Skip to main content

ജിന്നുകള്‍ (4)

അല്ലാഹുവിന്റെ സൃഷ്ടികളില്‍പ്പെട്ട ഒരു പ്രത്യേക സൃഷ്ടിയാണ് ജിന്ന്. ജിന്നിന്റെ സൃഷ്ടിപ്പ് അഗ്നിയില്‍ നിന്നാണ് എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. മനുഷ്യരെ സൃഷ്ടിക്കുന്നതിന് മുമ്പ് പുകയില്ലാത്ത തീജ്വാലകളാല്‍ അല്ലാഹു അവരെ സൃഷ്ടിച്ചിരിക്കുന്നു. 'അതിന് മുമ്പ് ജിന്നിനെ കഠിന ചൂടുള്ള തീജ്വാലയില്‍ നിന്ന് നാം സൃഷ്ടിച്ചു' (15:27).

ആഇശ(റ) പറയുന്നു: നബി(സ) പറഞ്ഞു. മലക്കുകള്‍ പ്രകാശം കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ജിന്നുകള്‍ സൃഷ്ടിക്കപ്പെട്ടരിക്കുന്നത് തീജ്വാലയില്‍ നിന്നും. ആദം സൃഷ്ടിക്കപ്പെട്ടത് നിങ്ങള്‍ക്ക് വിശദീകരിച്ചുതന്നതില്‍(മണ്ണില്‍) നിന്നുമാണ് (മുസ്‌ലിം, അഹ്മദ്).

മനുഷ്യന്റെ പരിമിതമായ കേള്‍വിശക്തിയും കാഴ്ച്ചശക്തിയും ബുദ്ധിശക്തിയും ഉപേയാഗിച്ച് അവന്‍ കാണുകയും കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. അവന്റെ കഴിവിനതീതമായ കാര്യങ്ങള്‍ യന്ത്ര സംവിധാനത്തോടെ നിരീക്ഷിച്ച് നിഗമനത്തിലെത്തുന്നു. അതുപോലെ നമ്മുടെ നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്ത, ചില ശക്തികള്‍ നാം അനുഭവിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. വിദ്യുച്ഛക്തി, കാന്തികശക്തി തുടങ്ങിയവ ഉദാഹരണമാണ്. ചില സ്വഭാവങ്ങള്‍കൊണ്ടും അടയാളങ്ങള്‍കൊണ്ടുമാണ് നാം അവയുടെ അസ്തിത്വം മനസ്സിലാക്കുന്നത്. ദൈവത്തെ നമുക്ക് കാണാന്‍ കഴിയില്ല. എന്നാല്‍ അവന്റെ സൃഷ്ടിജാലങ്ങളെപ്പറ്റി ആലോചിക്കാന്‍ തയ്യാറായാല്‍ ദൈവത്തിന്റെ അസ്തിത്വം മനസ്സിലാക്കാനും മനുഷ്യ ശരീരം, ഭൂമിയുടെ സൃഷ്ടിപ്പ്, ആകാശ ലോകം ഇവയൊക്കെ അത്ഭുതങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. ദൈവത്തിന്റെ അസ്തിത്വം കണ്ടെത്താനുള്ള വ്യക്തമായ തെളിവുകളായി ഇവയെല്ലാം നമ്മുടെ മുന്നിലുണ്ട്. 

എന്നാല്‍ അല്ലാഹുവിന്റെ സൃഷ്ടികളായ മലക്കുകള്‍, ജിന്നുകള്‍ എന്നിവയുടെ അസ്തിത്വം ഈ പ്രപഞ്ചത്തിലെ അത്ഭുതങ്ങളിലൂടെ കണ്ടെത്തുക സാധ്യമല്ല.. പ്രത്യുത പ്രവാചകന്മാരുടെ അറിയിപ്പും വേദഗ്രന്ഥങ്ങളുടെ പ്രസ്താവനകളും മാത്രമാണ് മലക്കുകളിലും ജിന്നുകളിലുമുള്ള വിശ്വാസത്തിന്റെ അടിത്തറ. മലക്ക് ജിന്ന് എന്നിവയെ പറ്റി പഞ്ചേന്ദ്രിയങ്ങള്‍കൊണ്ടോ ചിന്താശേഷി കൊണ്ടോ കണ്ടെത്താന്‍ കഴിയുകയില്ല.
 

Feedback