Skip to main content

വിചാരണ (4)

നബി(സ)യുടെ ശിപാര്‍ശയുടെ ശേഷം, അല്ലാഹു ഒരുക്കുന്ന അവസരമാണ് മുഴുവന്‍ മനുഷ്യരുടെയും വാഗ്‌വിചാര കര്‍മങ്ങള്‍ വിചാരണക്ക് വിധേയമാക്കപ്പെടുന്ന രംഗം. ഓരോരുത്തരും ഐഹിക ജീവിതത്തില്‍ സ്വീകരിച്ച വിശ്വാസ ആചാര അനുഷ്ഠാനങ്ങളെല്ലാം ചോദ്യം ചെയ്യപ്പെടുകയും തദടിസ്ഥാനത്തില്‍ വിധിതീര്‍പ്പ് നടത്തുകയും ചെയ്യുന്ന വേദി. സര്‍വാധികാരിയായ അല്ലാഹു വിചാരണ ചെയ്യുമ്പോള്‍ സകല സൃഷ്ടികളുടെ മൊഴികളും കേള്‍ക്കാന്‍ കഴിയുന്നു. ഓരോന്നിന്നും തെളിവുകളും സാക്ഷികളും ഹാജരാക്കപ്പെടുന്നു. അങ്ങനെ ആരോടും ഒട്ടും അനീതി കാണിക്കാതെ ഓരോരുത്തര്‍ക്കും അവരവരുടെ കര്‍മഫലം അനുഭവിക്കാനുള്ള അവസരമൊരുക്കുന്നു.

സൃഷ്ടികളുടെ വിചാരണ നടത്താനായി സര്‍വാധിനാഥന്‍  വരുന്നു. കൂടെ മലക്കുകളും അണിയായി എത്തുന്നു. അതോടെ അവന്റെ പ്രകാശകിരണങ്ങളേറ്റ് ഭൂമി വെട്ടിത്തിളങ്ങുകയായി. അല്ലാഹു പറയുന്നു.

''മേഘ മേലാപ്പില്‍ അല്ലാഹുവും മലക്കുകളും അവരുടെയടുത്ത് വരികയും കാര്യം തീരുമാനിക്കപ്പെടുകയും ചെയ്യുന്നത് മാത്രമാണോ അവര്‍ കാത്തിരിക്കുന്നത്'' (2:210).

ഭൂമി അതിന്റെ രക്ഷിതാവിന്റെ പ്രഭകൊണ്ട് പ്രകാശിക്കുകയുംചെയ്യും. (കര്‍മങ്ങളുടെ) രേഖവയ്ക്കപ്പെടുകയും ചെയ്യും. പ്രവാചകന്മാരും സാക്ഷികളും കൊണ്ടുവരപ്പെടുകയും ജനങ്ങള്‍ക്കിടയില്‍ സത്യപ്രകാരം വിധിക്കപ്പെടുകയും ചെയ്യും (39:69). സര്‍വലോക നിയന്താവായ തമ്പുരാന്റെ മുമ്പില്‍ സകല മുഖങ്ങളും പരവശതയോടെ കീഴ്‌പ്പെട്ടിരിക്കുന്നു (20:111). അന്ന് എല്ലാ ജന വിഭാഗങ്ങളും ഭയവിഹ്വലരായി നിവര്‍ന്നു നില്‍ക്കാന്‍ കഴിയാതെ മുട്ടുകുത്തി നില്‍ക്കുന്നതായി നിനക്ക് കാണാം. (45:26). കുറ്റവാളികള്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടവരായിട്ടാണ് എത്തുന്നത്. (14:49)

ഓരോ അടിമയുടെയും കര്‍മങ്ങളെയും അവരുടെ ഭാവിയെയും കുറിച്ച് നന്നായി അറിയുന്നവനാണ് അല്ലാഹു. അവന്‍ ഇക്കാര്യമറിയാത്തതുകൊണ്ടല്ല അവരെ വിചാരണ ചെയ്യുന്നത്. തന്റെ സൃഷ്ടികളെ ഈ കാര്യം ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഈ വിചാരണ. ജനങ്ങളും അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരും ഒരുപോലെ വിചാരണ ചെയ്യപ്പെടും. 

''എന്നിട്ട് (നമ്മുടെ ദൂതന്മാര്‍) ആര്‍ക്കിടയിലേക്ക് അയക്കപ്പെട്ടുവോ അവരെ തീര്‍ച്ചയായും നാം ചോദ്യംചെയ്യും. അയക്കപ്പെട്ട ദൂതന്മാരേയും തീര്‍ച്ചയായും നാം ചോദ്യം ചെയ്യും. എന്നിട്ട് ശരിയായ അറിവോടുകൂടി നാം അവര്‍ക്ക് (കാര്യം) വിവരിച്ചു കൊടുക്കുന്നതാണ്. ഒരിക്കലും നമ്മുടെ അസാന്നിദ്ധ്യം ഉണ്ടായിട്ടില്ല. (7:6,7)

സാക്ഷികളായി മലക്കുകളും പ്രവാചകന്മാരും ഭൂമിയും കര്‍മങ്ങളും രേഖയു മെല്ലാമുണ്ട്. പ്രപഞ്ചനാഥന്റെ കോടതിയില്‍ മനുഷ്യ ശരീരത്തിലെ അവയവങ്ങള്‍ തന്നെയും സാക്ഷികളായി എത്തുന്നു. എല്ലാവരും വിചാരണക്കായി അല്ലാഹുവിന്റെ മുമ്പില്‍ നില്‍ക്കുന്ന രംഗം ഖുര്‍ആന്‍ അവതരിപ്പിക്കുന്നു.

''നിന്റെ രക്ഷിതാവിന്റെ മുമ്പാകെ അവര്‍ അണിയണിയായി പ്രദര്‍ശിപ്പിക്കപ്പെ ടുകയും ചെയ്യും. (അന്നവന്‍ പറയും) നിങ്ങളെ നാം ആദ്യ തവണ സൃഷ്ടിച്ച പ്രകാരം നിങ്ങളിതാ നമ്മുടെ അടുത്ത്   വന്നിരിക്കുന്നു'' (18:48).
 

Feedback