഭാഷ, ആഫാത്തുല്‍ ലിസാന്‍ (നാവിന്റെ വിപത്തുകള്‍), നദ്‌വത്തുകാരുടെ വനിതാ യോഗം, അല്‍ ഇഖ്‌ലാസ് (നിഷ്‌കളങ്കത) എന്നിവയാണ് പ്രധാന ലേഖനങ്ങള്‍. മൂന്നുവര്‍ഷം പ്രസിദ്ധീകരിച്ച ശേഷം നിലച്ചുപോയി. 

അല്‍ മുഅല്ലിം 
അറബി മലയാള ചരിത്രത്തിലെ അവസാന ആനുകാലികമാണ് അല്‍ മുഅല്ലിം. 1927 ല്‍ ജംഇയ്യത്തുല്‍ മുഅല്ലിമിന്റെ മുഖപത്രമായി പ്രസിദ്ധീകരണം ആരംഭിച്ചു. കോഴിക്കോട് വലിയ ഖാളി ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, കെ.പി. മുഹമ്മദ് മുസ്‌ലിയാര്‍, അബൂബക്കര്‍ നിസാമി, ഇബ്രാഹീം പുത്തൂര്‍ ഫൈസി തുടങ്ങിയവര്‍ വിവിധ സമയങ്ങളിലായി പത്രാധിപസ്ഥാനം വഹിച്ചിട്ടുണ്ട്. ആദ്യ കാലത്ത് പാതി അറബി ലേഖനങ്ങളും ബാക്കി അറബി മലയാള ലേഖനങ്ങളുമായിരുന്നു. പിന്നീട് മലയാളവും ഉള്‍പ്പെടുത്തി. 1994 മുതല്‍ അറബി ലേഖനങ്ങള്‍ അവസാനിപ്പിച്ചു.
അല്പകാലത്തിന് ശേഷം അറബി മലയാളവും ഒഴിവാക്കി. ഇപ്പോള്‍ പൂര്‍ണ്ണമായും മലയാള ഭാഷയില്‍ പ്രസിദ്ധീകരണം തുടരുന്നു.  

Feedback