അല്ലാഹുവിങ്കലേക്ക് മധ്യവര്‍ത്തികള്‍ മുഖേന ഇടതേട്ടം(തവസ്സുല്‍) നടത്താമെന്ന് പറയുന്നവര്‍ ചില ഹദീസുകളും തെളിവായി ഉദ്ധരിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ ഹദീസുകളും ഇടയാളന്മാരെ നിശ്ചയിച്ച് അല്ലാഹുവിലേക്ക് ഇടതേട്ടം നടത്താന്‍ പാടില്ല എന്നതിന് കൃത്യമായ തെളിവ് നല്‍കുന്നവയാണ്. അനസ്(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു ഹദീസ് ബുഖാരി ഉദ്ധരിക്കുന്നു. ജനങ്ങള്‍ക്കു വരള്‍ച്ച ബാധിക്കുമ്പോള്‍ ഉമര്‍(റ) അബ്ബാസ്ബ്‌നു അബ്ദുല്‍ മുത്തലിബിനെ കൊണ്ട് മഴക്ക് വേണ്ടി പ്രാര്‍ത്ഥിപ്പിച്ചിരുന്നു. ഉമര്‍(റ) പറയും: ''അല്ലാഹുവേ, ഞങ്ങളുടെ പ്രവാചകനെകൊണ്ട് പ്രാര്‍ത്ഥന നടത്തി നിന്നിലേക്ക് സാമീപ്യം തേടുകയും അപ്പോള്‍ നീ ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിച്ച് തരികയും ചെയ്തിരുന്നു. ഇപ്പോള്‍ ഞങ്ങളിതാ പ്രവാചകന്റെ പിതൃവ്യനെക്കൊണ്ട് (പ്രാര്‍ത്ഥന നടത്തിച്ചു) നിന്നെ സമീപിക്കുന്നു. അതുകൊണ്ട് നീ ഞങ്ങള്‍ക്കു മഴ വര്‍ഷിപ്പിച്ച് തരേണമേ. അപ്പോള്‍ അവര്‍ക്ക് മഴ വര്‍ഷിപ്പിക്കപ്പെടുകയും ചെയ്യും.''
ഉപരിസൂചിത ഹദീസില്‍ ഉപയോഗിച്ച പദം 'നതവസ്സലു' എന്നാണ്. പ്രാര്‍ഥന ഒന്നിച്ച് നടത്തുമ്പോള്‍ കൂട്ടത്തില്‍ യോഗ്യനായ ആളെ നേതൃത്വം ഏല്‍പ്പിക്കുക എന്നത് മാത്രമാണ് ഇവിടെ വിഷയം. നബി(സ)യുടെ വിയോഗാനന്തരം പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിയിരുന്നത് അബ്ബാസ്(റ) ആയിരുന്നു. മഹാന്മാരെക്കൊണ്ട് പ്രാര്‍ത്ഥന നടത്തിക്കുക, തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറ്റൊരാളോട് ആവശ്യപ്പെടുക തുടങ്ങിയ കാര്യങ്ങള്‍ അല്ലാഹുവിങ്കലേക്ക് മധ്യവര്‍ത്തികളെ സ്വീകരിക്കുന്നതിന് തെളിവുകളല്ല.
മുഹമ്മദ് നബിയുടെ വിയോഗാനന്തരം ആയിരക്കണക്കിന് സ്വഹാബിമാര്‍ വധിക്കപ്പെടാന്‍ കാരണമായ യുദ്ധങ്ങള്‍ പോലും നടക്കുകയുണ്ടായി. ഈ സന്ദര്‍ഭത്തില്‍ ഒരു സ്വഹാബിയെങ്കിലും നബി (സ)യുടെ ഹഖ്, ജാഹ്, ബര്‍ക്കത്ത് എന്നിവകൊണ്ട് പ്രാര്‍ത്ഥിച്ചതോ അല്ലെങ്കില്‍ അവിടത്തെ ഖബറിന്റെ അടുക്കല്‍ ചെന്ന് നബി(സ)യെ ഇടയാളനാക്കി പ്രാര്‍ത്ഥിച്ചതോ ആയ ഒരു സംഭവം പോലും സ്ഥിരപ്പെട്ട നിലക്ക് ഉദ്ധരിക്കപ്പെട്ടിട്ടില്ല.
മുഹമ്മദ് നബിക്കും മറ്റു പ്രവാചകന്മാര്‍ക്കും ഉന്നത പദവി അല്ലാഹു നല്‍കിയിട്ടുണ്ട്. അതിന്റെ പേരില്‍ വിശ്വാസികള്‍ക്ക് പ്രവാചകന്മാരോട് ഇടതേടാനുള്ള അനുവാദമില്ല. സത്യവിശ്വാസികളെ സഹായിക്കല്‍ അല്ലാഹു തന്റെ ബാധ്യതയായി വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു. ആ സഹായം ലഭിക്കാനായി അല്ലാഹുവോട് ചോദിക്കാനുള്ള (പ്രാര്‍ത്ഥിക്കാനുള്ള) അവകാശം മനുഷ്യര്‍ക്കുണ്ട്. ഈ പ്രാര്‍ത്ഥനക്ക് മനുഷ്യന്റെയും ദൈവത്തിന്റെയും ഇടയില്‍ മധ്യവര്‍ത്തികള്‍ വേണമെന്ന് വിശുദ്ധ ഖുര്‍ആനോ നബിചര്യയോ പഠിപ്പിക്കുന്നില്ല.