Skip to main content

വിചാരണയും സാക്ഷികളും

വിചാരണയും വിധിതീര്‍പ്പും ഏകപക്ഷീയമായി നടത്താതെ ഓരോരുത്തരും ചെയ്തകര്‍മങ്ങള്‍ക്ക് തന്നെയാണ് തങ്ങള്‍ ഓരോരുത്തരും ഫലം അനുഭവിക്കുന്നത് എന്ന് സ്വയം ബോധ്യപ്പെടാനുള്ള അവസരം അല്ലാഹു ഒരുക്കുന്നു. ഓരോത്തരും ചെയ്ത കര്‍മത്തിന്റെ വിചാരണവേളയില്‍ സാക്ഷികളെക്കൂടി അല്ലാഹു പരിഗണിക്കുന്നു. അങ്ങനെ സാക്ഷികളായി പലരും രംഗത്ത് വരുന്നു. എല്ലാറ്റിനും ഒന്നാംസാക്ഷി അല്ലാഹു തന്നെയാണ്. അവനറിയാതെ ഒന്നും ചെയ്യാന്‍ ആര്‍ക്കും കഴിയില്ല.

അല്ലാഹു 

ആകാശ ഭൂമികളിലുള്ള സര്‍വകാര്യങ്ങളും അതിസൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു. ഏതൊരു പ്രവൃത്തിയില്‍ മനുഷ്യന്‍ മുഴുകുമ്പോഴും അതിന്ന് സാക്ഷിയായിട്ട് അല്ലാഹുതന്നെ ഉണ്ട്. അല്ലാഹു പറയുന്നു '' (നബിയേ) നീ വല്ല കാര്യത്തിലും ഏര്‍പ്പെടുകയോ അത് സംബന്ധിച്ച് ഖുര്‍ആനില്‍ നിന്നും (വല്ലതും) ഓതിക്കേള്‍പ്പിക്കുകയോ നിങ്ങള്‍ (മനുഷ്യര്‍) ഏതെങ്കിലും പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയോ ആണെങ്കില്‍ നിങ്ങള്‍ അതില്‍ മുഴുകികൊണ്ടിരിക്കുമ്പോള്‍ നിങ്ങളുടെ മേല്‍ സാക്ഷിയായി നാം ഉണ്ടാകാതിരിക്കില്ല ഭൂമിയിലാകട്ടെ ആകാശത്തിലാകട്ടെ ഒരു അണുത്തൂക്കം വരുന്ന യാതൊന്നും നിന്റെ റബ്ബില്‍ നിന്നും വിട്ടു പോകുകയില്ല. അതിനേക്കാള്‍ ചെറുതാകട്ടെ വലുതാകട്ടെ (അത്) സ്പഷ്ടമായ ഒരു (രേഖ) ഗ്രന്ഥത്തില്‍ ഉള്‍പ്പെടാത്തതായി ഇല്ല(10:61).

സ്വഹീഫത്തുല്‍അഅ്മാല്‍

മനുഷ്യകര്‍മങ്ങള്‍ക്കെല്ലാം അല്ലാഹു സൂക്ഷ്മസാക്ഷിയാണ്. എങ്കിലും കാര്യങ്ങളെല്ലാം കൃത്യമായി രേഖപ്പെടുത്തി വെക്കാന്‍ അവന്‍ മലക്കുകളെ നിശ്ചയിച്ചിട്ടുണ്ട്. ഇങ്ങനെ രേഖപ്പെടുത്തപ്പെടുന്ന കാര്യങ്ങളുടെ രജിസ്റ്ററാണ് സ്വഹീഫതുല്‍ അഅ്മാല്‍ എന്ന കര്‍മ രേഖ. ഇത് അല്ലാഹുവിന്റെ വിചാരണയില്‍ ഹാജരാക്കപ്പെടുന്ന പ്രധാന സാക്ഷിയാണ്. അല്ലാഹു പറയുന്നു. ''ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ ഒരു ഗ്രന്ഥം നാമവന് മുന്നില്‍ പുറത്തെടുക്കുന്നതാണ്. അത് നിവര്‍ത്തി വെക്കപ്പട്ടതായി അവര്‍ കണ്ടെത്തും. 'നീ നിന്റെ ഗ്രന്ഥം വായിച്ചു നോക്കുക. നിന്നെ സംബന്ധിച്ചിടത്തോളം കണക്ക് നോക്കാന്‍ ഇന്ന് നീ തന്നെ മതി' എന്നിങ്ങനെ അവനോട് പറയപ്പെടും'' (17:13, 14). കുറ്റവാളികള്‍ ഇത് കൈയില്‍ കിട്ടുമ്പോള്‍ വെപ്രാളപ്പെട്ട് ഇതെന്ത് രേഖയാണെന്നും ഇതില്‍ ഒന്നും വിട്ടുപോയിട്ടില്ലല്ലോ എന്നും വിലപിക്കുന്നു. 'അവന്‍ പറയുന്നു ഇതെന്തൊരു രേഖയാണ്? ചെറുതോ വലുതോ ആയ ഒന്നുംതന്നെ അതില്‍ കൃത്യമായി രേഖപ്പെടുത്താതെ വിട്ടുകളയുന്നില്ലല്ലോ' (18:49).

പ്രവാചന്മാര്‍

ഓരോ സമുദായത്തിനും സാക്ഷിയായി അതാത് സമുദായത്തിലേക്ക് അയക്കപ്പെട്ട പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെടും. അതാത് സമുദായത്തിന്റെ വിശ്വാസ ആചാരങ്ങളുടെ ആധികാരികത തീരുമാനിക്കുന്നത് ഈ പ്രവാചകന്മാരുടെ സാക്ഷ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. മുഹമ്മദ് നബി(സ)യെ സംബോധന ചെയ്ത് അല്ലാഹു പറയുന്നു. ''എന്നാല്‍ ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ടുവരികയും ഇവര്‍ക്കെതിരില്‍ നിന്നെ സാക്ഷിയായി കൊണ്ടുവരികയും ചെയ്യുമ്പോള്‍ എന്തായിരിക്കും അവസ്ഥ'' (4:41). തന്നെ ഏല്പിച്ച ദൗത്യം പൂര്‍ണമായി നിര്‍വഹിച്ചോ എന്നായിരിക്കും പ്രവാചകന്മാരോരോരുത്തരോടുമുള്ള ചോദ്യം. ഇതുപോലെ പ്രവാചകന്മാരുടെ ദൗത്യത്തെക്കുറിച്ച് അവര്‍ നിയുക്തരായ സമുദായത്തോടും ചോദിക്കുന്നതാണ്. ''എന്നാല്‍ യാതൊരു കൂട്ടരിലേക്ക് (റസൂലുകള്‍) അയക്കപ്പെട്ടുവോ അവരോട് നിശ്ചയമായും നാം ചോദ്യം ചെയ്യുന്നതാണ്. (അയക്കപ്പെട്ട) മുര്‍സലുകളോടും നിശ്ചയമായും നാം ചോദ്യം ചെയ്യും. എന്നിട്ട് ശരിയായ അറിവോടുകൂടി നിശ്ചയമായും നാം അവര്‍ക്ക് കാര്യം വിവരിച്ചു കൊടുക്കുന്നതാണ്. ഒരിക്കലും നമ്മുടെ അസാന്നിദ്ധ്യം ഉണ്ടായിട്ടില്ല(7:6,7).

ഭൂമി

മനുഷ്യകുലം ചെയ്തുകൂട്ടിയ എല്ലാ നന്മതിന്മകള്‍ക്കും ഒരുപോലെ സാക്ഷിയാണ് ഭൂമി. ഭൂമിയുടെ മുതുകിലിരുന്നാണ് മനുഷ്യന്‍ അവന്റെ കര്‍മങ്ങളോരോന്നും ചെയ്തുകൂട്ടിയത്. അതുകൊണ്ട് ഭൂമി അതിന് സാക്ഷി പറയും. ഒരിക്കല്‍ നബി(സ) പരിശുദ്ധ ഖുര്‍ആനിലെ 'അന്നേ ദിവസം അത് (ഭൂമി) അതിന്റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്' (99:4) എന്ന സൂക്തം പാരായണം ചെയ്തുകൊണ്ട് ചോദിച്ചു. നിങ്ങള്‍ക്കറിയുമോ എന്താണ് അതിന്റെ വര്‍ത്തമാനമെന്ന്? അവര്‍ പറഞ്ഞു. അല്ലാഹുവും അവന്റെ ദൂതരുമാണ് കൂടുതല്‍ അറിയുന്നത്. അവിടുന്ന് പറഞ്ഞു: അതിന്റെ വര്‍ത്തമാനം അതിന്റെ മുതുകിലിരുന്ന് ഓരോ ദാസനും ദാസിയും ചെയ്തതിനെതിരെ സാക്ഷ്യം പറയലാണ്. അത് പറയും ഈ ദിവസം ഇങ്ങനെയും അങ്ങനെയുമെല്ലാം ചെയ്തുവെന്ന്.  ഇതാണ് അതിന്റെ വര്‍ത്തമാനം (തുര്‍മുദി).

മലക്കുകള്‍

ഓരോ വ്യക്തിയുടെയും കൂടെ അവന്റെ വിചാരണ വേദിയിലേക്ക് നയിക്കാന്‍ ഒരു മലക്കും അവന്റെ കര്‍മങ്ങളെക്കുറിച്ച് സാക്ഷ്യം പറയാന്‍ മറ്റൊരു മലക്കും ഉണ്ടായിരിക്കുന്നതാണ്. 

''കൂടെ ഒരു ആനയിക്കുന്നവനും ഒരു സാക്ഷിയുമുള്ള നിലയിലായിരിക്കും ഏതൊരാളും അന്ന് വരുന്നത്''(50:21)
അവയവങ്ങള്‍

മനുഷ്യരുടെ ദുഷ്‌കര്‍മങ്ങള്‍ക്ക് സാക്ഷികളായി നരകത്തില്‍ കുറ്റവാളികള്‍ക്കെതിരില്‍ അവരുടെ സ്വന്തം ശരീരാവയങ്ങള്‍ തന്നെ രംഗത്ത് വരുന്നതിനെപ്പറ്റി അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ വിവരിക്കുന്നു. 

അല്ലാഹുവിന്റെ ശത്രുക്കള്‍ നരകത്തിലേക്ക് ഒരുമിച്ചു കൂട്ടപ്പെടുന്ന ദിവസം! അപ്പോഴവര്‍ നിയന്ത്രിച്ചുകൊണ്ടു വരപ്പെടുന്നതാണ്. അങ്ങനെ അവര്‍ അതിന്റെയടുക്കല്‍ വരുമ്പോള്‍ അവരുടെ കേള്‍വിയും (കാതും) അവരുടെ കാഴ്ചകളും (കണ്ണുകളും) അവരുടെ തൊലികളും അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെക്കുറിച്ച് അവര്‍ക്കെതിരില്‍ സാക്ഷി പറയുന്നതാണ്. അവര്‍ തങ്ങളുടെ തൊലികളോട് പറയും. നിങ്ങള്‍ എന്തിനായിട്ടാണ് ഞങ്ങള്‍ (അഥവാ നമ്മള്‍) ക്കെതരില്‍ സാക്ഷി പറഞ്ഞത്? അവര്‍ (തൊലികള്‍) പറയും. എല്ലാ (സംസാരിക്കുന്ന) വസ്തുവെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചിരിക്കുകയാണ്. അവനാണല്ലോ നിങ്ങളെ ഒന്നാം പ്രാവശ്യം സൃഷ്ടിച്ചത്. അവനിലേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു (41:19,20, 21).
 

Feedback