Skip to main content

മുഅ്ജിസത്തും സിഹ്‌റും

പ്രവാചകന്മാരുടെ  പ്രവാചകത്വം ബോധ്യപ്പെടുത്താനായുള്ള ദൈവിക ദൃഷ്ടാന്തങ്ങള്‍ (മുഅ്ജിസാത്ത്) പ്രകടമാവുമ്പോള്‍ എതിരാളികള്‍ അതിനെ ജാലവിദ്യ (സിഹ്‌റ്) ആയി കാണുകയും പ്രവാചകന്മാരെ നിഷേധിക്കുകയും ചെയ്തിരുന്നു. പരോക്ഷവും അവ്യക്തവുമായ കാരണങ്ങളാല്‍ ജാലവിദ്യക്കാര്‍ കാണിക്കുന്ന മായാജാലങ്ങള്‍ സിഹ്‌റ് എന്ന് അറിയപ്പെടുന്നു. 'അങ്ങനെ കണ്ണുതുറപ്പിക്കത്തക്ക നിലയില്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വന്നെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: ഇത് സ്പഷ്ടമായ ജാലവിദ്യതന്നെയാണ് (27:13) 

എന്നാല്‍ സിഹ്‌റും മുഅ്ജിസത്തും തമ്മില്‍ വലിയ അന്തരമുണ്ട്. സിഹ്‌റ് പഠിക്കാനും പഠിപ്പിക്കാനും സാധിക്കുന്നു. മുഅ്ജിസത്ത് മറ്റൊരാള്‍ക്ക് പഠിക്കാനോ പഠിപ്പിക്കാനോ സാധ്യമല്ല. സിഹ്‌റുകാരന് തന്റെ അഭീഷ്ടത്തിന്നനുസരിച്ച് മാജിക് കാണിക്കാന്‍ സാധിക്കും. എന്നാല്‍ പ്രവാചകന്മാരുടെ ഇഷ്ടപ്രകാരം മുഅ്ജിസത്ത് സംഭവിക്കുന്നില്ല. സിഹ്‌റ്‌കൊണ്ട് ഏതെങ്കിലും വസ്തുവിന്റെ യഥാര്‍ത്ഥ സ്വഭാവം മാറ്റുവാന്‍ സാധ്യമല്ല. എന്നാല്‍ പ്രവാചകന്മാര്‍ മുഖേന അല്ലാഹു വെളിപ്പെടുത്തുന്ന മുഅ്ജിസത്താകുന്ന അത്ഭുതവിദ്യകള്‍ ചില വസ്തുക്കളെതന്നെ പൂര്‍ണമായി മാറ്റുന്നു.

മൂസാ നബി(അ) ജാലവിദ്യക്കാരുമായി മത്സരിച്ചപ്പോള്‍ അവര്‍ തങ്ങളുടെ കയറുകളും വടികളും പാമ്പായി കാണിച്ചു. അവ യഥാര്‍ത്ഥത്തില്‍ പാമ്പായിട്ടുണ്ടായിരുന്നില്ല. മുഅ്ജിസത്തു മുഖേന മൂസാ നബിയുടെ വടി പാമ്പായപ്പോള്‍ മറ്റു ജാലവിദ്യപ്പാമ്പുകളെ അത് പിടിച്ചുവിഴുങ്ങി. സിഹ്‌റ് (മായാജാലം) കൊണ്ട് ഉണ്ടാകുന്ന പ്രതികരണം എന്തായിരിക്കുമെന്ന് സിഹ്‌റുകാരന് മുന്‍കൂട്ടി അറിയാന്‍ കഴിയും. എന്നാല്‍ പ്രവാചകന്മാര്‍ക്ക് തങ്ങളുടെ ദൃഷ്ടാന്തങ്ങള്‍ (മുഅ്ജിസത്ത്) ഏതുതരത്തില്‍ പ്രകടമാവുമെന്ന് മുന്‍കൂട്ടി അറിയില്ല. ജാലവിദ്യക്കാരുമായുള്ള മത്സരത്തില്‍ അവരുടെ വടികള്‍ പാമ്പായിത്തീര്‍ന്നപ്പോള്‍ മൂസാ നബി(അ) പരിഭ്രമിച്ചു. അല്ലാഹു പറയുന്നു: അപ്പോള്‍ മൂസാ നബിയുടെ മനസ്സില്‍ ഭയം അങ്കുരിച്ചു. (അതാ) വരുന്നു ദിവ്യബോധനം. പേടിക്കേണ്ട, നീ തന്നെയാണ് അത്യുന്നതന്‍. നീ നിന്റെ വലതുകയ്യിലുള്ള വടി നിലത്തിടുക, അവര്‍ ഉണ്ടാക്കിയതെല്ലാം അത് വിഴുങ്ങിക്കൊള്ളും. (20:68,69) ഇത് ദൈവിക ദൃഷ്ടാന്തമാണെന്ന് ജാലവിദ്യക്കാര്‍ക്ക് ബോധ്യമായി, ആ ജാലവിദ്യക്കാര്‍ ഉടനെ പ്രണമിച്ചുകൊണ്ട് താഴെവീണു. അവര്‍ പറഞ്ഞു: ''ഞങ്ങള്‍ ഹാറൂന്റേയും മൂസായുടേയും രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു (20:70).

Feedback