Skip to main content

കാഫിര്‍

സമൂഹം തെറ്റായി മനസ്സിലാക്കിയ ഇസ്‌ലാമിലെ സാങ്കേതിക വാക്കുകളിലൊന്നാകുന്നു കാഫിര്‍. സത്യം ബോധ്യമായിട്ടും അത് നിഷേധിക്കുന്നവരെ കുറിക്കുവാനാണ് കാഫിര്‍ എന്ന പദം സാങ്കേതികമായി ഖുര്‍ആന്‍നില്‍ ഉപയോഗിച്ചിട്ടുള്ളത്. 'അവര്‍ക്ക് സുപരിചിതമായ ആ സന്ദേശം വന്നെത്തിയപ്പോള്‍ അവരത് നിഷേധിക്കുകയാണ് ചെയ്തത്. അതിനാല്‍ ആ  നിഷേധികൾക്ക് (കാഫിറുകള്‍) അല്ലാഹുവിന്‍റെ ശാപം' (വി.ഖു 2:89). കാഫിര്‍ എന്ന വാക്കിന്‍റെ സാങ്കേതികാര്‍ഥം ഇതുപോലുള്ള വചനങ്ങളില്‍ നിന്ന് വ്യക്തമാകുന്നു.
 
കഫറ എന്ന ക്രിയയില്‍ നിന്നാണ് കാഫിര്‍ എന്ന നാമപദം നിഷ്പന്നമായത്. മറച്ചുവെക്കുക, മൂടി വെക്കുക എന്നൊക്കെയാണ് കഫറയുടെ അര്‍ഥം. വിത്ത് മണ്ണില്‍ മൂടിവെക്കുന്ന ആള്‍ എന്ന അര്‍ഥത്തില്‍ കര്‍ഷകന് അറബി ഭാഷയില്‍ കാഫിര്‍ എന്ന്  പ്രയോഗിക്കാറുണ്ട്. ഖുര്‍ആനിലും ഈ പ്രയോഗം വന്നിട്ടുണ്ട് (57:20). അനിഷേധ്യ സത്യങ്ങളെ നിഷേധിക്കുകയും മറച്ചുവെക്കുകയും ചെയ്യുന്നവര്‍ക്കാണ് കാഫിറെന്ന സാങ്കേതിക വാക്ക് ഖുര്‍ആനിലും ഹദീസിലും പ്രയോഗിച്ചിരിക്കുന്നത്. ദൈവത്തിന്‍റെ അസ്തിത്വം തുടങ്ങിയ കാര്യങ്ങളെല്ലാം ഒരാള്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത സത്യമാകുന്നു . എന്നിട്ടും അവയെ നിഷേധിക്കാന്‍ ഒരുമ്പെടുന്നതുകൊണ്ടാണ് സത്യനിഷേധി എന്ന അര്‍ഥത്തില്‍ കാഫിര്‍ എന്ന വാക്ക് ഇസ്‌ലാം ഉപയോഗിച്ചിരിക്കുന്നത്.

കാഫിര്‍ ജാതിപ്പേരല്ല 

ചിലര്‍ കരുതുന്നതുപോലെ കാഫിര്‍ എന്ന പദം അമുസ്‌ലിങ്ങളെ അഭിസംബോധന ചെയ്യാനുള്ള ഒരു ജാതിപ്പേരല്ല.  59 സ്ഥലങ്ങളില്‍ ഖുര്‍ആനില്‍ കഫറയും അനുബന്ധ പദങ്ങളും പ്രയേിഗിച്ചിട്ടുണ്ട്. 136 പ്രാവശ്യം കാഫിര്‍ എന്ന വാക്ക് നേരിട്ട് തന്നെ ഉപയോഗിച്ചിട്ടുമുണ്ട്. എന്നാല്‍ അതൊന്നും ഇതര മതസ്ഥരെ കുറിക്കുവാനുള്ളതല്ല. മറിച്ച് സത്യത്തെ ബോധപൂര്‍വം നിഷേധിച്ചവരെ സൂചിപ്പിക്കുവാനുള്ളതാകുന്നു. കാഫിര്‍ എന്ന വാക്കിന് സത്യനിഷേധി എന്ന അര്‍ഥമാകുന്നു കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്.

അഞ്ച് അര്‍ത്ഥതലങ്ങളില്‍ ഖുര്‍ആനില്‍ കാഫിര്‍ എന്ന പദം ഉപയോഗിച്ചതായി പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. ദൈവത്തിന്‍റെ ഏകത്വത്തെ നിഷേധിക്കല്‍ (3:80), അനുഗ്രഹങ്ങളെ നിഷേധിക്കല്‍ (2:182), അല്ലാഹുവല്ലാത്ത ആരാധ്യരും ആരാധകരും പരസ്പരം ഒഴിഞ്ഞുമാറല്‍ (29:25), സത്യനിഷേധം (2:89), മറച്ചുവെക്കല്‍ (57:20) എന്നിവയാണവ.

അമുസ്‌ലിങ്ങളെ  എന്തു വിളിക്കണം

വിശുദ്ധ ഖുര്‍ആനില്‍ പൊതുവെ അവിശ്വാസികളെ അഭിസംബോധന ചെയ്യാന്‍ കാഫിര്‍ എന്ന പദം ഉപയോഗിക്കാറില്ല. യാ അയ്യുഹന്നാസ് (ജനങ്ങളേ ), യാ ഇബാദീ (എന്‍റെ ദാസന്മാരേ ), യാ അഹ്ലല്‍ കിത്താബ് (വേദക്കാരേ) തുടങ്ങിയ അഭിസംബോധനകളാണ്  സ്വീകരിച്ചിട്ടുള്ളത്. രണ്ടിടങ്ങളില്‍ മാത്രമാണ് കാഫിറുകളേ എന്ന് വിളിക്കുന്നത്. ഒന്ന്: പ്രവാചകന്‍റെ മക്കയിലെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഖുറൈശികളടക്കം ആകൃഷ്ടരാകുന്നതില്‍ വിറളി പൂണ്ട സത്യനിഷേധികള്‍ ഒരിക്കല്‍ അദ്ദേഹവുമായി വിലപേശലിനു മുതിര്‍ന്നു. 'മുഹമ്മദേ നാട്ടില്‍ കുഴപ്പമില്ലാതിരിക്കാന്‍ നമുക്ക് രണ്ടുകൂട്ടര്‍ക്കും നമ്മുടെ ദൈവങ്ങളെ മാറിമാറി ആരാധിക്കാം എന്നതായിരുന്നു അതിലെ ഉള്ളടക്കം. ഇത് ഇസ്‌ലാമിന്‍റെ ഏകദൈവാരാധനയെന്ന  അടിത്തറ പിളര്‍ത്താനുള്ള അനുരഞ്ജന ശ്രമമാണെന്നതിനാല്‍ ആദര്‍ശത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് പ്രഖ്യാപിക്കാന്‍ വേണ്ടി കാഫിറുകളേ (സത്യനിഷേധികളേ) എന്ന് വിളിച്ചുകൊണ്ട് അവര്‍ക്ക് മറുപടി നല്‍കുകയായിരുന്നു (109: 1-6).
 
രണ്ട് : പരലോക ജീവിതത്തില്‍ സത്യനിഷേധികള്‍ക്ക് ലഭിച്ചിരിക്കുന്ന കടുത്ത ശിക്ഷ അവരുടെ പ്രവര്‍ത്തനഫലം മാത്രണെന്നും അന്ന് അതിനെക്കുറിച്ച് വിലപിച്ചിട്ട് കാര്യമില്ലെന്ന് ഉണര്‍ത്തുകയും ചെയ്യുമ്പോഴാണ് കാഫിറേ എന്ന് വിളിച്ചിരിക്കുന്നത് (66:07). യഥാര്‍ഥത്തില്‍ മുഹമ്മദ് നബിക്കു മുമ്പ് വേദഗ്രന്ഥങ്ങള്‍ (തൗറാത്ത്, ഇന്‍ജീല്‍) പിന്‍പറ്റിയ ജൂതന്മാരും ക്രിസ്ത്യാനികളും വേദങ്ങളുടെ അവസാന പതിപ്പായ ഖുര്‍ആനിനെ നിഷേധിക്കുകയായിരുന്നു. അവരെ കാഫിറുകളേ എന്ന് വിളിച്ചാല്‍ അതൊട്ടും അപലപനീയമായ കാര്യമല്ല. എന്നിട്ടും അവരിലെ വേദങ്ങളിലുള്ള വിശ്വാസം കണക്കിലെടുത്ത് 'വേദക്കാരേ' എന്ന് അഭിസംബോധന ചെയ്യുകയാണ് അല്ലാഹു ചെയ്തത്. ഈ നിലപാട് തന്നെയായിരിക്കണം പ്രബോധിത സമൂഹത്തെ  അഭിസംബോധന ചെയ്യുമ്പോള്‍ യഥാര്‍ഥ മുസ്‌ലിം സ്വീകരിക്കേണ്ടത്.

കാഫിറുമായുള്ള സഹവാസം 

സത്യനിഷേധികളെ കാഫിര്‍ എന്ന മുദ്രകുത്തി ശത്രുപക്ഷത്തു നിര്‍ത്താന്‍ ഇസ്ലാം ഒരിക്കലും അനുവദിക്കുന്നില്ല. എന്നു മാത്രമല്ല നിത്യ ജീവിതത്തില്‍ സ്നേഹവും സൗഹൃദവും പരസ്പരം പങ്കുവെച്ചു കൊണ്ടുള്ള സഹവാസം നിലനിര്‍ത്താന്‍ വിശ്വാസി, ബോധപൂര്‍വ്വം ഇടപെടണമെന്നും മതത്തിന് നിര്‍ബന്ധമുണ്ട്. അല്ലാഹു പറയുന്നു: 'മതത്തിന്‍റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവര്‍ക്ക് നന്മ ചെയ്യുന്നതിനെയും നിങ്ങള്‍ അവരോട് നീതി കാണിക്കുന്നതിനെയും അല്ലാഹു വിലക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതിപുലര്‍ത്തുന്നവരെ ഇഷ്ടപ്പെടുന്നു. മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും ചെയ്തവരെ സംബന്ധിച്ച് മാത്രമാണ് അവരോട് മൈത്രി കാണിക്കുന്നത് അല്ലാഹു വിലക്കുന്നത്. അത്തരക്കാരോട് വല്ലവരും മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍'(60: 8,9).
   
മുസ്‌ലിങ്ങളെ ശത്രുപക്ഷത്തുനിര്‍ത്തുന്ന സത്യനിഷേധികളെ മാത്രമേ ശത്രു പട്ടികയിലുള്‍പ്പെുത്താന്‍ പാടുള്ളൂവെന്ന് ഈ വചനത്തില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയും. ഇവരാകട്ടെ സത്യനിഷേധികള്‍ക്കിടയില്‍ വളരെ വിരളമായിരിക്കുകയും ചെയ്യും. ഈ ചെറുന്യൂനപക്ഷം വിഷം ചീറ്റുന്നതുകൊണ്ട് അവര്‍ക്കിടയിലെ മഹാഭൂരിപക്ഷത്തെ ശത്രുക്കളായി ഗണിക്കരുതെന്ന് സ്വജീവിതത്തിലൂടെ മഹാനായ പ്രവാചകന്‍(സ്വ) പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിങ്ങളെ ശത്രുപക്ഷത്തു നിര്‍ത്തി നിരന്തരം സാമൂഹികമായും ശാരീരികമായും പീഡിപ്പിച്ചു കൊണ്ടിരുന്ന മക്കയിലെ സത്യനിഷേധികളുടെ കൊടുംക്രൂരതയില്‍ നിന്ന് മോചനം തേടിക്കൊണ്ട് പ്രവാചകന്‍ മക്കയുപേക്ഷിച്ച് മദീനയിലേക്ക് പലായനം ചെയ്തു. പലായനത്തിന് മദീനയിലേക്കുള്ള വഴികാട്ടിയായി പ്രവാചകന്‍(സ്വ) സ്വീകരിച്ചത് അവിശ്വാസിയായ മനുഷ്യനെയായിരുന്നു. കാരണം അദ്ദേഹം മുസ്‌ലിങ്ങളോട് ശത്രുതാപരമായി പെരുമാറുന്ന ആളായിരുന്നില്ല. ഇതുപോലെ ഒട്ടേറെ സംഭവങ്ങള്‍ പ്രവാചകന്‍റെയും അനുചരന്‍മാരുടെയും ജീവിതത്തില്‍ നമുക്ക് കാണാന്‍ കഴിയും. ഈ മാതൃക തന്നെയാണ് സത്യനിഷേധികളോടുള്ള സഹവാസത്തില്‍ മുസ്‌ലിങ്ങളും സ്വീകരിക്കേണ്ടത്.

കണ്ടിടത്തുവെച്ച് കൊല്ലുക

ഇസ്‌ലാം വിമര്‍ശകര്‍ ഖുര്‍ആനിനെതിരെ ഉന്നയിക്കുന്ന ഒരു ദുരാരോപണമുണ്ട് . കാഫിറുകളെ കണ്ടിടത്തു വച്ച് കൊല്ലാന്‍ ഖുര്‍ആനില്‍ ആഹ്വാനമുണ്ടെന്നാണ് അവരുടെ ആരോപണം. 2:191 എന്ന വചനമാണ് അതിനവര്‍ തെളിവായി ഉദ്ധരിക്കാറുള്ളത്. എന്നാല്‍ സത്യത്തെ നിഷേധിച്ചു എന്ന കാരണത്താല്‍ ഒരാളെയും കൊന്നുകളയാന്‍ ഖുര്‍ആനില്‍ ആഹ്വാനമില്ല. ഇസ്‌ലാം സ്വീകരിക്കണമോ വേണ്ടയോ എന്നുള്ളത് വ്യക്തി സ്വാതന്ത്ര്യമായിട്ടാണ് അല്ലാഹു കാണുന്നത്. മതം സ്വീകരിക്കുന്ന കാര്യത്തില്‍ ഒരാളെയും ഒരുതരത്തിലുമുള്ള നിര്‍ബന്ധത്തിനും വിധേയമാക്കരുത് എന്നാണ് ഖുര്‍ആനികാധ്യാപനം. ' മതത്തില്‍ നിര്‍ബന്ധം ചെലുത്തലേ ഇല്ല. ദുര്‍മാര്‍ഗത്തില്‍ നിന്ന് നേര്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ആരെങ്കിലും  ദുര്‍മൂര്‍ത്തികളില്‍ അവിശ്വസിക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ, അവന്‍ ബലമുള്ള പിടിവള്ളിയില്‍ മുറുകെ പിടിച്ചുകഴിഞ്ഞു. അത് കെട്ടറ്റുപോവുകയില്ല. അല്ലാഹു  എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു' (2:256). തള്ളാനും കൊള്ളാനും പൂര്‍ണ സ്വാതന്ത്ര്യമുള്ള ഒരു കാര്യത്തില്‍ അത് സ്വീകരിച്ചില്ല എന്നതിന്‍റെ പേരില്‍ ഒരാളെ വധിക്കാന്‍ ആഹ്വാനം ചെയ്യുന്നു എന്നു പറയുന്നത് യുക്തിരഹിതമായ ആരോപണം മാത്രം.

കൊലപാതകാഹ്വാനമാണെന്ന് ആരോപിക്കപ്പെട്ട ഖുര്‍ആന്‍ വചനത്തിന്‍റെ (2:191) തൊട്ടുമുകളിലുള്ള വചനങ്ങള്‍ വായിച്ചാല്‍ ആശയം വ്യക്തമാവും. 'നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്.  പരിധിവിട്ടു പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ' (2:190). ഇതിനു ശേഷമാണ് അത്തരക്കാരെ കണ്ടുമുട്ടുന്നിടത്ത് വച്ച് കൊന്നുകളയുക എന്ന് നിര്‍ദേശിക്കുന്നത്. ഇങ്ങോട്ട് യുദ്ധം ചെയ്യുന്നവരെപ്പോലും വധിക്കുന്നത് പാപമാണെന്ന് ധരിച്ച മുസ്‌ലിങ്ങളോട്, അത് പാപമല്ല എന്ന് ഉണര്‍ത്തുകയാണ് ഈ വചനം. ഖുര്‍ആന്‍ വചനത്തിലെ 'നിങ്ങള്‍ അതിരുകവിയരുത്' എന്ന പരാമര്‍ശത്തെ പ്രവാചകന്‍റെ സമകാലികരായ അനുയായികള്‍ എങ്ങനെയാണ് മനസ്സിലാക്കിയത് എന്നുകൂടി അന്വേഷിക്കുന്നവര്‍ക്ക് കണ്ടിടടുത്തുവെച്ച്  കൊല്ലാന്‍ പറഞ്ഞത് ആരെക്കുറിച്ചാണെന്ന് ബോധ്യപ്പെടുക തന്നെ ചെയ്യും . ഇബ്നു അബ്ബാസ്(റ)പറയുന്നു: സ്ത്രീകളെയും കുട്ടികളെയും വയോവൃദ്ധരെയും നിങ്ങളോട് സമാധാനപൂര്‍വം പെരുമാറുന്നവരെയും നിങ്ങള്‍ കൊല്ലരുത്. അങ്ങനെ നിങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ അതിക്രമം കാണിച്ചു (ത്വബ്‌രി ).

ചുരുക്കത്തില്‍ സമൂഹം (മുസ്‌ലിങ്ങൾ  പോലും) തെറ്റായി മനസ്സിലാക്കിയ  ഇസ്‌ലാമിക  സാങ്കേതിക ശബ്ദങ്ങളില്‍ ഒന്നാണ് കാഫിര്‍.

Feedback