Skip to main content

സിഹ്ര്‍ (ആഭിചാരം)

ആഭിചാരം, കൂടോത്രം തുടങ്ങിയ നിഗൂഢമായ അന്ധവിശ്വാസത്തെയാണ് സിഹ്ര്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. മായാജാലം, വശ്യമായത്, അടിസ്ഥാനമില്ലാത്തത് എന്നെല്ലാമുള്ള ആശയത്തിലും സിഹ്ര്‍ വിശുദ്ധ ഖുര്‍ആനിലും ഹദീസിലും ഉപയോഗപ്പെട്ടിട്ടുണ്ട്. വന്‍പാപങ്ങളിലൊന്നായി എണ്ണിയ സിഹ്ര്‍ ആഭിചാര പ്രവര്‍ത്തനങ്ങളാണ്. ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥങ്ങളിലും ഭാഷാനിഘണ്ടുകളിലും നല്കപ്പെട്ട സിഹ്‌റിന്റെ നിര്‍വചനങ്ങള്‍ പരിശോധിക്കാം.

യാതൊരു യാഥാര്‍ഥ്യമോ ശരിയോ ഇല്ലാതെ പൊടിപ്പും തൊങ്ങലും വെച്ചലങ്കരിക്കുന്ന സര്‍വ സംഗതികള്‍ക്കുമാണ് ഭാഷയില്‍ സിഹ്ര്‍ എന്ന് പറയുന്നത് (ഖുര്‍തുബി-11:239). വിഖ്യാത അറബി നിഘണ്ടുവായ ലിസാനുല്‍ അറബില്‍ ഇബ്‌നു മന്‍ളുര്‍ രേഖപ്പെടുത്തുന്നു, സിഹ്ര്‍ എന്നാല്‍ പിശാചില്‍ നിന്ന് സഹായം ലഭിക്കുവാന്‍ പിശാചിലേക്ക് അടുപ്പിക്കുന്ന പ്രവൃത്തിയാണ് (ലിസാനുല്‍ അറബ് 6:190). 

സിഹ്ര്‍ എന്ന പദത്തിന്റെ അടിത്തറ തന്നെ യാഥാര്‍ഥ്യമോ സത്യമോ ശരിയോ ഇല്ലാത്തത് എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. വിശുദ്ധഖുര്‍ആനില്‍ സിഹ്ര്‍ എന്ന പദം അടിസ്ഥാനമില്ലാത്തത് (ബാത്വില്‍), വഞ്ചന (വദീഅ) എന്നീ അര്‍ഥത്തിലാണ് അടിസ്ഥാനപരമായി പ്രയോഗിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു. തീര്‍ച്ചയായും നിങ്ങള്‍ മരണത്തിന് ശേഷം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നവരാണ് എന്നു നീ പറഞ്ഞാല്‍ അവിശ്വാസികള്‍ പറയും. ഇത് സ്പഷ്ടമായ സിഹ്ര്‍ അല്ലാതെ മറ്റൊന്നുമല്ല (6:7). മരണാനന്തര ജീവിതത്തെക്കുറിച്ച് നിഷേധികള്‍ പറഞ്ഞിരുന്നത് വഞ്ചനയും അടിസ്ഥാനരഹിതമായതും യാതൊരു യാഥാര്‍ഥ്യവും ഇല്ലാത്തതാണ് എന്നതായിരുന്നു. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് ഭയപ്പെടുത്തുവാന്‍ യാഥാര്‍ഥ്യമില്ലാത്ത ചില പ്രവൃത്തികളാണെന്നായിരുന്നു ഇവിടെ ഉദ്ദേശിക്കപ്പെട്ടിരുന്നത്. പരലോക ജീവിതത്തില്‍ സ്വര്‍ഗവും നരകവും ജനങ്ങളെ ഭയപ്പെടുത്താന്‍ വേണ്ടി പറയുന്ന അയഥാര്‍ഥ്യമായ കാര്യങ്ങളെന്നായിരുന്നു അവരുടെ വാദം. സിഹ്ര്‍ എന്നതിന്റെ വിവക്ഷ വ്യക്തമായും അടിസ്ഥാനമില്ലാത്ത ഒരു സംഗതിയാണ് എന്നതാണ് (തഫ്‌സീറു റാസി-9169). അടിസ്ഥാനമില്ലാത്തത് ചെയ്ത് യാഥാര്‍ഥ്യമുണ്ടെന്നും അടിസ്ഥാനമുണ്ടെന്നും ജല്‍പ്പിക്കുന്നതുകൊണ്ടാണ് സിഹ്ര്‍ ചെയ്യുന്നവന്‍ നുണ പറയുന്നവനാണെന്ന് ഇമാം റാസി രേഖപ്പെടുത്തിയിരിക്കുന്നത് (9169). സിഹ്‌റിന് യാഥാര്‍ഥ്യമില്ലെന്നാണ് വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങളുടെ അടിസ്ഥാനത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിച്ചിട്ടുണ്ട്. ഇബ്‌നു ഹജര്‍(റ) പറയുന്നു. 'സിഹ്‌റിന്റെ കാര്യത്തില്‍ പണ്ഡിതന്മാര്‍ ഭിന്ന വീക്ഷണങ്ങള്‍ ഉള്ളവരാണ്. സിഹ്ര്‍ കേവലം തോന്നിപ്പിക്കല്‍ മാത്രമാണ്. അതിന് യാതൊരു യാഥാര്‍ഥ്യവുമില്ല. ഈ അഭിപ്രായമാണ് ശാഫിയാക്കളില്‍പ്പെട്ട ഉസ്തര്‍ബാദിജ, ഹനഫിയാക്കളില്‍പ്പെട്ട അബൂബക്കര്‍ റാസിയും ളാഹിരിയ്യാക്കളില്‍പ്പെട്ട ഇബ്‌നു ഹസമും മറ്റൊരു സംഘവും പറയുന്നത്. (ഫത്ഹുല്‍ബാരി-13:144, 5763). 

ജൂതക്രിസ്ത്യാനികളെ സംബന്ധിച്ച് അല്ലാഹു പറയുന്നു. 'വേദത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ നോക്കിയില്ലേ? അവര്‍ ജിബ്തിലും താഗൂത്തിലും വിശ്വസിക്കുന്നു (4:51). ത്വാഗൂത്ത് എന്നതിനര്‍ഥം ദുര്‍മൂര്‍ത്തികളെന്നും ജിബ്ത് എന്നതിന്റെ വിവക്ഷ ക്ഷുദ്ര വിദ്യകള്‍ എന്നുമാണ്. ഒരു നന്മയുമില്ലാത്ത മിഥ്യയായതും, ഒന്നിനും കൊള്ളാത്ത ദൃഷ്ടമായത് എന്നൊക്കെയാണ് ജിബ്ത് എന്ന പദംകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. സിഹ്ര്‍, ആഭിചാരം, പ്രശ്‌നം നോക്കല്‍, പ്രശ്‌നക്കാരന്റെ വിഗ്രഹം തുടങ്ങി അടിസ്ഥാന രഹിതങ്ങളായ പലതിനും ജിബ്ത്ത് എന്ന് പറയപ്പെടുന്നു. ജിബ്ത്തില്‍ വിശ്വസിക്കും എന്നതിന്റെ ഉദ്ദേശ്യം സിഹ്‌റില്‍ വിശ്വസിക്കലാണ്. ജൂത ക്രിസ്ത്യാനികള്‍ സിഹ്‌റില്‍ വിശ്വസിക്കുന്നുവെന്ന് അല്ലാഹു ആക്ഷേപിച്ചതിന്റെ ഉദ്ദേശം സിഹ്‌റിന് യാഥാര്‍ഥ്യം (ഹകീഖത്ത്) ഉണ്ടെന്നും അതുമൂലം മനുഷ്യരെ ഉപദ്രവിക്കുവാന്‍ സാധിക്കുമെന്നും വിശ്വസിച്ചതാണ്. സുലൈമാന്‍ നബി(അ)ക്ക് അല്ലാഹു പല അമാനുഷിക ദൃഷ്ടാന്തങ്ങള്‍ നല്‍കിയിരുന്നു. സിഹ്‌റിന്റെ പാരമ്പര്യം നിലനിര്‍ത്തിപോന്ന യഹൂദികള്‍ സുലൈമാന്‍ നബി(അ)ക്ക് ഇതെല്ലാം സാധിച്ചത്. സിഹ്ര്‍ മൂലമാണെന്ന് വിശ്വസിക്കുകയും അത് പാമര ജനങ്ങള്‍ക്ക് ഇടയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. 

വളരെ പുരാതന കാലം മുതല്‍ നിലനിന്നു പോന്നതും ആധുനിക കാലത്തും നിലനില്ക്കുന്നതുമായ ഒരു അന്ധവിശ്വാസമാണ്  സിഹ്ര്‍. വുക്തികള്‍ തമ്മിലും കുടുംബങ്ങള്‍ തമ്മിലും ശത്രുതയുണ്ടാക്കുകയും സാമ്പത്തികമായി വിശ്വാസികളെ ചൂഷണം ചെയ്യുകയുമാണ് മാരണക്കാര്‍ ചെയ്യുന്നത്. അതുകൊണ്ടാണ് സിഹ്ര്‍ ചെയ്യുന്നതും ചെയ്യിക്കുന്നതും മഹാപാപമായി നബി(സ്വ) പറഞ്ഞത്. യഥാര്‍ഥത്തില്‍ ആഭിചാരം മൂലം ഒരാളെയും ഒന്നും ചെയ്യാന്‍ കഴിയില്ല. കഴിയുമായിരുന്നുവെങ്കില്‍ മാരണക്കാരായിരിക്കും ഈ ലോകത്തെ അജയ്യര്‍. പക്ഷേ ആഭിചാരമെന്ന മിഥ്യാധാരണ അന്ധവിശ്വാസികളെ അങ്കലാപ്പിലാക്കുന്നു. അല്ലാഹുവിലും പരലോകത്തിലും ദൃഢമായി വിശ്വസിക്കുന്നവര്‍ക്ക് ഇതൊന്നും ഫലിക്കുകയില്ല.

Feedback