നീതിമാനായ അല്ലാഹു ഓരോരുത്തരെയും അര്‍ഹിക്കുന്ന വിധം വിചാരണ ചെയ്യുന്നതാണ്. വിശ്വാസപരമായും കര്‍മപരമായും ഭിന്ന നിലവാരത്തില്‍ ഉള്ള മനുഷ്യരെ അവരവര്‍ അര്‍ഹിക്കും വിധം വിചാരണക്ക് വിധേയമാക്കുന്നു. അവരില്‍ ലളിതവിചാരണ അഭിമുഖീകരിക്കുന്നവരും കടുത്ത വിചാരണ അഭിമുഖീകരിക്കുന്നവരുമുണ്ടാകും. യാതൊരു വിചാരണയും കൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവരും വിചാരണവേദിയിലുണ്ട്.
ഇബ്‌നു അബ്ബാസ്(റ) പറയുന്നു. നബി(സ) പറഞ്ഞു. ''എന്റെ മുമ്പില്‍ വിവിധ സമുദായങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. അങ്ങനെ പ്രവാചകന്മാര്‍ ഓരോരുത്തരായി വരാന്‍ തുടങ്ങി. ഒരാളുടെ കൂടെ ഒരു ജനസമൂഹം തന്നെയുണ്ട്. മറ്റൊരു പ്രവാചകന്റെ കൂടെ ഒരു ചെറിയ സംഘമാണുള്ളത്. ഒരു പ്രവാചകനോടൊപ്പം പത്തുപേരുണ്ട്. വേറൊരു പ്രവാചകന്‍ കടന്നുവരുമ്പോള്‍ അഞ്ച് പേരാണുള്ളത്. ഒരു പ്രവാചകന്‍ ഏകനായി കടന്നുവരുന്നു. തുടര്‍ന്ന് ഞാന്‍ നോക്കിയപ്പോള്‍ ധാരാളം പേരുള്ള ഒരു കൂട്ടമാണ് കണ്ടത്. ഞാന്‍ ചോദിച്ചു. ജിബ്‌രീലേ, ഇത് എന്റെ സമുദായമാണോ? അദ്ദേഹം പറഞ്ഞു. അല്ല, എന്നാല്‍ നീ ചക്രവാളത്തിലേക്ക് നോക്കൂ, ഞാന്‍ നോക്കിയപ്പോള്‍ വലിയ ജനാവലി. അദ്ദേഹം പറഞ്ഞു, ഇതാണ് നിന്റെ സമുദായം. ഈ കാണുന്നത് അവരുടെ മുമ്പിലുള്ള എഴുപതിനായിരം പേരാണ്. അവര്‍ക്ക് വിചാരണയോ ശിക്ഷയോ ഇല്ല. ഞാന്‍ ചോദിച്ചു, എന്തുകൊണ്ട്? അദ്ദേഹം പറഞ്ഞു, അവര്‍ ചൂട് വെക്കുകയോ മന്ത്രിപ്പിക്കുകയോ ശകുനം നോക്കുകയോ ചെയ്തിരുന്നില്ല. അവരുടെ റബ്ബിന്റെ മേല്‍ ഭരമേല്‍പ്പിക്കുകയാണ് അവര്‍ ചെയ്തിരുന്നത്. നബി(സ) ഈ സംഭവം വിവരിച്ചപ്പോള്‍ ഉക്കാശതുബ്‌നുമിഹ്‌സ്വന്‍(റ) അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നിട്ട് പറഞ്ഞു. ''എന്നെ ആ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ താങ്കള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കണം. അദ്ദേഹം പറഞ്ഞു: അല്ലാഹുവേ ഉക്കാശയെ നീ അവരില്‍ ഉള്‍പ്പെടുത്തേണമേ. പിന്നെ മറ്റൊരാള്‍ എഴുന്നേറ്റ് ചെന്ന് പറഞ്ഞു, എന്നെ അവരില്‍ ഉള്‍പ്പെടുത്താന്‍ താങ്കള്‍ അല്ലാഹുവോട് പ്രാര്‍ഥിക്കണം. അപ്പോള്‍ നബി(സ) പറഞ്ഞു: നിന്നേക്കാള്‍ മുമ്പ് ഉക്കാശ അത് നേടിക്കഴിഞ്ഞു. (ബുഖാരി, മുസ്‌ലിം, അഹ്മദ്, തിര്‍മുദി).
പരലോകത്ത് ലഘുവായ വിചാരണ നേരിടുന്ന വിഭാഗത്തെക്കുറിച്ച് അല്ലാഹു പറയുന്നു: എന്നാല്‍ അപ്പോള്‍ ഏതൊരുവനു അവന്റെ ഗ്രന്ഥം അവന്റെ വലങ്കയ്യില്‍ കൊടുക്കപ്പെട്ടുവോ, വഴിയെ അവന്‍ ലഘുവായ ഒരു വിചാരണ ചെയ്യപ്പെടുന്നതാണ്. അവന്‍ തന്റെ സ്വന്തക്കാരിലേക്ക് സന്തുഷ്ടനായിക്കൊണ്ട് തിരിച്ചു പോകുകയും ചെയ്യും (84:7-9).
ദുര്‍ജനങ്ങളുടെ വിചാരണ പ്രയാസം നിറഞ്ഞതായിരിക്കും. അല്ലാഹു പറയുന്നു: ഏതൊരുവന് തന്റെ ഗ്രന്ഥം അവന്റെ മുതുകിന്റെ പിന്നിലൂടെ കൊടുക്കപ്പെട്ടുവോ, അവന്‍ വഴിയെ നാശത്തെ (നിലവിളി) വിളിക്കുന്നതാണ്. ആളിക്കത്തുന്ന അഗ്നിയില്‍ അവന്‍ കത്തിയെരിയുകയും ചെയ്യും (84:10.11.12).
അഇശ(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു. പുനരുത്ഥാന നാളില്‍ വിചാരണ ചെയ്യപ്പെടുന്ന ഏതൊരാളും നശിച്ചതുതന്നെ. ഞാന്‍ ചോദിച്ചു. പ്രവാചകരേ, എന്നാല്‍ ഏതൊരുവന് തന്റെ രേഖ വലതു കൈയ്യില്‍ നല്‍കപ്പെടുമോ അവന്‍ ലഘുവായ വിചാരണക്ക് വിധേയനാകുന്നതാണ് (84:8) എന്ന് അല്ലാഹു പറഞ്ഞിട്ടില്ലയോ? അപ്പോള്‍ നബി(സ) പറഞ്ഞു. അത് കര്‍മങ്ങളുടെ രേഖ കാണിക്കല്‍ മാത്രമാണ്. വിചാരണ കര്‍ക്കശമായി നടത്തപ്പെട്ടാല്‍ ഏതൊരാളും ശിക്ഷിക്കപ്പെടാതിരിക്കില്ല (ബുഖാരി, മുസ്‌ലിം).