Skip to main content

ത്വരീഖത്തുകള്‍ (1)

സൂഫിസം ബഹുജനങ്ങളില്‍ പ്രചരിപ്പിക്കാനും അതുവഴി ഭൗതികലാഭങ്ങള്‍ നേടുവാനും വേണ്ടി സൂഫിശൈഖുമാരാല്‍ നിര്‍മ്മിതമായ മാധ്യമമാണ് 'ത്വരീഖത്തുകള്‍'. മാര്‍ഗം, വഴി എന്നൊക്കെയാണ് ത്വരീഖത്ത് എന്ന പദത്തിന്റെ ഭാഷാര്‍ത്ഥം.

ഓരോ ശൈഖും സാധാരണക്കാരായ ശുദ്ധഗതിക്കാരെ തന്റെ ത്വരീഖത്തിന്റെ വഴിയിലേക്ക് ആകൃഷ്ടരാക്കാന്‍ തന്റേതായ ആചാരാനുഷ്ഠാനങ്ങളും ധ്യാനമുറകളും ശിക്ഷണസൂത്രവും ജ്ഞാനവിതരണമാര്‍ഗവും കെട്ടിച്ചമക്കുന്നു. സ്വന്തമായ വ്യാജ ദര്‍ശനങ്ങളിലൂടെ രൂപം കൊടുക്കപ്പെട്ട ത്വരീഖത്തിന്റെ വഴിയിലേക്ക് അവരെ വഴി നടത്താന്‍ ശ്രേഷ്ഠതകളും പോരിശകളും പ്രചരിപ്പിക്കുന്നു. അനുയായിവൃന്ദങ്ങളില്‍ നിന്നും ബഹുമാനാദരവുകളും സംഭാവനകളും സ്വീകരിച്ച് ശൈഖുമാര്‍ സുഖലോലുപതയില്‍ വിരാജിക്കുന്നു. സൂഫി ത്വരീഖത്തുകള്‍ ഇങ്ങനെ ബിദ്അത്തുകള്‍ (അനാചാരങ്ങള്‍) നിറഞ്ഞതും, ശിര്‍ക്ക്പരമായ (ബഹുദൈവാരാധന) വിശ്വാസങ്ങളടങ്ങിയതുമാണെന്ന സത്യം ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. സദുദ്ദേശ്യത്തോടെയോ ദുരുദ്ദേശ്യത്തോടെയോ ഇസ്‌ലാമില്‍ പുതിയ ആരാധനാ സമ്പ്രദായങ്ങളും ധ്യാനമുറകളും മറ്റും നിര്‍മ്മിക്കാന്‍ ആര്‍ക്കും അനുവാദമില്ല എന്നത് അടിസ്ഥാന തത്വമാണ്. ആ തത്വത്തിന് കടകവിരുദ്ധമാണ് സൂഫി ത്വരീഖത്തുകള്‍.

പൂര്‍വ്വ മുസ്‌ലിംകളില്‍ (സലഫ്) ആരും പുണ്യലബ്ധിക്കും പരലോകമോക്ഷത്തിനും വേണ്ടി അല്ലാഹുവില്‍നിന്ന് മുഹമ്മദ് നബി(സ) കൊണ്ടുവന്ന അല്ലാഹുവിന്റെ നേരായ മാര്‍ഗമല്ലാതെ മറ്റ് യാതൊരു മാര്‍ഗവും കൊണ്ടുവന്നയാള്‍ എത്ര വലിയ ശൈഖോ വലിയ്യോ ആയിരുന്നാലും സ്വീകരിച്ചിരുന്നില്ല. അല്ലാഹുവിന്റെ ഈ മാര്‍ഗമാണ് നേരായ മാര്‍ഗം. (അസ്സ്വിറാത്വുല്‍ മുസ്തഖീം) ആ മാര്‍ഗത്തില്‍ ചേര്‍ക്കുവാന്‍ ദിനേന മുസ്‌ലിംകള്‍ അല്ലാഹുവോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. ഇസ്‌ലാം പഠിപ്പിച്ച ദിക്‌റുകള്‍ക്ക് തന്നെ നബി(സ)യുടെ നിര്‍ദ്ദേശമില്ലാത്ത രൂപവും ഭാവവും എണ്ണവും നിശ്ചയിക്കുന്നത് പോലും സ്വഹാബികളും താബിഉകളും അനാചാരമായിട്ടാണ് കണക്കാക്കിയിരുന്നത്. നബിയുടെ ചര്യയില്‍പെടാത്ത ഒരു പുണ്യകര്‍മ്മവും സ്വഹാബികള്‍ അംഗീകരിക്കുന്നില്ല. അങ്ങനെ വല്ലതും കണ്ടാല്‍ ശക്തിയുക്തം എതിര്‍ക്കുന്ന പതിവ് സ്വഹാബികള്‍ക്കുണ്ടായിരുന്നു. 

ഒരിക്കല്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)നോട് ഒരാള്‍ വന്നു പറഞ്ഞു. മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം ഒരു പറ്റം ആളുകള്‍ പള്ളിയില്‍ വന്നിരുന്ന് ഒരു പ്രത്യേക സമ്പ്രദായത്തില്‍ ദിക്ര്‍ ചൊല്ലാന്‍ തുടങ്ങിയിട്ടുണ്ട്. ഒരാള്‍ 'അല്ലാഹു അക്ബര്‍' എന്ന് നിശ്ചിത എണ്ണം ചൊല്ലാന്‍ വിളിച്ചു പറയും. തുടര്‍ന്ന് എല്ലാവരും കൂടി ആ എണ്ണം ചൊല്ലും. 'അല്‍ഹംദുലില്ലാഹ്' ഇത്ര പ്രാവശ്യം ചൊല്ലുക എന്ന് വിളിച്ചു പറയും. ഇത് കേട്ടപ്പോള്‍ അബ്ദുല്ലാഹ്ബ്‌നു മസ്ഊദ്(റ) പറഞ്ഞു. ഇനി അവര്‍ വന്നങ്ങനെ ചെയ്യുന്നതു കണ്ടാല്‍ എന്നെ അറിയിക്കുക. മറ്റൊരിക്കല്‍ ആ സംഘം പള്ളില്‍ വന്ന് വട്ടം കൂടിയപ്പോള്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)വിനെ അയാള്‍ വിവരം അറിയിച്ചു. ഉടനെ അദ്ദേഹം പള്ളിയില്‍ വന്നു. ഞാന്‍ അബ്ദുല്ലാഹ്ബ്‌നുമസ്ഊദാണെന്ന് ഗൗരവത്തില്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു. 'താനല്ലാതെ വേറെ ദൈവമില്ലാത്ത അല്ലാഹുവാണ് സത്യം. നിങ്ങള്‍ അക്രമമായി അനിസ്‌ലാമികമായി ഒരു ആചാരം ബിദ്അത്ത് നിര്‍മ്മിച്ചുണ്ടാക്കിയിരിക്കുകയാണ്. നബി(സ)യുടെ സ്വഹാബികളേക്കാള്‍ മതപരമായ വിജ്ഞാനങ്ങളില്‍ നിങ്ങള്‍ ശ്രേഷ്ഠന്മാരാകാന്‍ ആഗ്രഹിക്കുകയാണോ? അപ്പോള്‍ അംറുബ്‌നുഅന്‍ബസ്, അസ്തഗ്ഫിറുല്ലാഹ് (ഞാന്‍ അല്ലാഹുവിനോട് പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുന്നു) എന്ന് പറഞ്ഞു. അപ്പോള്‍ അബ്ദുല്ലാഹിബ്‌നുമസ്ഊദ് പറഞ്ഞു. നിങ്ങള്‍ നബി(സ)യുടെയും സ്വഹാബത്തിന്റേയും മാര്‍ഗം സ്വീകരിക്കുക. വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞാല്‍ നിശ്ചയമായും വിദൂരമായ വഴിപിഴവില്‍ നിങ്ങള്‍ ചെന്നുചാടും (തല്‍ബിസു ഇബ്‌ലീസ് പേജ്: 25).

നബി(സ) പഠിപ്പിച്ചുതന്നിട്ടുള്ള ദിക്‌റുകള്‍ തന്നെ പുതിയ രൂപത്തിലും ഭാവത്തിലും എണ്ണം തിട്ടപ്പെടുത്തി ചൊല്ലുന്നതിനെ നബി(സ)യുടെ സ്വഹാബാക്കള്‍ ഏറെ ഗൗരവത്തോടെ എതിര്‍ത്തിരുന്നുവെന്ന് ഈ സംഭവം വ്യക്തമാക്കിത്തരുന്നുണ്ട്. റസൂല്‍(സ) പഠിപ്പിക്കാത്ത കാര്യങ്ങള്‍ പുണ്യലബ്ധി ആഗ്രഹിച്ച് കൊണ്ട് മതത്തിന്റെ ചട്ടക്കൂടിനെ തന്നെ പൊളിച്ചെഴുതുന്ന രൂപത്തില്‍ പുതുതായി കൊണ്ടുവരുന്നത് തീര്‍ത്തും അനിസ്‌ലാമികമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ആകയാല്‍ അല്ലാഹുവിന്റെ നേരായ മാര്‍ഗം (അസ്സ്വിറാത്വുല്‍ മുസ്തകീം) അല്ലാത്ത ഒരു ത്വരീഖത്തും മുസ്‌ലിമിന് സ്വീകാര്യമല്ല. 
 

Feedback