നബി(സ്വ)യുടെയും അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരുടെയും ഭരണ സിരാകേന്ദ്രമാ യിരുന്ന മദീന നിരവധി ചരിത്രങ്ങളുടെ ഗര്‍ഭ ഭൂമിയാണ്. മുസ്‌ലിം ലോകത്തിന്റെ പുണ്യഭൂമിയും.
പുണ്യം പ്രതീക്ഷിച്ച് യാത്ര പോകാമെന്ന് നബി(സ്വ)പറഞ്ഞ ലോകത്തെ മൂന്നു പള്ളികളില്‍ രണ്ടാമത്തേതായ മസ്ജിദുന്നബവി, നബി(സ്വ)യുടെ പള്ളി, തന്നെയാണ് ഈ നഗരത്തിന്റെ ഏറ്റവും വലിയ പ്രൗഢി. പത്തുലക്ഷം പേര്‍ക്കു ഒന്നിച്ച് നമസ്‌കരിക്കാന്‍ സൗകര്യമുള്ള ഈ പള്ളി ക്രി.വ 622ല്‍ നബി(സ്വ)യും സ്വഹാബിമാരും ചേര്‍ന്ന് നിര്‍മിച്ചതാണ്.
നബി(സ്വ) ആദ്യമായി പണിത മസ്ജിദ് ഖുബാ, രണ്ടു ഖിബ്‌ലകളുടെ പള്ളി എന്ന പേരിലറിയപ്പെടുന്ന മസ്ജിദുല്‍ഖിബ്‌ലതൈന്‍, പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിച്ചിരുന്ന മുസ്വല്ലയില്‍ നിര്‍മിക്കപ്പെട്ട മസ്ജിദുല്‍ ഗമാമ, നാലു ഖലീഫമാരുടെ പേരിലുള്ള പള്ളികള്‍, നബി(സ്വ) ആദ്യമായി ജുമുഅ നിര്‍വഹിച്ച വാദിസലാമില്‍ നിര്‍മിക്കപ്പെട്ട മസ്ജിദ് ജുമുഅ തുടങ്ങി നിരവധി പള്ളികള്‍ മദീനയെ പള്ളികളുടെ നഗരമാക്കുന്നു. ബദ്ര്‍, ഉഹ്ദ് മല, ഖന്‍ദഖ്, ജൂതന്‍മാരും മുസ്‌ലിംകളും പണിത 130 ലധികം കോട്ടകള്‍, ആയിരക്കണക്കിന് സ്വഹാബിമാരും നബി(സ്വ)യുടെ ഭാര്യാസന്താനങ്ങളും അന്ത്യനിദ്രകൊള്ളുന്ന ബഖീഅ്, നബി(സ്വ)യും സന്തത സഹചാരികളായ അബൂബക്‌റും ഉമറും(റ) അന്ത്യവിശ്രമം കൊള്ളുന്ന മസ്ജിദുന്നബവിക്കരികിലെ മഖ്ബറ - ഓര്‍മകളെ നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് കൊണ്ടുപോകുന്ന സ്മാരകങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു ഈ പുണ്യനഗരിയില്‍.
ദിവ്യവചനങ്ങളുടെ മുദ്രണകേന്ദ്രമായ ഖുര്‍ആന്‍ അച്ചടിശാലയും ലോകത്തിന് മതവിജ്ഞാനം കൊണ്ട് വെളിച്ചം പകരുന്ന മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയും ലോകത്തിന്റെ മധുരവും റസൂലിന്റെ ഇഷ്ടഭക്ഷണവുമായിരുന്ന അജ്‌വ ഈത്തപ്പഴവും ഈ ശാദ്വല താഴ്‌വരയുടെ അനുഗ്രഹങ്ങളാണ്. ലോകത്തിന്റെ സര്‍വകോണുകളില്‍ നിന്നും ആയിരങ്ങള്‍ ഓരോ ദിവസവുമെത്തുന്ന ഈ ചരിത്ര ഭൂമിയില്‍ ഇനിയുമുണ്ട് ചെറുതും വലുതുമായ സ്മാരകങ്ങള്‍ നിരവധി.