തവസ്സുല്‍ എന്ന പദം കൊണ്ട് ഭാഷയില്‍ ഉദ്ദേശിക്കപ്പെടുന്ന ആശയം ഒരു ലക്ഷ്യത്തിലെത്തിച്ചേരാന്‍ മാര്‍ഗമവലംബിക്കുക എന്നതാണ്. മനുഷ്യന്‍ തന്റെ ഉപജീവനത്തിനുള്ള മാര്‍ഗമായി സ്വീകരിക്കുന്ന കച്ചവടവും കൃഷിയുമൊക്കെ ആ അര്‍ത്ഥത്തില്‍ തവസ്സുല്‍ ആണ്. പ്രപഞ്ചനാഥനായ അല്ലാഹുവോട് നേരിട്ട് പ്രാര്‍ത്ഥിക്കാന്‍ തങ്ങള്‍ക്ക് അര്‍ഹതയില്ലെന്നും അങ്ങനെയുള്ള പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കുകയില്ലെന്നുമുള്ള വിശ്വാസത്താല്‍ അല്ലാഹുവിലേക്ക് തങ്ങളെ അടുപ്പിക്കാന്‍ പുണ്യാത്മാക്കളെ മധ്യവര്‍ത്തികള്‍(ഇടയാളന്മാര്‍) ആക്കിക്കൊണ്ട് പ്രാര്‍ത്ഥിക്കണമെന്ന് പലരും വിശ്വസിച്ചു പോന്നു. ഇതിനാണ് തവസ്സുല്‍ എന്ന പേര് മതസംജ്ഞയായി ഉപയോഗിക്കുന്നത്. അല്ലാഹുവോട് അടുക്കാന്‍ വേണ്ടി ഈ രൂപത്തിലുള്ള വസ്വീല(ഉപാധി, മാര്‍ഗം)തേടുന്നത് വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ക്ക് കടകവിരുദ്ധമാണ്. സമീപസ്ഥനായ അല്ലാഹുവോട് നേരിട്ട് പ്രാര്‍ത്ഥിക്കാമെന്നും അതുകൊണ്ട് അല്ലാഹുവിനും അവന്റെ അടിമക്കും ഇടയില്‍ ഒരു ഇടയാളന്റെ ഇടമില്ലെന്നും വിശുദ്ധ ഖുര്‍ആനിലെ അനേകം വചനങ്ങളില്‍ നിന്ന് ഗ്രഹിക്കാന്‍ കഴിയുന്നു.
അല്ലാഹു പറയുന്നു: ''നിന്നോട് എന്റെ ദാസന്മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നോട് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കുന്നതാണ്'' (2:186).
തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുന്നത് നാം അിറയുകയും ചെയ്യുന്നു. നാം(അവന്റെ) കണ്ഠനാഡിയേക്കാള്‍ അവനോട് അടുത്തവനാകുന്നു(50:16).
അല്ലാഹുവിലേക്ക് അടുക്കാന്‍ ഇടയാളന്മാരെ സ്വീകരിക്കുക എന്ന അര്‍ത്ഥത്തില്‍ 'തവസ്സുല്‍' എന്ന പദത്തെ ദുരുദ്ദേശ്യപൂര്‍വം ചിലര്‍ പ്രയോഗിക്കാറുണ്ട്. മരിച്ചുപോയ മഹാന്മാരേയും മറ്റും മധ്യവര്‍ത്തികളാക്കിക്കൊണ്ട് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാന്‍ തെളിവായി ഖുര്‍ആനില്‍ വന്ന 'വസ്വീല' എന്ന പദമുള്ള ആയത്തിനെ പലപ്പോഴും ദുര്‍വ്യാഖ്യാനം ചെയ്യാറുണ്ട്. എന്നാല്‍ പ്രാമാണികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ആരും തന്നെ ഈ വ്യാഖ്യാനം നല്‍കിയിട്ടില്ല.