Skip to main content

ജിന്നിന്റെ പ്രകൃതി

അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഇച്ഛാശക്തിയും സ്വതന്ത്രമായ ചിന്താശേഷിയും കഴിവും നല്‍കപ്പെട്ടിട്ടുള്ള സൃഷ്ടികളാണ് മനുഷ്യരും ജിന്നുകളും. ഈ രണ്ടു വിഭാഗത്തിനും അല്ലാഹുവിന്റെ കല്പനകള്‍ അനുസരിക്കാനും ധിക്കരിക്കാനും സ്വാതന്ത്രവും കഴിവുമുണ്ട്.

ആദമിന് സുജൂദ് ചെയ്യുവാന്‍ അല്ലാഹു കല്‍പ്പിച്ചപ്പോള്‍ മലക്കുകള്‍ എല്ലാം തന്നെ സുജൂദ് ചെയ്യുകയും ഇബ്‌ലീസ് വിസമ്മതിക്കുകയും അഹങ്കരിക്കുകയും ചെയ്തു എന്ന് വിശുദ്ധ ഖുര്‍ആനില്‍ (18:50) പ്രസ്താവിക്കുന്നു. ആ ഇബ്‌ലീസ് ജിന്നു വര്‍ഗത്തില്‍ പെട്ടവനാണെന്ന് പ്രസ്തുത സൂക്തത്തില്‍ സൂചനയുണ്ട്. ഇത് കൂടാതെ ജിന്നുകള്‍തന്നെ പറഞ്ഞതായി പരിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്. 'ഞങ്ങളാകട്ടെ ഞങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തന്‍മാര്‍ ഉണ്ട്. അതില്‍ താഴെയുള്ളവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. ഞങ്ങള്‍ വിഭിന്ന മാര്‍ഗങ്ങളായി തീര്‍ന്നിരിക്കുന്നു' (72:11).

ഞങ്ങളുടെ കൂട്ടത്തില്‍ മുസ്‌ലീങ്ങളുണ്ട്. അനീതി പ്രവര്‍ത്തിക്കുന്നവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ ആര് കീഴ്‌പ്പെട്ടിരിക്കുന്നുവോ അത്തരക്കാര്‍ സന്മാര്‍ഗം അവലംബിച്ചിരിക്കുന്നു (72:14).

മനുഷ്യരെപ്പോലെ ജിന്നുകള്‍ക്കും നന്മയും തിന്മയും തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ബുദ്ധിയും കഴിവും ഉണ്ടെന്നാണ് ഉപരി സൂചിത സൂക്തങ്ങള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ രക്ഷയും ശിക്ഷയും (സ്വര്‍ഗനരകങ്ങള്‍) അവര്‍ക്ക് ബാധകമാണ്. മനുഷ്യര്‍ക്കവരെ കാണാന്‍ സാധ്യമല്ല. അവര്‍ക്ക് മനുഷ്യരെ കാണാന്‍ കഴിയും. മനുഷ്യരെപ്പോലെ അല്ലാഹുവിനെ അനുസരിക്കുന്നവരും അനുസരിക്കാത്തവരും അവരിലുണ്ട്. അവരുടെ രൂപം എങ്ങനെ എന്ന് മനുഷ്യനറിയില്ല. ജിന്നുകളെപ്പറ്റി വിശുദ്ധ ഖുര്‍ആനും നബി(സ)യും പറഞ്ഞു തന്നതിലുപരി നമുക്ക് ഒന്നുമറിയില്ല.
 

Feedback